Appointment | പുതുച്ചേരി ലഫ്. ഗവര്‍ണറായി മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ കൈലാസനാഥനെ നിയമിച്ചു; പുതുതായി ചുമതല നല്‍കിയവരില്‍ മറ്റ് 10 പേരും
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്
കൈലാസനാഥന്‍ ഉള്‍പ്പെടെ 10 പുതിയ ഗവര്‍ണര്‍മാരെ കൂടി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി
ന്യൂഡെല്‍ഹി: (KasargodVartha) മലയാളിയായ (Malayalee) മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ കൈലാസനാഥനെ (K Kailanathan) പുതുച്ചേരി ലഫ്. ഗവര്‍ണറായി (Lt. Governor of Puducherry) നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ( President Droupadi Murmu) . ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് കൈലാസനാഥന്‍ ഉള്‍പ്പെടെ 10 പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് ഉത്തരവിറക്കിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിതനായ കൈലാസനാഥന്‍. കോഴിക്കോട് വടകര സ്വദേശിയായ കൈലാസനാഥന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണു വിരമിച്ചത്.
ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. മണിപ്പൂര്‍ ഗവര്‍ണറുടെ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്. അസം ഗവര്‍ണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവര്‍ണറായും ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു. ഇവിടെ ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവന്‍ അറിയിച്ചു.
റമണ്‍ ദേക്കയാണ് പുതിയ ഛത്തീസ് ഗഡ് ഗവര്‍ണര്‍. രാജസ്താനിലെ പുതിയ ഗവര്‍ണറായി എച് കെ ബാഗ്‌ദെയെ നിയമിച്ചു. സിഎച് വിജയശങ്കറാണ് മേഘാലയ ഗവര്‍ണര്‍. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് പുതിയ മഹാരാഷ്ട്ര ഗവര്‍ണര്‍. ജിഷ്ണുദേവ് വര്‍മയാണ് പുതിയ തെലങ്കാന ഗവര്‍ണര്‍. ഓംപ്രകാശ് മാത്തൂറിനെ സിക്കിം ഗവര്‍ണറായും നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറിനെ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചു.