Fine | 'മാലിന്യം വലിച്ചെറിഞ്ഞു'; പെട്രോള്‍ പമ്പിനും ഹോട്ടലിനും പിഴചുമത്തി എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ്
പെട്രോള്‍ പമ്പിന് 5000 രൂപയും ഹോട്ടലിന് 7500 രൂപയുമാണ് പിഴ ചുമത്തിയത്.
കാസർകോട്: (KasaragodaVartha) മുളിയാര്‍ പൊവ്വലില്‍ പെട്രോള്‍ പമ്പിനു സമീപം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് പമ്പ് ഉടമയില്‍ നിന്നും 5000 രൂപ തല്‍സമയ പിഴ ഈടാക്കുകയും മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് നല്‍കി പരിസരം വൃത്തിയാക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മുളിയാറിലെ ക്വാര്‍ട്ടേഴ്‌സുകള്‍, അപ്പാര്‍ട്ട്‌മെന്റ്, ഗ്രോസറി എന്നീ സ്ഥാപനങ്ങള്‍ക്ക് മാലിന്യ പരിപാലന ചട്ട പ്രകാരം പിഴകള്‍ ചുമത്തി.
ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് ഹോട്ടലുടമയില്‍ നിന്നും 7500 രൂപ തല്‍സമയപിഴ ഈടാക്കി. മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനും അപ്പാര്‍ട്ട്‌മെന്റിന് 10000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജലസ്രോതസ്സില്‍ മാലിന്യം നിക്ഷേപിച്ചതിന് അപ്പാര്‍ട്ട്‌മെന്റ് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി.
പരിശോധനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത, വി.ഇ.ഒ മഹേഷ്‌കുമാര്‍, പ്രിയങ്ക സ്‌ക്വാഡ് അംഗം ഇ.കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.