Bail | ലൈംഗികാതിക്രമക്കേസിൽ എംഎൽഎ എച്ച്‌ഡി രേവണ്ണയ്ക്ക് ജാമ്യം
* കേസിൽ മകൻ മകൻ പ്രജ്വൽ രേവണ്ണ രണ്ടാം പ്രതിയാണ്
ബെംഗളുറു: (KasargodVartha) ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദങ്ങൾക്കിടെ ഹൊലേനരസിപൂർ ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം. വീട്ടിലെ സ്റ്റോർറൂമിൽ വച്ച് പീഡിപ്പിച്ചതായി 47കാരിയായ വീട്ടുജോലിക്കാരി ആരോപിച്ചിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്ന എച്ച്‌ഡി രേവണ്ണയ്ക്ക് ലൈംഗികാതിക്രമക്കേസിൽ കൂടി ജാമ്യം ലഭിച്ചത് ആശ്വാസമായി.
ഹർജി പരിഗണിച്ച 42-ാം എസിഎംഎം കോടതി ജഡ്‌ജ് ജെ പ്രീതാണ് എച്ച്‌ഡി രേവണ്ണയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും ഒരാളുടെ ആൾ ജാമ്യത്തിലും ജാമ്യം അനുവദിച്ചത്. എച്ച്‌ഡി രേവണ്ണയ്ക്കും എംപി പ്രജ്വൽ രേവണ്ണയ്ക്കുമെതിരെ ഹൊലേനരസിപൂർ പൊലീസ് സ്റ്റേഷനിലാണ് ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്ഐആറിൽ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഐപിസി 376 പ്രകാരം ബലാത്സംഗ കുറ്റവും ചുമത്തി. ഈ കേസിൽ എച്ച്‌ഡി രേവണ്ണ മാത്രമാണ് ജാമ്യം നേടിയത്. രേവണ്ണ ഒന്നാം പ്രതിയും മകൻ പ്രജ്വൽ രണ്ടാം പ്രതിയുമാണ്.
മൂന്ന് ദിവസം മുമ്പ് ലൈംഗികാതിക്രമക്കേസിൽ രേവണ്ണയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ലൈംഗികാതിക്രമക്കേസിലെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച് കോടതി രേവണ്ണയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. സിറ്റി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസിലാണ് രേവണ്ണ ഇതിനകം ജാമ്യത്തിലുള്ളത്. മകൻ പ്രജ്വലിൻ്റെ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നൽകിയ പെൺകുട്ടി മൊഴി നൽകുന്നത് തടയാൻ അവരെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.