Fund Collection | അബ്ദുൽ റഹീമിനായി കൈകോർത്ത് മനുഷ്യ സ്നേഹികൾ; ജുമുഅക്ക് ശേഷം മസ്‌ജിദുകളിലും ധനസമാഹരണം
* ഫാത്വിമയുടെ സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് ഏവരും
കാസർകോട്: (KasargodVartha) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഊദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ ആവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ കൈകോർത്ത് മനുഷ്യസ്നേഹികൾ. വധശിക്ഷ നടപ്പാക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജാതി മത ഭേദമന്യേ മലയാളികൾ അടക്കമുള്ളവർ സഹായഹസ്തവുമായി സജീവമായി രംഗത്തുണ്ട്. ജനകീയ ധനസമാഹരണം നിശ്ചിത തുകയായ 34 കോടിയോട് അടുത്തതോടെ സേവ് അബ്ദുല്‍ റഹീം ആപിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇനി ആവശ്യമുണ്ടെങ്കിൽ മാത്രം പിരിവ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്
ഏപ്രിൽ 16 നുള്ളിലാണ് ഭീമമായ ഈ തുക കണ്ടത്തേണ്ടിയിരുന്നത്. ഇതിനായുള്ള പരിശ്രമത്തിലായിരുന്നു അബ്ദുർ റഹീമിന്റെ കുടുംബവും പ്രദേശവാസികളും വിവിധ സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വിവിധ മസ്‌ജിദുകളിൽ വ്യാപകമായി ധനസമാഹരണം നടത്തി. മസ്‌ജിദ് കമിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ധനസമാഹരണം.
കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് റഹീം. 2006 ൽ ഹൗസ് ഡ്രൈവർ വിസയിലാണ് ഇദ്ദേഹം സഊദിയിലെത്തിയത്. സ്‌പോൺസറുടെ വീട്ടിലെ കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസ് എന്ന കുട്ടിയെ പരിപാലിക്കുന്ന ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടന്നത്.
റഹീമിന്റെ കൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന അനസ്, ട്രാഫിക് സിഗ്‌നൽ തെറ്റിക്കാൻ ആവശ്യപ്പെട്ടപ്പോൾ റഹീം വഴങ്ങിയില്ല. ഇതിനെ തുടർന്ന് കുട്ടി റഹീമിനോട് കയർക്കുകയും മുഖത്ത് പലതവണ തുപ്പുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ റഹീമിന്റെ കൈ കുട്ടിയുടെ കഴുത്തിലെ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.
സഊദി അറേബ്യയിൽ കൊലപാതകത്തിന് കടുത്ത ശിക്ഷയാണ്. റഹീമിന്റെ കാര്യത്തിൽ അബദ്ധത്തിൽ സംഭവിച്ച മരണമാണെങ്കിലും സഊദി നിയമപ്രകാരം കുടുംബത്തിന്റെ സമ്മതം ലഭിച്ചില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കാം. ഇതിനിടെ അപീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി നൽകിയാൽ മാപ്പ് നൽകാമെന്ന് ഇരയുടെ കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് റഹീമിനെ രക്ഷിക്കാനായി നാട് ഒന്നടങ്കം കൈകോർത്തത്. സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായ പ്രചാരണങ്ങളുണ്ടായി.
34 കോടി രൂപ സമാഹരിക്കാൻ പൊതുഇടങ്ങളിൽ യാചന യാത്രയുമായി വ്യവസായി ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ രംഗത്തുണ്ട്. ചെറുതും വലുതുമായ രീതിയിൽ മനുഷ്യ സ്നേഹികളും ഒന്നിച്ചതോടെ മകൻ തിരിച്ചുവരുന്നതും കാത്തിരിക്കുന്ന റഹീമിന്റെ മാതാവ് ഫാത്വിമയുടെ സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് ഏവരും.