Reunion | പിതാവിന്റെ പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് മകനായ എസ് പി; അവിസ്മരണീയമായ അനുഭവത്തിന് സാക്ഷ്യം വഹിച്ച് സ്‌കൂൾ മുറ്റം
● നാടൻ പാട്ട് കലാകാരൻ സനൽ പാടിക്കാനം മുഖ്യാതിഥിയായി
● പഴയ അധ്യാപകൻ ടി സി ദാമോദരൻ മാസ്റ്ററെ ആദരിച്ചു
രാവണേശ്വരം: (KasargodVartha) ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1977-78 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം അവിസ്മരണീയമായ അനുഭവമായി മാറി. തങ്ങളുടെ പിതാക്കന്മാരുടെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ മക്കളായ താരങ്ങളാണ് തിളങ്ങിയത് എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. അച്ഛന്മാരുടെ കൂട്ടായ്മയുടെ ഉദ്ഘാടനം നടത്തിയതും കഥയും പറച്ചിലുമായി മുഖ്യാതിഥിയായി പങ്കെടുത്തതും മക്കളാണ് എന്നതാണ് ഈ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കിയത്.
മാത്രമല്ല മുഖ്യാതിഥികളെല്ലാം ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കോഴിക്കോട് റൂറൽ എസ്.പി പി നിതിൻ രാജാണ് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെ രാജേന്ദ്രൻ ഈ ബാച്ചിലെ ഒരു അംഗമാണ്. നാടൻ പാട്ട് കലാകാരനും നാടക സിനിമ പ്രവർത്തകനും മലയാളം അധ്യാപകനുമായ സനൽ പാടിക്കാനം പാട്ടും പറച്ചിലുമായി മുഖ്യാതിഥിയായി. അദ്ദേഹത്തിന്റെ പിതാവ് പരേതനായ ടി സുകുമാരനും ഈ ബാച്ചിലെ ഒരു അംഗമാണ്.
കൂടാതെ അന്നത്തെ തങ്ങളുടെ അധ്യാപകനായ ടി സി ദാമോദരൻ മാസ്റ്ററെ അന്നത്തെ സ്കൂൾ ലീഡർ ആയിരുന്ന സി വി ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചതും ചടങ്ങിനെ ധന്യമാക്കി. വടംവലി താരം ശ്രീകല, സ്പെഷ്യൽ സ്കൂൾ അധ്യാപിക ഉണ്ണിമായ, അക്കൗണ്ടന്റ് സജിനി, എം. ടെക്കിന് പഠിക്കുന്ന നവതേജ് തുടങ്ങി നിരവധി മക്കളും മുഖ്യാതിഥികളായി എത്തിയിരുന്നു.
കൂട്ടായ്മ പ്രസിഡണ്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി. വിശിഷ്ടാതിഥികളായ പി നിതിൻ രാജ്, സനൽ പാടിക്കാനം എന്നിവർക്കുള്ള സ്നേഹോപഹാരം ടി സി ദാമോദരൻ മാസ്റ്റർ ചടങ്ങിൽ വച്ച് കൈമാറി.
അധ്യാപകനായ ടി. സി. ദാമോദരൻ മാസ്റ്ററുടെ സംഭാഷണത്തിൽ പഴയകാല ഓർമ്മകൾ നിറഞ്ഞു നിന്നു. കൂട്ടായ്മ അംഗങ്ങളും തങ്ങളുടെ പഴയകാല ഓർമ്മകൾ അയവിറക്കിയും പരിചയം പുതുക്കിയും വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിച്ചും സ്നേഹ കൂട്ടിൽ നിന്നും മടങ്ങി. വി ബാബു പാണംതോട് സ്വാഗതം പറഞ്ഞു.
#schoolreunion #alumni #Kerala #nostalgia #family #education #intergenerational