Investigation | എടിഎമില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ കവര്‍ച ചെയ്ത കേസിലെ പ്രതികള്‍ തമിഴ്‌നാട് സ്വദേശികളെന്ന് തിരിച്ചറിഞ്ഞു
* ഒരു സ്ഥലത്തും തങ്ങാതെ സഞ്ചരിക്കുകയാണ് രീതി
ഉപ്പള: (KasargodVartha) ആക്‌സിസ് ബാങ്കിന്റെ എടിഎമില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കൊള്ളയടിച്ച കേസിലെ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ 40നും 45 വയസിനും ഇടയില്‍ പ്രായമുള്ള നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് പേരാണ് പണം കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ മാര്‍ച് 27ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയില്‍ നിന്നും വാനിന്റെ ചില്ലുപൊളിച്ച് 50 ലക്ഷം രൂപ അടങ്ങുന്ന പണപ്പെട്ടി കവര്‍ച്ച ചെയ്തത്.
പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മംഗ്ളുറു ഭാഗത്ത് നിന്ന് വന്ന ബസില്‍ നിന്ന് ഒരു സംഘം ഉപ്പളയില്‍ ഇറങ്ങുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതേ സംഘം മംഗ്ളൂറിലെ ഒരു വാഹനത്തിന്റെ ചില്ലുപൊളിച്ച് ലാപ്‌ടോപ് കവര്‍ച്ച ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തുന്ന സംഘമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ അതേ സംഘമാണ് ഇവരെന്ന് വ്യക്തമായത്.
കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് സംഘം ഇറങ്ങിയത്. അവിടെ നിന്നും മംഗ്ളൂറിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ മംഗ്ളൂറിലേക്കുള്ള ട്രെയിനിന് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ സ്‌റ്റോപില്ലെന്ന് മനസിലാക്കിയതോടെ ഓടോറിക്ഷയില്‍ കാസര്‍കോട്ടെത്തുകയും വൈകുന്നേരത്തെ കണ്ണൂര്‍ യശ്വന്തപുര എക്‌സ്പ്രസില്‍ കയറി മംഗ്ളൂറിലേക്ക് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഇവര്‍ക്ക് പോകാനുള്ള ടികറ്റെടുത്ത് കൊടുത്തത് കാസര്‍കോട് ജില്ലക്കാരനായ ഒരാളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. എല്ലാ സ്ഥലത്തും കവര്‍ച്ച നടത്തി ഒരു സ്ഥലത്തും തങ്ങാതെ സഞ്ചരിച്ചുകൊണ്ടിരിക്കുകയെന്നതാണ് ഈ മൂവര്‍ സംഘത്തിന്റെ പ്രത്യേകത.
ട്രിച്ചിയിലെ പ്രതികളുടെ വീടുകളില്‍ ഇവരെത്തിയിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ രാജ്യം വിടാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.