Identified | ചന്ദ്രഗിരിപുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് എടനീരിലെ യുവാവ്
സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതോടെ സംശയം തോന്നിയ പുഷ്പകുമാറിന്റെ സഹോദരൻ ഉമാശങ്കർ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു
കാസര്‍കോട്: (KasargodVartha) ചന്ദ്രഗിരിപുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടനീർ ബൈരമൂലയിലെ ബി പുഷ്പകുമാർ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ചളിയങ്കോട് കോട്ടരുവം കൊട്ടിയാട്ട് ആണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചന്ദ്രഗിരി പാലത്തിന് മുകളിൽ ചെരുപ്പ് അഴിച്ച് വെച്ച് ഒരാൾ പുഴയിൽ ചാടിയതായി ഇതുവഴി പോയ ബൈക് യാത്രക്കാരൻ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചിരുന്നു. പൊലീസും അഗ്നിശമന സേനയുടെ സ്കൂബാ അംഗങ്ങളും പ്രദേശവാസികളുടെ സഹായത്തോടെ രണ്ട് ദിവസമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. പരിസങ്ങളിൽ നിന്നും കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതോടെ സംശയം തോന്നിയ പുഷ്പകുമാറിന്റെ സഹോദരൻ ഉമാശങ്കർ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ ഉമാശങ്കറും സുഹൃത്തുക്കളും കാസർകോട് ജെനറൽ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച വീട്ടിൽ നിന്നും ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നും പുറപ്പെട്ട പുഷ്പകുമാർ വാഹനം എടനീരിൽ നിർത്തിയിട്ടാണ് പോയത്. ടൈൽസ് ജീവനക്കാരനായ പുഷ്പകുമാർ കർണാടകയിൽ പണിക്ക് പോയിരിക്കാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. അവിവാഹിതനായ പുഷ്പകുമാറിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിന്റെ കാരണമറിയാൻ പൊലീസും അന്വേഷണം നടത്തിവരികയാണ്. പരേതനായ വെങ്കിട്ട രമണ റാവു - കമല ദമ്പതികളുടെ മകനാണ്. മറ്റുസഹോദരങ്ങൾ: ഹരീഷ്, യമുന, പുഷ്‌പാവതി.