Allegation | സാമ്പത്തിക ക്രമക്കേട് നടത്തിയ അക്കൗണ്ടന്റിനെ സംരക്ഷിക്കാൻ ബിജെപി പച്ചക്കള്ളം വിളിച്ചു പറയുന്നു: മുസ്‌ലിം ലീഗ്
'അധികമായ പരിശോധനക്ക് വിധേയമാക്കണമെന്നതിന് പകരം, ഭരണസമിതിക്കെതിരേ രാഷ്ട്രീയ വിരോധം തീർക്കുകയാണ് ബി.ജെ.പി'
കുമ്പള: (KasargodVartha) പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും പണം ക്രമക്കേടിലൂടെ അടിച്ചു മാറ്റിയ അക്കൗണ്ടന്റിനെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ബി.ജെ.പി പച്ചക്കള്ളങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്നതായാണ് മുസ്‌ലിം ലീഗ് കുമ്പള പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. തട്ടിപ്പ് നടത്തിയ അക്കൗണ്ടന്റുമായി ബി.ജെ.പി അംഗങ്ങൾക്ക് ഉറ്റസഹവാസമാണെന്നും അതുകൊണ്ടാണ് അവർ അദ്ദേഹത്തെ തള്ളിപ്പറയാൻ തയ്യാറാവാത്തതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.
ഭരണസമിതി വിജിലൻസിൽ പരാതി നൽകിയതോടെ വിഷമിച്ച ബി.ജെ.പിക്കാർ ജാള്യത മറക്കാനാണ് പച്ചക്കള്ളങ്ങൾ പറയുന്നതെന്നും ആരോപിച്ചു. പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നത്. ഈ വിഷയത്തിൽ ഭരണസമിതി, പ്രത്യേകിച്ച് പ്രസിഡന്റ്, കർശന നടപടി കൈക്കൊള്ളുകയാണെന്നും, ഉദ്യോഗസ്ഥനെതിരെ വകുപ്പ് മേധാവികൾക്കും വിജിലൻസിലും പരാതികൾ നൽകിയിട്ടുണ്ടെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
അധികമായ പരിശോധനക്ക് വിധേയമാക്കണമെന്നതിന് പകരം, ഭരണസമിതിക്കെതിരേ രാഷ്ട്രീയ വിരോധം തീർക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ ഇത്തരത്തിൽ ഉദ്യോഗസ്ഥ അഴിമതികൾ നടന്നിട്ടുണ്ടെന്നും, അതിൽ അതാത് ഭരണസമിതികൾ ഉത്തരവാദികളാണെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ലീഗ് നേതാക്കൾ ചോദിച്ചു.
വോട്ടർ പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത ഇനത്തിൽ 25000 രൂപ ചെലവ് വന്നതിന് പകരം, മധൂർ പഞ്ചായത്ത് സെക്രട്ടറി എട്ടര ലക്ഷം രൂപയുടെ ബില്ലുകൾ എഴുതിയെടുത്തതായും, അതിൽ വിജിലൻസ് അന്വേഷണം നടന്ന് വരുന്നതായും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്പളയിലടക്കം വോട്ട് ചോർച്ചയിൽ നാണംകെട്ട ബി.ജെ.പി, ഇത് മറച്ചുപിടിക്കാനാണ് യൂ.ഡി.എഫിനെതിരെ തത്ത്വകഥകളുമായി വരുന്നതെന്ന് ആരോപിച്ചു.
കുമ്പള നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ ഷോപ്പിങ് കോംപ്ലക്സ്, ബസ് വെയിറ്റിങ് ഷെൽട്ടർ, ആധുനിക മത്സ്യ മാർക്കറ്റ്, ടൗണിന് ഗുണകരമാകുന്ന രീതിയിൽ ട്രാഫിക് പരിഷ്കാരം എന്നിവയുടെ പ്രവൃത്തി ആരംഭിക്കാനിരിക്കെ, അക്കൗണ്ടനെ ഉപയോഗിച്ച് ബി.ജെ.പി ഇത്തരമൊരു ഓപ്പറേഷൻ നടത്തിയതാണെന്ന് സംശയിക്കുന്നതായും ലീഗ് നേതാക്കൾ ആരോപിച്ചു.
അക്കൗണ്ടന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് യൂണിയന്റേത്. അതുകൊണ്ടാണ് പോലീസ് അന്വേഷണം നടത്തി നടപടിയെടുക്കാത്തതെന്നും, ഡി.വൈ.എഫ്.ഐ, സമരം ചെയ്യേണ്ടത് പഞ്ചായത്ത് ഓഫീസിലല്ല, പോലീസ്, വിജിലൻസ് വിഭാഗങ്ങൾക്കെതിരെയായിരിക്കണമെന്നും ലീഗ് നേതാക്കൾ പ്രസ്താവിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം. അബ്ബാസ്, മഞ്ചേശ്വരം നിയോജക മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ബി.എൻ. മുഹമ്മദ് അലി, ജന.സെക്രട്ടറി യൂസുഫ് ഉളുവാർ, ട്രഷറർ ഗഫൂർ എരിയാൽ എന്നിവർ സംബന്ധിച്ചു.