AP Assembly | ആന്ധ്രയില്‍ ഭരണവിരുദ്ധവികാരം തിരിച്ചടിയാകുമോ? തലസ്ഥാനമാറ്റ നീക്കവും തൊഴിലില്ലായ്മയും ജഗന്റെ ഭാവിക്ക് കരിനിഴല്‍ വീഴ്ത്തിയേക്കാം
*ബിജെപി, ടിഡിപി, ജെഎസ്പി എന്നിവ യഥാക്രമം 10, 144, 21 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്.
*പാരമ്പര്യം തിരികെ അവകാശപ്പെടാനൊരുങ്ങിയാണ് വൈ എസ് ശര്‍മിളയെ കോണ്‍ഗ്രസ് തിരിച്ചെത്തിച്ചത്.
*എന്‍ഡിഎയില്‍ ചേര്‍ന്ന് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡു.
*പവന്‍ കല്യാണിലൂടെ കാപ്പ് വോടുകള്‍ ഉറപ്പിക്കാമെന്നാണ് സഖ്യം കരുതുന്നത്.
അമരാവതി: (KasargodVartha) 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോടെടുപ്പില്‍ 25 ലോക്സഭാ സീറ്റിന് പുറമേ ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലും മേയ് 13 ന് പോളിങ് നടന്നു. 68.2 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂണ്‍ 4 ന് ഫലം പ്രഖ്യാപിക്കും. ഈ ഇരട്ട തിരഞ്ഞെടുപ്പ് പ്രക്രിയ സംസ്ഥാന നിയമസഭയുടെ ഘടനയെയും പ്രാതിനിധ്യത്തെയും നിര്‍ണയിക്കും.
ആന്ധ്രപ്രദേശ് അസംബ്ലിയില്‍ 175 സീറ്റുകള്‍ ഉള്‍പെടുന്നതില്‍, 29 സീറ്റുകള്‍ പട്ടികജാതി (എസ്സി)കള്‍ക്കും ഏഴ് പട്ടികവര്‍ഗങ്ങള്‍ക്കും (എസ്ടി) പ്രത്യേകമായി നീക്കിവച്ചിരിക്കുന്നു. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ടി (വൈഎസ്ആര്‍സിപി), എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ടി (ടിഡിപി), പവന്‍ കല്യാണിന്റെ ജനസേന പാര്‍ടി (ജെഎസ്പി) എന്നിവയാണ് ഈ തിരഞ്ഞെടുപ്പുകളിലെ പ്രധാന എതിരാളികള്‍. കൂടാതെ, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരതീയ ജനതാ പാര്‍ടി (ബിജെപി), ഇടതുമുന്നണി എന്നിവയും മറ്റ് പ്രധാന പങ്കാളികളില്‍ ഉള്‍പെടുന്നു.
175 നിയമസഭാ സീറ്റുകളിലും വൈ എസ് ആര്‍ സി പി മത്സരിക്കുന്നു. ബി ജെ പി, ടി ഡി പി, ജെ എസ് പി എന്നിവ യഥാക്രമം 10, 144, 21 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം- ജനസേന- ബി ജെ പി പ്രതിപക്ഷസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ആന്ധ്രപ്രദേശില്‍ കടുത്ത പോരാട്ടമാണ് നേരിടുന്നത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇവിടെ ജനവിധി തേടി.
വൈ എസ് ആറിന്റെ പാരമ്പര്യം തിരികെ അവകാശപ്പെടാനൊരുങ്ങിയാണ് വൈ എസ് ശര്‍മിളയെ കോണ്‍ഗ്രസ് തിരിച്ചെത്തിച്ചത്. കടപ്പയില്‍ ജനവിധി തേടുന്ന ഇവര്‍, വൈ എസ് ആറിന്റെ സഹോദരന്‍ 2019-ലെ തിരഞ്ഞെടുപ്പിന് മുമ്പ് കടപ്പയിലെ സിറ്റിങ് എം പിയായിരുന്ന വിവേകാനന്ദ റെഡ്ഡിയുടെ കൊലക്കേസില്‍ കുറ്റാരോപിതനായ അവിനാഷ് റെഡ്ഡിയേയാണ് നേരിടുന്നത്.
കടപ്പ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് മണ്ഡലങ്ങളിലൊന്നായ പുലിവെണ്ടുലയില്‍ ജഗന്‍ നിയമസഭയിലേക്ക് ജനവിധി തേടുന്നുണ്ട്. സഹോദരപ്പോരില്‍ വൈ എസ് ആറിന്റെ ഭാര്യയും ശര്‍മിളയുടെയും ജഗന്റെയും മാതാവായ വൈ എസ് വിജയമ്മയുടെ പിന്തുണ മകള്‍ ശര്‍മിളയ്ക്കാണ്. പരസ്യമായി പിന്തുണച്ച് അവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
2019-ലെ തിരഞ്ഞെടുപ്പില്‍ 151 നിയമസഭാ സീറ്റും 22 ലോക്സഭാ സീറ്റും നേടി വലിയ വിജയം വൈ എസ് ആര്‍ കോണ്‍ഗ്രസ് കൈവരിച്ചിരുന്നു. എന്നാല്‍, അന്നത്തെ സാഹചര്യമല്ല ഇന്നെന്നാണ് വിലയിരുത്തല്‍. കാരണം പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേയുടെ 2022- 23 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയില്‍ മൂന്നാമതായിരുന്നു ആന്ധ്രപ്രദേശ്. നഗര- യുവ വോടര്‍മാര്‍ക്കിടയില്‍ വലിയ ഭരണവിരുദ്ധവികാരത്തിന് കാരണമാവുമെന്നതിനാല്‍, ഇത് ജഗന്‍ സര്‍കാരിന് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.
