PM Modi | അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ; 11 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതം ആരംഭിച്ച് പ്രധാനമന്ത്രി; ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യമെന്നും കുറിപ്പ്
Jan 12, 2024, 16:48 IST
ന്യൂഡെല്‍ഹി: (KasargodVartha) 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി 11 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. താന്‍ ഇത്രയും വികാരഭരിതനായ നിമിഷം വേറെയുണ്ടായിട്ടില്ലെന്നാണ് മോദി എക്‌സില്‍ പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞത്.
കനത്ത ത്യാഗത്തിന്റേയും നേര്‍ചകളുടേയും നാളുകളാണ് ഈ 11 ദിവസങ്ങള്‍. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുതന്നെ എന്റെ ഭാഗ്യമാണ്. ചരിത്രപരമായ ഈ നിമിഷത്തില്‍ എല്ലാ ഇന്‍ഡ്യക്കാരുടെയും പ്രതിനിധിയാകാന്‍ ദൈവം എന്നെയൊരു ഉപകരണമാക്കിയതാണ്. വേദങ്ങളില്‍ പറയുന്നതുപോലെ ഈ 11 ദിവസങ്ങളും എന്റെയുള്ളിലെ ദിവ്യമായ ബോധത്തെ ഞാന്‍ ഉണര്‍ത്തും എന്നും മോദി പറഞ്ഞു.
ഛത്രപതി ശിവജിയുടെ മാതാവ് ജിജാ ഭായിയുടേയും വിവേകാനന്ദ സ്വാമിയുടേയും ജന്മവാര്‍ഷികത്തെ ഈ പ്രധാന ദിവസത്തില്‍ താന്‍ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. നമോ ആപിലൂടെ ജനങ്ങള്‍ അനുഗ്രഹം അറിയിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അടക്കമുള്ള പല രാഷ്ട്രീയ പാര്‍ടികളും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്നാണ് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ടികളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
പണിപൂര്‍ത്തിയാകാതെ പ്രതിഷ്ഠ നടത്തുന്നതില്‍ ബി ജെ പി സര്‍കാരിനെതിരെ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബി ജെ പി നടപ്പാക്കുന്നത് രാഷ്ട്രീയ അജന്‍ഡയാണെന്നാണ് വിമര്‍ശനം. ലോക് സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്ര തിരക്കിട്ട് പ്രതിഷ്ഠ കര്‍മം നടത്തുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
അതേസമയം, സനാതന ധര്‍മത്തെ എതിര്‍ക്കുന്നവരേയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തവരേയും നോക്കിവെക്കൂ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. 'ശ്രീരാമന്‍ മിഥ്യയാണെന്ന് പറയുന്നവര്‍ക്ക് പ്രതിഷ്ഠാ ചടങ്ങ് ഒന്നുമല്ല. ഇത് ആ പഴയ കോണ്‍ഗ്രസാണ്, പണ്ട് അയോധ്യയില്‍ ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്. ശ്രീരാമനെ തിരസ്‌കരിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരസ്‌കരിക്കും', എന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
Keywords: 'I'm Emotional. First Time...': PM Modi's Message Ahead Of Ram Temple Event, New Delhi, News, Emotional, Prime Minister, Politics, Religion, Social Media, Ram Temple Event, National News.