School Store | പെൻസിൽ മുതൽ ചീർപ്പ് വരെ; സ്വകാര്യ സ്കൂളുകളിലും കോളജുകളിലും ഓഫീസ് കേന്ദ്രീകരിച്ച് 'മിനി സ്റ്റോറുകളെന്ന്' പരാതി; പ്രതിഷേധവുമായി വ്യാപാരികൾ
ജിഎസ്ടി അടച്ച് ലക്ഷങ്ങളുടെ സാധനങ്ങളാണ് വ്യാപാരികൾ കടകളിൽ ഇറക്കിയിട്ടുള്ളത്
കുമ്പള: (KasaragodVartha) യൂനിഫോമും നോട് പുസ്തകങ്ങളും മാത്രം വിതരണം ചെയ്യാറുള്ള സ്വകാര്യ സ്കൂൾ - കോളജുകളിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് മിനിസ്റ്റോറുകൾ തന്നെ പ്രവർത്തിച്ചു വരുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ജില്ലയിലെ മിക്ക സ്വകാര്യ, സ്കൂൾ കോളജുകളിലും ഷൂസ് അടക്കം സ്കൂൾ ബാഗ്, കുട,പെൻസിൽ മുതൽ ചീർപ്പ് വരെയുള്ള സാധനങ്ങൾ വിൽക്കുന്നതായാണ് വ്യാപാരികളുടെ പരാതി.
സ്കൂൾ വിപണി മുന്നിൽ കണ്ട് സർകാരിലേക്ക് ജിഎസ്ടി അടച്ച് ലക്ഷങ്ങളുടെ സാധനങ്ങളാണ് വ്യാപാരികൾ കടകളിൽ ഇറക്കിയിട്ടുള്ളത്. നിലവിൽ തെരുവോര കച്ചവടം തന്നെ വ്യാപാരികളുടെ നടുവൊടിക്കുന്നുണ്ട്. അതിനിടയിലാണ് സ്കൂൾ, കോളജുകളിൽ തന്നെ ഇത്തരത്തിൽ മാനജ്മെന്റിന്റെ അറിവോടെ കച്ചവടം നടത്തുന്നത്. ഇത് വ്യാപാരികളുടെ കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്കൂൾ - കോളജുകളിൽ മിനി സ്റ്റോറുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യുണിറ്റ് യൂത് വിംഗ് സെക്രടറി അശ്റഫ് സ്കൈലർ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.