Obituary | അമ്മ മരിച്ചതറിഞ്ഞില്ല! മൃതദേഹത്തിനരികിൽ ഭക്ഷണവും വെള്ളവുമില്ലാതെ 4 ദിവസം കഴിച്ചുകൂട്ടിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
മംഗ്ളുറു: (KasaragodVartha) അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ ഭക്ഷണമില്ലാതെ നാല് ദിവസം കഴിച്ചുകൂട്ടിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കുന്ദാപുരം ദസനഹദി മൂടുഗോപാടിയിലെ ജയന്തി ഷെട്ടി (62) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കിടന്ന മകൾ പ്രഗതി ഷെട്ടി (32) ശനിയാഴ്ച ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ഹെങ്കല്ലി സ്വദേശികളായ കുടുംബം 15 വർഷമായി മൂടുഗോപാടിയിലാണ് താമസം. ജയന്തി ഷെട്ടിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇതോടെ അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. ജയന്തി ഷെട്ടി വളരെ കഷ്ടപ്പെട്ടാണ് പ്രഗതിയെ പരിചരിച്ച് വന്നിരുന്നത്. പ്രമേഹം ബാധിച്ചതിനെ തുടർന്ന് പ്രഗതിയുടെ ഒരുകാൽ അടുത്തിടെ മുറിച്ചുമാറ്റുകയും ചെയ്‌തിരുന്നു.
മൂന്നു ദിവസമായി ജയന്തിയുടെ വീട്ടിൽ പകലിലും ലൈറ്റ് കത്തുന്നത് അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും അമ്മയും മകളും എവിടെയോ പോയിരിക്കുകയാണെന്ന് അവർ അനുമാനിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. അയൽവാസികൾ ജയന്തിയുടെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ല.
ആശങ്കയിലായ പ്രദേശവാസികൾ ഗോപാടി ഗ്രാമപഞ്ചായത് പ്രസിഡൻ്റ് സുരേഷ് ഷെട്ടിയെ വിവരമറിയിച്ചു. സുരേഷ് ഷെട്ടിയും നാട്ടുകാരും സ്ഥലത്തെത്തി ജനലിലൂടെ നോക്കിയപ്പോൾ പ്രഗതി അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നത് കണ്ടു. തുടർന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് ജയന്തി ഷെട്ടിയെ മരിച്ച നിലയിലും കണ്ടെത്തിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ നിർജലീകരണം സംഭവിച്ച് അവശയായ യുവതിക്ക് പ്രാഥമിക ചികിത്സ നൽകി കോട്ടേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ബന്ധുക്കളെ വിവരമറിയിച്ച് ഇരുവരുടെയും സംസ്‌കാരം നടത്തി.