Teacher | 4 പതിറ്റാണ്ടുകൾക്കിപ്പുറത്ത് ഒരധ്യാപകൻ തന്റെ വിദ്യാർഥികളെ കാണാനെത്തി
തളങ്കര: (KasargodVartha) നാല് പതിറ്റാണ്ടുകൾക്കപ്പുറം തങ്ങളെ പഠിപ്പിച്ച പ്രിയ ഗുരുനാഥൻ വീണ്ടും വിദ്യാലയത്തിലെത്തിയപ്പോൾ ശിഷ്യർ ഒരുക്കിയത് വേറിട്ടൊരു സ്നേഹാദരവ്. സി എസ് മുഹമ്മദ് മാസ്റ്ററാണ് വീണ്ടും തളങ്കര മുസ്ലിം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിലെത്തിയത്. ഇതറിഞ്ഞ 1982, 83, 84, 85, 86 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് സ്‌കൂളിൽ ഒത്തുകൂടി അദ്ദേഹത്തിന് ആദരവ് നൽകിയത്.
40 വർഷങ്ങൾക്കു ശേഷമുള്ള, പാട്ടും കളിയും പാഠങ്ങളും പഠിപ്പിച്ച അധ്യാപകന്റെ സന്ദർശനം വിദ്യാർത്ഥികൾക്ക് പുത്തനുണർവ് പകർന്നു. പഴയ കാലം ഒന്ന് കൂടി തിരിച്ചു വരുന്ന അനുഭവമാണ് പലർക്കും സമ്മാനിച്ചത്. 1976 മുതൽ 84 വരെ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു മുഹമ്മദ് മാസ്റ്റർ. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലയിലും പ്രോത്സാഹനം നൽകിയ അധ്യാപകനായിരുന്നു.
നാട്ടിലുള്ള വിദ്യാർത്ഥികൾ ഇരുകയ്യും നീട്ടിയാണ് പ്രിയ അധ്യാപകനെ സ്വീകരിച്ചത്. മുൻ നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ആമുഖ പ്രഭാഷണം നടത്തി. സഹപ്രവർത്തകൻ പി മാഹിൻ മാസ്റ്റർ, അസീസ് കടപ്പുറം, ശുകൂർ കോളിക്കര, കെ എസ് ജമാൽ, പി കെ സത്താർ, കെ എം ഹനീഫ് , കെ എസ് അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു വിവിധ ബാച്ചുകളും സൈദാ അഷ്റഫും മാസ്റ്റർക്ക് ഉപഹാരം സമ്മാനിച്ചു.