Court Verdict | 'രഹസ്യ വിവരങ്ങൾ ഐഎസ്ഐക്ക് ചോർത്തി', ബ്രഹ്മോസ് എയ്‌റോസ്‌പേസ് മുൻ എഞ്ചിനീയർ നിശാന്ത് അഗർവാളിന് ജീവപര്യന്തം തടവ്
മികവും അർപ്പണബോധവും കാരണം ഒരിക്കൽ ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർന്നിരുന്നു
ന്യൂഡെൽഹി: (KasaragodVartha) പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയർ നിശാന്ത് അഗർവാളിനെ നാഗ്പൂർ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2018ൽ പിടിയിലായ അഗർവാൾ, ബ്രഹ്മോസ് മിസൈലിനെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വെളിപ്പെടുത്തിയെന്നാണ് ആരോപണം.
ഇന്ത്യയുടെ ഡിആർഡിഒയുടെയും റഷ്യയുടെ മിലിട്ടറി ഇൻഡസ്ട്രിയൽ കൺസോർഷ്യത്തിൻ്റെയും (എൻപിഒ മഷിനോസ്‌ട്രോയെനിയ) സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസിൽ സീനിയർ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു നിശാന്ത്. കരയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും വെള്ളത്തിനടിയിൽ നിന്നുപോലും വിക്ഷേപിക്കാവുന്ന ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്.
ഐടി ആക്ടിലെ സെക്ഷൻ 66 (എഫ്), ഔദ്യോഗിക രഹസ്യ നിയമത്തിലെ (ഒഎസ്എ) നിരവധി വകുപ്പുകൾ, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 235 പ്രകാരവുമാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എംവി ദേശ്പാണ്ഡെ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അഗർവാളിന് ജാമ്യം അനുവദിച്ചിരുന്നു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻ്റുമാർ ഇസ്ലാമാബാദിൽ നിന്ന് പ്രവർത്തിപ്പിച്ചതായി കരുതുന്ന രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ (നേഹ ശർമ്മ, പൂജ രഞ്ജൻ) അഗർവാൾ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) റോപ്പറിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയയാളാണ് നിശാന്ത് അഗർവാൾ. ഇതിനുശേഷം ബ്രഹ്മോസ് എയ്‌റോസ്‌പേസിൽ എഞ്ചിനീയറായി ജോലി ചെയ്യാൻ തുടങ്ങി. മികവും അർപ്പണബോധവും കാരണം, ഉടൻ തന്നെ ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർന്നു. മിസൈൽ പദ്ധതികളിൽ പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാന അംഗമായിരുന്നു അഗർവാൾ.
ഡിആർഡിഒയിലെ യുവ ശാസ്ത്രജ്ഞരുടെ പുരസ്‌കാരം നേടിയ നിശാന്ത് അഗർവാൾ, ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ പങ്കാളിയായത് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. നിശാന്ത് അഗർവാളിൻ്റെ അറസ്റ്റും അദ്ദേഹത്തിനെതിരായ കുറ്റങ്ങളും ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. വളരെ തന്ത്രപധാനമായ ജോലി ചെയ്യുമ്പോഴും, ഇൻ്റർനെറ്റ് ഉപയോഗങ്ങളിലെ അഗർവാളിന്റെ അശ്രദ്ധയും ദൗർബല്യവും എതിരാളികൾ മുതലെടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.