Kaikottikali | | 7 ദമ്പതി ജോഡിമാരുടെ കൈകൊട്ടിക്കളി വൈറലായി; അവതരിപ്പിക്കാൻ പലയിടത്തു നിന്നും ക്ഷണം
വ്യത്യസ്തമായ പരിപാടിയുമായി സജീവമാകാൻ തന്നെയാണ് ദമ്പതി കൂട്ടത്തിൻ്റെ തീരുമാനം
ചെറുവത്തൂർ: (KasargodVartha) ഏഴ് ദമ്പതി ജോഡിമാരുടെ കൈകൊട്ടിക്കളി വൈറലായതോടെ നൃത്തം അവതരിപ്പിക്കാൻ പലയിടത്തു നിന്നും ക്ഷണം. ചെറുവത്തൂർ തിമിരിയിലെ ടി രാജേഷ് കുതിരുംചാൽ - ലിജി ടി വി, അജയൻ തോളൂർ - ശ്രുതി കെ, രജീഷ് വടക്കൻ - രമ്യ പി, ഷിജിത്ത് കെ - ശ്യാമ പി, പ്രജീഷ് യു - ആതിര കെ, സുജിത്ത് എം എ - ശ്രുതി സി എസ്, ശ്രീജേഷ് കെ - സുചിത്ര പി എന്നീ ദമ്പതി ജോഡിമാരുടെ കൈകൊട്ടിക്കളിയാണ് തരംഗമായി മാറിയിരിക്കുന്നത്.
ചെറുവത്തൂർ തിമിരി ചാമുണ്ഡേശ്വര ക്ഷേത്രത്തിലാണ് ആദ്യം ഇവർ ചേർന്ന് കൈകൊട്ടിക്കളി അവതരിപ്പിച്ചത്. ഇത് വൈറലായതോടെയാണ് ഇവർക്ക് കൂടുതൽ ക്ഷേത്രങ്ങളിൽ നിന്നും പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. പാലക്കുന്ന്, കരിവെള്ളൂർ, പലിയേരി, മാത്തിൽ, കാലിക്കടവ്, പിലിക്കോട്, പുതിയകണ്ടം തുടങ്ങി ഒമ്പതോളം കേന്ദ്രങ്ങളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഡാൻസ് പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
ക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികളോടനുബന്ധിച്ചാണ് കൈകൊട്ടിക്കളി പ്രധാന ഇനമായി ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ കൈകൊട്ടിക്കളി ഇപ്പോൾ എല്ലായിടത്തും നടക്കുന്നുണ്ട്. എന്നാൽ ദമ്പതി ജോഡിമാരുടെ കൈകൊട്ടിക്കളി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്നതാണ് പ്രത്യേകത. വിവിധ ജോലികളിൽ വ്യാപൃതരായവരാണ് ഇവരെല്ലാം. അത് കഴിഞ്ഞുള്ള സമയങ്ങളിലാണ് പരിശീലനത്തിനും പരിപാടി അവതരിപ്പിക്കാനും പോകുന്നത്.
ഒരേ പാട്ടും ഡാൻസുമല്ല ഇവർ എല്ലായിടത്തും അവതരിപ്പിക്കുന്നത്. പരിപാടിയിൽ വ്യത്യസ്ത കൊണ്ടുവരാനും ഇവർ ശ്രമിക്കുന്നുണ്ട്. നീലേശ്വരം മന്ദം പുറത്ത് കാവ് കലശത്തോടെ ഈ വർഷത്തെ ക്ഷേത്രാത്സവങ്ങൾ അവസാനിക്കുകയാണ്. അത് കഴിഞ്ഞും വ്യത്യസ്തമായ പരിപാടിയുമായി സജീവമാകാൻ തന്നെയാണ് ദമ്പതി കൂട്ടത്തിൻ്റെ തീരുമാനം.