Felicitated | പൊലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം തയ്‌ച്ച് നൽകി പ്രശസ്തനായ മേൽപറമ്പിലെ ഹംസയെ അനുമോദിക്കാൻ പഞ്ചായത് പ്രസിഡന്റും അംഗങ്ങളും ഉദ്യോഗസ്ഥരുമെത്തി
ചെമനാട് പഞ്ചായതിന് തന്നെ മാതൃകയായ സ്ഥാപനമാണ് ഹംസ നടത്തിക്കൊണ്ട് പോകുന്നതെന്ന് സുഫൈജ അബൂബകർ
മേൽപറമ്പ്: (KasaragodVartha) കേരളത്തിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള പൊലീസ് ഉൾപെടെയുള്ള സേനാ വിഭാഗങ്ങൾക്ക് യൂണിഫോം തയ്‌ച്ച് നൽകി പ്രശസ്തനായ ജീൻഷാക് എന്ന തയ്യൽ സ്ഥാപനം നടത്തുന്ന മേൽപറമ്പിലെ എം എ ഹംസയെ അനുമോദിക്കാനായി പഞ്ചായത് പ്രസിഡന്റും അംഗങ്ങളും ഉദ്യോഗസ്ഥരുമെത്തി.
വെള്ളിയാഴ്ച രാവിലെയാണ് പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ, വാർഡ് മെമ്പർ അബ്ദുൽ കലാം സഹദുല്ല, കോർഡിനേറ്റർ വിജയൻ മാസ്റ്റർ, പഞ്ചായതിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർ തയ്യൽ കടയിലെത്തിയത്. ചെമനാട് പഞ്ചായതിന് തന്നെ മാതൃകയായ ടൈലറിംഗ് സ്ഥാപനമാണ് ഹംസ നടത്തിക്കൊണ്ട് പോകുന്നതെന്ന് സുഫൈജ അബൂബകർ അഭിപ്രായപ്പെട്ടു.
സേനാ വിഭാഗങ്ങൾക്ക് യൂണിഫോം തയ്‌ച്ച് നൽകുന്ന സ്ഥാപനം നാടിന് തന്നെ അഭിമാനമാണെന്നും നാടിന്റെ പ്രശസ്തിക്ക് സ്ഥാപനം മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും പ്രസിഡന്റ് വ്യക്തമാക്കി. കൂടുതൽ ഉയരങ്ങളിലേക്ക് സ്ഥാപനത്തിന് എത്താൻ കഴിയട്ടെയെന്ന് വാർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും പറഞ്ഞു.
32 വർഷമായി ഈ രംഗത്ത് വിശ്വാസ്യത മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ച് കാസർകോട് വാർത്ത റിപോർട് ചെയ്‌തിരുന്നു. പിന്നാലെ ചാനലുകളും മറ്റ് മുൻനിര മാധ്യമങ്ങളും ഹംസയുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപോർട് നൽകിയിരുന്നു. എഫ്എം റേഡിയോകളും ഇദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ച് കൊണ്ട് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സ്വന്തം നാട്ടുകാരായ പലർക്കും മേൽപറമ്പിൽ നിന്നാണ് കേരള പൊലീസിന്റെ യൂണിഫോം തയ്ച്ച് നൽകുന്നതെന്ന് അറിവുണ്ടായിരുന്നില്ല.
തൊഴിലാളികളുടെ കഠിനാധ്വാനമാണ് സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് മുതൽക്കൂട്ടായി മാറിയതെന്ന് ഹംസ അനുമോദനത്തോട് പ്രതികരിച്ച് കൊണ്ട് പറഞ്ഞു. പഞ്ചായത് നൽകിയ അനുമോദനം ഹൃദയത്തിൽ സൂക്ഷിക്കുമെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.