തൊഴിലില്ലായ്മയും തലസ്ഥാനമാറ്റ നീക്കവും ജഗന്റെ ജനപ്രീതിയില്‍ ഇടിവുവരുത്തിയെന്നാണ് വിലയിരുത്തല്‍. സാമൂഹികക്ഷേമത്തില്‍ ഊന്നിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും വലിയ ഭരണവിരുദ്ധവികാരം ജഗനെതിരായുണ്ട്.
ജെ എസ് പി- ടി ഡി പി സഖ്യത്തില്‍ ചേരാന്‍ തുടക്കത്തില്‍ ബി ജെ പി വിമുഖത കാണിച്ചിരുന്നെങ്കിലും എന്‍ ഡി എയില്‍ ചേര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡു. എന്നാല്‍, ദക്ഷിണേന്‍ഡ്യയിലേക്കുള്ള കടന്നുകയറ്റം ടി ഡി പിക്കൊപ്പം ചേര്‍ന്ന് സുഗമമാക്കാമെന്ന പ്രതീക്ഷയും ബി ജെ പി കൈവിടുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും നോടയേക്കാള്‍ കുറവ് വോടുകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം വൈ എസ് ആറിന്റെ മരണത്തേയും പിന്നാലെയുണ്ടായ വിഭജനത്തേയും തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കൈയില്‍നിന്ന് വഴുതിപ്പോവുകയായിരുന്നു.
കോണ്‍ഗ്രസ് വലിയ മുന്നേറ്റം നേടുമെന്നൊന്നും പ്രവചിക്കപ്പെടുന്നില്ലെങ്കിലും, വൈ എസ് ആര്‍ കോണ്‍ഗ്രസ് വിരുദ്ധ വോടുകള്‍ കൂടുതലായി പിടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ടി ഡി പി- ജെ എസ് പി- ബി ജെ പി സഖ്യത്തിന്റെ വോടുകളെ സാരമായി ബാധിച്ചേക്കാം.
ടി ഡി പിയുമായി ചേര്‍ന്നപ്പോള്‍ മാത്രമാണ് ബി ജെ പിക്ക് ഇവിടെ വിജയം നേടാനായത്. 1999-ല്‍ ടി ഡി പിക്കൊപ്പം ചേര്‍ന്ന് ഏഴ് ലോക്സഭാ സീറ്റുകളില്‍ ജയിച്ചു. 2004-ലും 2009-ലും സഖ്യമുണ്ടായിരുന്നില്ല. പിന്നീട് 2014-ല്‍ വീണ്ടും ടി ഡി പിക്കൊപ്പം ചേര്‍ന്ന് രണ്ട് സീറ്റുകള്‍. 2018-ല്‍ നായിഡു സഖ്യം വിട്ടതിന് പിന്നാലെ 2019-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നോടയേക്കാള്‍ കുറവ് വോടുകളാണ് ബി ജെ പിക്ക് ലഭിച്ചത്.
ആറ് ലോക്സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലുമാണ് ബി ജെ പി സഖ്യത്തില്‍ ഇത്തവണ മത്സരിച്ചത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് വിരുദ്ധവോടുകളുടെ ഏകീകരണം ഉണ്ടാവുകയും അത് സഖ്യത്തിന് ലഭിക്കുകയും വഴി തങ്ങള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി പ്രതീക്ഷ വെയ്ക്കുന്നത്. എന്നാല്‍, പരമ്പരാഗത ടി ഡി പി വോടുകള്‍ ബി ജെ പിയിലേക്ക് എത്തുമോയെന്ന് കാത്തിരുന്ന് കാണണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കാരണം ബി ജെ പിയുടെ ന്യൂനപക്ഷവിരുദ്ധത തിരിച്ചടിയാകുമെന്ന ഭയം ടി ഡി പിക്കുണ്ട്.
10 ശതമാനത്തോളം മുസ്ലിം ജനസംഖ്യയും രണ്ടുശതമാനത്തോളം ക്രിസ്ത്യന്‍ വോടര്‍മാരുമുള്ള സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമാണ്. ഇതില്‍ ഒരുവിഭാഗം നിലവില്‍തന്നെ വൈ എസ് ആര്‍ കോണ്‍ഗ്രസിനൊപ്പമാണ്. മുസ്ലിം ന്യൂനപക്ഷവിരുദ്ധ പ്രസംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍, സംവരണം അടക്കമുള്ള വാഗ്ദാനങ്ങളുമായുള്ള നായിഡുവിന്റെ വോടിനായിരിക്കും മുന്‍തൂക്കം.
