Man Died | പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് അപകടം; ഒരാള്‍ മരിച്ചു
പുരി: (KasargodVartha) ഒഡീഷയിലെ (Odisha) കടല്‍ത്തീര തീര്‍ഥാടന നഗരമായ പുരിയില്‍ (Puri) രഥയാത്രയ്ക്കിടെ (Rath Yatra) അപകടം. 'രഥം വലിക്കല്‍' ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധി ഭക്തര്‍ക്ക് പരുക്കേറ്റു. ശ്വാസതടസ്സമുണ്ടായ എട്ടുപേരെ ആശുപത്രിയിലാക്കി. മരിച്ചയാളുടെ കുടുംബത്തിന് ഒഡിഷ സര്‍കാര്‍ നാലുലക്ഷം രൂപ സഹായധനം (Monetary Aid) പ്രഖ്യാപിച്ചു.
രണ്ടുദിവസത്തെ രഥയാത്രയ്ക്ക് ഞായറാഴ്ചയാണ് തുടക്കമായത്. വൈകിട്ട് പുരിയിലെ ഗ്രാന്‍ഡ് റോഡായ ബഡാ ദണ്ഡ റോഡില്‍ ബലഭദ്രന്റെ രഥം വലിക്കുന്ന ഘോഷയാത്ര നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതായി കരുതുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ഭീമന്‍ രഥങ്ങള്‍ വലിച്ചുകൊണ്ടുപോകുന്നതാണ് ചടങ്ങ്.
53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1971 ലാണ് രണ്ട് ദിവസത്തെ രഥയാത്രയാണ് ആരംഭിക്കുന്നത്. പുരി ശങ്കരാചാര്യ സ്വാമി നിശ്ചലനാദ സരസ്വതി തന്റെ ശിഷ്യന്മാരോടൊപ്പം ഭഗവാന്‍ ജഗന്നാഥന്റെയും ബലഭദ്രന്റെയും ദേവി സുഭദ്രയുടെയും രഥങ്ങള്‍ സന്ദര്‍ശിക്കുകയും പുരിയുടെ പട്ടാള രാജാവ് 'ചേരാ പഹന്‍ര' (രഥം തൂത്തുവാരല്‍) ചടങ്ങ് പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷമാണ് രഥം വലിക്കല്‍ തുടങ്ങിയത്.
വാര്‍ഷിക രഥയാത്രയുടെ തുടക്കം കുറിക്കുന്ന 45 അടിയോളം ഉയരമുള്ള ബലഭദ്രന്റെ തടികൊണ്ടുള്ള രഥം വലിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടുന്നത്. തുടര്‍ന്ന് ദേവി സുഭദ്രയുടെയും ജഗന്നാഥന്റെയും രഥങ്ങള്‍ വലിക്കും. ഈ സുപ്രധാന ചടങ്ങിനായി ദശലക്ഷത്തോളം ഭക്തര്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ ഒത്തുകൂടിയതായി കണക്കാക്കപ്പെടുന്നു.