Injured | ഇടിമിന്നലിൽ പൈവളികയിൽ 3 പേർക്ക് പരുക്ക്; 2 വീടുകൾക്ക് കേടുപാടുകൾ
Updated: May 22, 2024, 18:19 IST
മഞ്ചേശ്വരം തഹസിൽദാർ വി ഷിബു സ്ഥലം സന്ദർശിച്ചു
ഉപ്പള: (KasargodVartha) ചൊവ്വാഴ്‌ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ മൂന്നു പേർക്കു പരിക്കേറ്റു. രണ്ടു വീടുകൾക്കു കേടുപാടുണ്ടായി. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിമിന്നലിൽ വീടിൻ്റെ മേച്ചിലോടുകൾ ഇളകി വീണാണ് ഇവർക്കു പരിക്കേറ്റത്. മഴക്കൊപ്പമുണ്ടായ ഇടിമിന്നലിൽ ഇവരുടെ ഓടിട്ട പഴയ വീടിൻ്റെ മേച്ചിലോടുകൾ വീട്ടിനുള്ളിലേക്ക് ഇളകി വീഴുകയായിരുന്നു. അപകടമുണ്ടായ വീടിനടുത്തു പുതുതായി നിർമ്മിച്ച കോൺക്രീറ്റ് വീടിനു വിള്ളലുണ്ടായതായും വയറിംഗ് കത്തിനശിച്ചു. കേടുപാടുണ്ടായ വീടുകൾ മഞ്ചേശ്വരം തഹസിൽദാർ വി ഷിബു സന്ദർശിച്ചു.