'ജനസംഖ്യയുടെ 10 ശതമാനത്തോളം മാത്രംവരുന്ന റെഡ്ഡി- ഖമ്മ വിഭാഗങ്ങളാണ് യഥാക്രമം വൈ എസ് ആര്‍ കോണ്‍ഗ്രസ്- ടി ഡി പി പര്‍ടികളെ നിയന്ത്രിക്കുന്നത്. വടക്കന്‍ ആന്ധ്ര മേഖലയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളില്‍ കൂടുതലായി താമസിച്ചുവരുന്ന 15 ശതമാനത്തോളം വരുന്ന കാപ്പ് സമുദായവോടുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ഇത്തവണയും കാപ്പ് സമുദായത്തിന്റെ വോട് ഫലത്തെ സ്വാധീനിക്കും.
ടി ഡി പിയുടെ ഖമ്മവോടുകള്‍ക്ക് പുറമേ, സമുദായാംഗമായ ജെ എസ് പിയുടെ പവന്‍ കല്യാണിലൂടെ കാപ്പ് വോടുകള്‍ ഉറപ്പിക്കാമെന്നാണ് സഖ്യം കരുതുന്നത്. റെഡ്ഡി- ഖമ്മ സമുദായങ്ങളിലായി വിഭജിക്കപ്പെട്ട് കിടക്കുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളില്‍ ഒരാള്‍ മുഖ്യമന്ത്രിയാവണമെന്നത് കാപ്പ് സമുദായത്തിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ്. ഭൂരിപക്ഷസമുദായമെങ്കിലും ചില ഉപവിഭാഗങ്ങള്‍ ഒ ബി സിയില്‍പെടുന്നവരാണ്. ഇതിന്റെ തുടര്‍ച്ചയായി കാപ്പ് വിഭാഗത്തില്‍തന്നെ ഭൂരിപക്ഷ ഉപവിഭാഗം പിന്നാക്ക സംവരണത്തിനായി ആവശ്യമുന്നയിക്കുന്നുണ്ട്.
2014-ല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ നായിഡു ക്വോടയില്‍ അഞ്ചുശതമാനം സംവരണം നല്‍കി വാക്കുപാലിച്ചെങ്കിലും അധികാരത്തിലെത്തിയതിന് പിന്നാലെ ജഗന്‍ അത് റദ്ദാക്കി. ഇത് സമ്പത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നല്‍കിയ സംവരണം ആണെന്ന് വ്യക്തമാക്കിയായിരുന്നു ജഗന്‍ റദ്ദാക്കിയത്. എന്നാല്‍, കാപ്പ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ മറ്റ് വലിയ സാമൂഹികക്ഷേമ പദ്ധതികള്‍ ജഗന്‍ നടപ്പാക്കിയിരുന്നത് വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ്.
തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ആന്ധ്രപ്രദേശ്, ബംഗാള്‍ ഉള്‍കടലിനോട് ചേര്‍ന്ന് നീണ്ട തീരപ്രദേശമാണ്. 2014-ല്‍ അമരാവതി തലസ്ഥാനമായി ഒരു പ്രത്യേക സംസ്ഥാനമാകുന്നതുവരെ തെലങ്കാന ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്നു. ജഗന്‍ സര്‍കാരിന് തിരിച്ചടിയാവുന്ന മറ്റൊരു വിവാദം ഇതുതന്നെയാണ്.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോകോത്തര തലസ്ഥാന നഗരമായി മാറ്റാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി നിശ്ചയിച്ചിരുന്നു. ഇതിനായി പല ഗ്രാമങ്ങളില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ അടക്കം ആരംഭിച്ചിരുന്നു. എന്നാല്‍, ജഗന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അമരാവതിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും മൂന്ന് നഗരങ്ങളിലെ സംസ്ഥാനത്തിന്റെ തലസ്ഥാനമാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെയ്ക്കുകയായിരുന്നു.
അമരാവതിയെ നിയമനിര്‍മാണതലസ്ഥാനവും വിശാഖപട്ടണത്തെ ഭരണനിര്‍വഹണതലസ്ഥാനവും കര്‍ണൂലിനെ നീതിന്യായതലസ്ഥാനവുമാക്കുമെന്നാണ് ജഗന്റെ പ്രഖ്യാപനം. ഇതോടെ അമരാവതിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കേണ്ടിവന്ന കര്‍ഷകര്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായി. അമരാവതിയിലും പരിസരത്തും വലിയ വികസനം പ്രതീക്ഷിച്ചവരുടേയും നീരസത്തിന് ഇത് കാരണമായി. വീണ്ടും മുഖ്യമന്ത്രിയാവുന്ന താന്‍ വിശാഖപട്ടണത്തുനിന്ന് സത്യപ്രതിജ്ഞചെയ്യുമെന്ന് ജഗന്‍ പ്രഖ്യാപനവും നടത്തിയതോടെ വിരോധത്തിന് ആക്കം കൂട്ടി.