Complaint | പച്ചക്കറി വ്യാപാരിയെയും ജോലിക്കാരനെയും മാരകായുധങ്ങളുമായി അക്രമിച്ചതായി പരാതി; 4 പേര്‍ പിടിയില്‍
ഇരുവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബദിയഡുക്ക: (KasaragodVartha) പച്ചക്കറി വ്യാപാരിയെയും ജോലിക്കാരനെയും മാരകായുധങ്ങളുമായി നാലംഗസംഘം അക്രമിച്ച് പരുക്കേല്‍പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബദിയടുക്ക കുമ്പള റോഡിലെ മാര്‍ജന്‍ ഫ്രീ മാര്‍കറ്റിന് സമീപത്തെ പച്ചക്കറി കടയുടമ ചേടക്കാലിലെ എം ശെരീഫ് (36), ജോലിക്കാരനായ ചേടക്കാല്‍ ഹൗസില്‍ സകറിയ (23) എന്നിവരെയാണ് പരുക്കുകളോടെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയും സലൂൺ കട ഉടമയുമായ രാജു എന്ന രാജേഷ്, സഹോദരന്‍ രഞ്ജിത്, സുഹൃത്തുക്കളായ ഗിരി, മുന്ന എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കാഴ്ച രാത്രി ഒമ്പത് മണിയോടെ പച്ചക്കറി കട അടക്കുന്ന സമയത്ത് സകറിയയെ അന്വേഷിച്ചുവന്ന രാജേഷ് കടയ്ക്ക് മുന്നില്‍ ബഹളം വെക്കുകയും പിന്നീട് പന്തല്‍ തൊഴിലാളിയായ അനുജന്‍ രഞ്ജിതിനും മറ്റു രണ്ടുപേര്‍ക്കും ഒപ്പമെത്തി ഇരുവരെയും അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.