Pending Bill | 'പ്രധാനമന്ത്രിയുടെ കർണാടക സന്ദർശന ചിലവിൽ 3.33 കോടി രൂപ കുടിശ്ശിക; മോദി താമസിച്ച ഹോട്ടലിൽ നൽകാനുള്ളത് 80.60 ലക്ഷം'
* ചിലവ് ആരു വഹിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന വനം വകുപ്പ്
ബെംഗ്ളുറു: (KasaragodVartha) കഴിഞ്ഞ വർഷം ഏപ്രിലിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) സംഘടിപ്പിച്ച ടൈഗർ പ്രോജക്റ്റ് 50 പരിപാടിക്ക് മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആതിഥേയത്വം വഹിക്കാൻ ചെലവായത് 6.33 കോടി രൂപ. ഇതിൽ മൂന്ന് കോടി രൂപ ലഭിച്ചു, 3.33 കോടി രൂപ കുടിശ്ശികയുള്ളതായി ഔദ്യോഗിക തലത്തിൽ ആരോപണം. മോദി താമസിച്ച ഹോട്ടൽ വാടകയും ഇതിൽ പെടും.
ചെലവ് ആരു വഹിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന വനം വകുപ്പ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് ചെലവുകൾ പൂർണമായി വഹിക്കേണ്ടതെന്ന് സംസ്ഥാന വനം വകുപ്പ് പറയുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രാദേശികമായി രൂപവത്കരിച്ച സമിതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നേയുള്ളൂവെന്ന് വനം മന്ത്രി ഈശ്വര ഖണ്ഡ്രൈ പറഞ്ഞു. പരിപാടിയുടെ മുഴുവൻ ചെലവും എൻടിസിഎ വഹിക്കും എന്നായിരുന്നു ധാരണയെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ താമസ വാടക കുടിശ്ശിക ലഭിക്കാൻ മൈസൂരു എംജിറോഡിലെ നക്ഷത്ര ഹോട്ടൽ നടപടി തുടങ്ങി. 80.60 ലക്ഷം രൂപയാണ് ബിൽ എന്ന് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അധികൃതർ പറഞ്ഞു. നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പായി തുക അടക്കാൻ ആവശ്യപ്പെട്ട് ഈ മാസം 21ന് ഹോട്ടൽ അധികൃതർ മുറികൾ ബുക്ക് ചെയ്ത മൈസൂരു അശോകപുരം വനം ഡെപ്യൂട്ടി കൺസർവേറ്റർക്ക് കത്തയച്ചു. അടുത്ത മാസം ഒന്നിനകം തുക അടച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങും എന്ന് കത്തിൽ പറഞ്ഞു.
മൈസൂരു ജില്ല ഡെപ്യൂട്ടി കമ്മീഷണർ, പൊലീസ് ഐ ജി, എൻടിസിഎ, പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണ വിഭാഗം അണ്ടർ സെക്രട്ടറി എന്നിവർക്ക് പകർപ്പ് അയച്ചു. ഹോട്ടൽ അയച്ച കത്ത് മേൽ നടപടികൾക്കായി വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് കൈമാറിയതായി ഡെപ്യൂട്ടി കൺസർവേറ്റർ ഡോ. കെ എൻ ബസവരാജു പറഞ്ഞു.