Vaccine | സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗർഭാശയ മുഖ അർബുദത്തിന് എതിരെയുള്ള വാക്സിൻ ഈ മാസം വിപണിയിലെത്തും; 2 ഡോസുള്ള വാക്സിന് 2000 രൂപ
ന്യൂഡെൽഹി: (www.kasargodvartha.com) ഗർഭാശയ മുഖ അർബുദത്തിന് എതിരെയുള്ള (Cervical Cancer) സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഇന്ത്യൻ നിർമിത ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനായ സെർവാവാക് ഈ മാസം വിപണിയിൽ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഡോസുകളിലുള്ള വാക്സിന് 2000 രൂപ ആയിരിക്കും നിരക്ക്.
ജനുവരി 24 ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല, ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എച്ച്പിവി വാക്സിൻ പുറത്തിറക്കിയിരുന്നു.
സ്വകാര്യ വിപണിയിൽ എച്ച്‌പിവി വാക്‌സിൻ ഡോസിന് 2,000 രൂപയായിരിക്കുമെന്ന് സൂചിപ്പിച്ച് സിംഗ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് ലഭ്യമായ മറ്റ് എച്ച്പിവി വാക്സിനുകളേക്കാൾ വളരെ കുറഞ്ഞ വിലയാണെന്ന് അധികൃതർ വ്യക്തമാക്കി.
ആശുപത്രികളും ഡോക്ടർമാരും അസോസിയേഷനുകളും എച്ച്‌പിവി വാക്‌സിൻ ആവശ്യപ്പെട്ട് സ്ഥാപനത്തെ സമീപിക്കുന്ന സാഹചര്യത്തിലാണ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഈ മാസം മുതൽ സ്വകാര്യ വിപണിയിൽ സെർവാവാക് പുറത്തിറക്കാൻ ഒരുങ്ങുന്നത്.
ആരോഗ്യ മന്ത്രാലയം വാങ്ങുമ്പോഴെല്ലാം എസ്‌ഐഐ തങ്ങളുടെ എച്ച്‌പിവി വാക്‌സിൻ കുറഞ്ഞ വിലയിൽ നൽകുമെന്നും സിംഗ് തന്റെ കത്തിൽ സൂചിപ്പിച്ചതായി അറിയുന്നു. നിലവിൽ, എച്ച്പിവി വാക്സിനുകൾക്കായി രാജ്യം പൂർണമായും വിദേശ നിർമ്മാതാക്കളെയാണ് ആശ്രയിക്കുന്നത്.
വിപണിയിലുള്ള അമേരിക്കൻ മൾട്ടിനാഷണൽ മെർക്കിന്റെ ഗാർഡാസിൻ്റെ വില 10,850 രൂപയാണ്.
ജൂണിൽ ഒമ്പത് മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കുള്ള ദേശീയ പ്രതിരോധ പദ്ധതിയിൽ സെർവിക്കൽ ക്യാൻസറിനെതിരായ വാക്സിൻ പുറത്തിറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനായി ഏപ്രിലിൽ ആഗോള ടെൻഡർ വിളിക്കാൻ സാധ്യതയുണ്ട്. ലോകത്തെ ഗർഭാശയ മുഖ കാൻസർ ബാധിതരിൽ 16 ശതമാനവും ഇന്ത്യയിലാണ്. ആഗോള സെർവിക്കൽ ക്യാൻസർ മരണങ്ങളിൽ മൂന്നിലൊന്നും ഇവിടെയാണ്. ഇന്ത്യൻ സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ വരാനുള്ള 1.6 ശതമാനം അപകടസാധ്യതയും ഒരു ശതമാനം സെർവിക്കൽ ക്യാൻസർ മൂലമുള്ള മരണസാധ്യതയും ഉണ്ടെന്ന് അധികൃതർ പറയുന്നു.
സമീപകാലത്തെ ചില കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 80,000 സ്ത്രീകൾക്ക് ഗർഭാശയ മുഖ അർബുദം ബാധിക്കുകയും 35,000 പേർ മരിക്കുകയും ചെയ്യുന്നു.
Keywords: news,National,India,New Delhi,Top-Headlines,Latest-News,health,Cancer, Rs 2,000 for 2 doses of Serum Institute's cervical cancer vaccine out in Feb