Allegation | അഡീഷണൽ എസ്ഐ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായതിൻ്റെ കാരണം ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദമോ? യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറിക്കെതിരെ കള്ളക്കേസെടുക്കാൻ സമ്മർദം ചെലുത്തിയെന്ന് ആരോപണം;
കാസർകോട്: (KasaragodVartha) അഡീഷണൽ എസ്ഐ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായതിൻ്റെ കാരണം ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദത്തെ തുടർന്നാണെന്ന് ആക്ഷേപം ശക്തമായി. യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറിക്കെതിരെ കള്ളക്കേസെടുക്കാൻ അഡീഷണൽ എസ്ഐക്ക് മേൽ സമ്മർദം ചെലുത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സിപിഎം കേന്ദ്രത്തിലെ ബൂതിൽ കള്ളവോട് തടഞ്ഞ യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറിക്കെതിരെ വ്യാജ പരാതിയിൽ കേസെടുത്ത് അന്വേഷണ ചുമതല അഡീഷണൽ എസ്ഐക്ക് നൽകിയതാണ് അദ്ദേഹത്തെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കോളിച്ചാൽ സ്വദേശി വിജയൻ (50) ആണ് വിഷം അകത്ത് ചെന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബേഡകം പൊലീസ് സ്‌റ്റേഷന് സമീപത്തെ പൊലീസ് ക്വാർടേഴ്സിലാണ് എസ്ഐയെ അവശനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26 ന് ലോക്സഭ തിരെഞ്ഞടുപ്പിൻ്റെ വോടെടുപ്പ് ദിനത്തിൽ ബേഡകം പഞ്ചായത് പ്രസിഡൻ്റായ വനിതയെ യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി ഉനൈസ് ബേഡകം അപമാനിച്ചുവെന്ന വ്യാജ പരാതിയുണ്ടാക്കി രണ്ട് സ്പെഷ്യൽ ബ്രാഞ്ച് പൊലീസുകാർ സ്വന്തമായി എഴുതി പരാതി നൽകുകയായിരുന്നുവെന്ന് യൂത് കോൺഗ്രസ് ഭാരവാഹികൾ പറയുന്നു.
പരാതിക്കാരിയുടെ മൊഴി പോലും ജി ഡി ചാർജ് രേഖപ്പെടുത്താതെ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം സ്റ്റേഷനിൽ രണ്ട് പ്രിൻസിപൽ എസ്ഐമാരും സിഐ യും ഉണ്ടായിട്ടും അഡീഷണൽ എസ് ഐ വിജയന് നൽകിയിരുന്നതായി പറയുന്നുണ്ട്. യൂത് കോൺഗ്രസ് നേതാവിനെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ മേലുദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതിൽ മനംനൊന്താണ് സത്യസന്ധനായ അഡീഷണൽ എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സഹപ്രവർത്തകരായ പൊലീസുദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
യുഡിഎഫ് അനുകൂലിയായ പൊലീസ് ഉദ്യോഗസ്ഥനെ തന്നെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതാണ് കടുംകൈ ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതെന്നുമാണ് ആരോപണം.
എസ് പിക്ക് പരാതി നൽകുമെന്ന് യൂത് കോൺഗ്രസ്
ഉന്നത ഉദ്യോഗസ്ഥരുടെയും സിപിഎമിന്റെ ഉന്നത നേതാക്കളുടെയും സമ്മർദം താങ്ങാനാവാതെയാണ് അഡീഷണൽ എസ് ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയിക്കുന്നതായി യൂത് കോൺഗ്രസ് ബേഡകം മണ്ഡലം കമിറ്റി ഭാരവാഹികൾ പറഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ കാരണങ്ങൾ പുറത്തുകൊണ്ടുവരണം. സ്റ്റേഷനിൽ രണ്ട് പ്രിൻസിപൽ എസ്ഐമാർ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഗ്രേഡ് എഎസ്ഐക്ക് അന്വേഷണ ചുമതല നൽകിയത്. യൂത് കോൺഗ്രസ് നേതാവിന് അറസ്റ്റ് ചെയ്യാൻ ആരുടെ ഭാഗത്തു നിന്നാണ് സമ്മർദം ഉണ്ടായിരിക്കുന്നത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകും. ശരിയായ രീതിയിൽ ഇത് അന്വേഷിക്കുന്നില്ല എങ്കിൽ സമരപരിപാടിയുമായി യൂത് കോൺഗ്രസ് തെരുവിലേക്ക് ഇറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.