Found | 'കാമുകിയെ വീട്ടുതടങ്കലിലാക്കി, ഫോണ്‍ നല്‍കുന്നില്ല; കൈഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സിആര്‍പിഎഫ് ട്രെയിനി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു'; ഒടുവിൽ കണ്ടെത്തി
* യുവാവിനെ പെരിങ്ങോത്തെ സിആര്‍പിഎഫ് കാംപിലേക്ക് കൊണ്ടുപോയി
തൃക്കരിപ്പൂര്‍: (KasaragodVartha) കാമുകിയെ വീട്ടുകാര്‍ വീട്ടുതടങ്കലിലാക്കുകയും ഫോണ്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കൈഞരമ്പ് മുറിച്ച് പരിയാരത്തെ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന സിആര്‍പിഎഫ് ട്രെയിനിയായ യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് തിരച്ചിലിനൊടുവില്‍ ഉദിനൂരിലെ റെയില്‍വെ ട്രാക് പരിസരത്തെ കോഴിക്കടക്ക് സമീപം കണ്ടെത്തുകയും ചെയ്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
യുപി സ്വദേശിയും പയ്യന്നൂര്‍ പെരിങ്ങോം സിആര്‍പിഎഫ് കാംപിലെ ട്രെയിനിയുമായ രോഹിതിനെ (28) ആണ് ഉദിനൂരിലെ റെയില്‍ ട്രാകിന് സമീപത്തെ കോഴിക്കടക്കടുത്ത് വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. യുവാവിനെ പിന്നീട് പെരിങ്ങോത്തെ സിആര്‍പിഎഫ് കാംപിലേക്ക് കൊണ്ടുപോയി. ഒരാഴ്ച മുമ്പാണ് രോഹിത് സൈനിക പരിശീലന കാംപില്‍ വെച്ച് കൈഞരമ്പ് മുറിച്ചതെന്നും നാട്ടുകാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പറയുന്നു.
ഈബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഫോണ്‍ നല്‍കാതിരിക്കുകയും വീട്ടുതടങ്കലിലാക്കുകയുമായിരുന്നുവെന്നും വിവരമുണ്ട്. കാമുകിയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ മനോവിഷമത്തിലായ രോഹിത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവം കണ്ട സഹട്രെയിനര്‍മാര്‍ കമാന്‍ഡറെ വിവരമറിയിക്കുകയും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ കൂട്ടിരുന്ന ട്രെയിനര്‍മാരായ യുവാക്കള്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ ഭാഗമായി മരുന്നുവാങ്ങാന്‍ പോയ സമയത്താണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആശുപത്രിയില്‍ നിന്നും പുറത്തുചാടിയത്.
വിവരം പരിയാരം പൊലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനുവേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു. യുവാവ് ഫോണ്‍ ഉപയോഗിച്ചിരുന്നുവെങ്കിലും വിളിച്ചപ്പോള്‍ തുടര്‍ച്ചയായി കട് ചെയ്യുകയായിരുന്നു. ഇതിനിടെ യുവാവിന്റെ മൊബൈല്‍ ഫോൺ ടവര്‍ ലെകേഷന്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ടവര്‍ ലൊകേഷന്‍ ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം ചന്തേര പൊലീസിന് കൈമാറി.
യുവാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നവശ്യപ്പെട്ട് ചന്തേര പൊലീസ് യുവാവിന്റെ ഫോടോ സഹിതം ശബ്ദസന്ദേശം വാട്‌സ്ആപ് ഗ്രൂപുകള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഉദിനൂര്‍ കോഴിക്കടയ്ക്ക് സമീപം യുവാവിനെ കണ്ടെത്തിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വിവരം നല്‍കിയതിനെ തുടർന്ന് പരിയാരം പൊലീസും സിആര്‍പിഎഫ് കമാന്‍ഡറും എത്തിയാണ് യുവാവിനെ കാംപിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ട്രെയിനിന് മുന്നില്‍ ചാടാനാണ് യുവാവ് ഉദിനൂരിലെത്തിയതാണെന്നാണ് സംശയിക്കുന്നത്.