Election | ജമ്മു കശ്മീരിലെ ഏക ഇടതുകോട്ടയില്‍ സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ഥി; വിജയം ആവര്‍ത്തിക്കുമെന്ന് തരിഗാമിയും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് അഹമ്മദ് റെഷിയും
● സംസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍
● വിധി എഴുതുന്നത് ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം
ശ്രീനഗര്‍: (KasargodVartha) ബുധനാഴ്ച ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കാനിരിക്കെ സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍. ഏതാനും ദിവസം മുന്‍പും ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് മേഖലയിലെങ്ങും സുരക്ഷ ശക്തമാക്കിയത്. കശ്മീര്‍ മേഖലയിലെ പതിനാറും ജമ്മു മേഖലയിലെ എട്ടും ഉള്‍പ്പെടെ 24 മണ്ഡലങ്ങളിലാണ്, ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബര്‍ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ജമ്മുവില്‍ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവര്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ വ്യക്തമാക്കിയിരുന്നു. 11,838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടര്‍മാരാണുള്ളത്.
നിലവില്‍ ബിജെപിയാണ് ജമ്മുവില്‍ ഭരണം നടക്കുന്നത്. ഭരണത്തില്‍ എത്താന്‍ കോണ്‍ഗ്രസ് കഠിന പ്രയത്‌നം തന്നെ നടത്തുന്നുണ്ട്. 10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനഹിതം എങ്ങനെയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ജമ്മു മേഖലയിലാണ് ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെക്കുന്നത്. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ജീവന്മരണ പോരാട്ടമാണ്.
കശ്മീര്‍ മേഖലയില്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് പ്രബല ശക്തികള്‍. ഇതിന് പുറമെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. രണ്ട് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ച് സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റിലും ബിജെപി രണ്ട് സീറ്റിലുമാണ് ജയിച്ചത്. ബരാമുള്ളയില്‍ ഉമര്‍ അബ്ദുള്ള പരാജയപ്പെടുകയും ചെയ്തു.
അതിനിടെ ജമ്മു കശ്മീരിലെ ഏക ഇടതുകോട്ടയില്‍ സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ഥി രംഗത്ത്. കുല്‍ഗാം മണ്ഡലത്തില്‍ നാലുതവണ ജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യുസുഫ് തരിഗാമിക്കെതിരെയാണ് ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സയ്യിദ് അഹമ്മദ് റെഷി മത്സരിക്കുന്നത്. വിജയം ആവര്‍ത്തിക്കുമെന്ന് തരിഗാമിയും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് അഹമ്മദ് റെഷിയും പ്രതികരിച്ചു. 37 വര്‍ഷത്തിന് ശേഷമാണു ജമാഅത്ത് വീണ്ടും മത്സരത്തിന് ഇറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഭീകരവാദമാണ് പ്രധാന ആശങ്കയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിക്ക് തടസമില്ലെന്ന് തരിഗാമി വിമര്‍ശിച്ചു. ഇത് മറ്റെവിടെയും നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വതന്ത്രരായാണ് മത്സരിക്കുന്നതെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമാണെന്നാണ് അവരെല്ലാം സ്വയം പരിചയപ്പെടുത്തുന്നതെന്നും തരിഗാമി കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് തവണത്തെ പോലെ തന്നെ അഞ്ചാം തവണയും വിജയിക്കുമെന്നും ജമാഅത്തിനൊപ്പം ആരും നില്‍ക്കില്ലെന്നും യുസുഫ് തരിഗാമി പറയുന്നു. എന്നാല്‍, ഇത് സിപിഎമ്മിന്റെ മണ്ഡലമല്ലെന്നാണ് അഹമ്മദ് റെഷിയുടെ വാദം. കഴിഞ്ഞ തവണകളില്‍ സിപിഎമ്മിനെതിരെ ശക്തമായ എതിരാളിയില്ലായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ അല്ല, സ്ത്രീകളും യുവാക്കളും പ്രായമായവരുമെല്ലാം തനിക്കൊപ്പമാണെന്ന് റെഷി പറയുന്നു.
കശ്മീരിലെ കമ്യൂണിസ്റ്റ് തുരുത്ത് എന്ന് അറിയപ്പെടുന്ന കുല്‍ഗാം മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ജമ്മു കശ്മീരിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനീതികള്‍ എണ്ണിപ്പറഞ്ഞാണ് സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിയുടെ പ്രചാരണം.
എന്നാല്‍, കഴിഞ്ഞ നാല് തവണത്തെപ്പോലെ ഇത്തവണ അത്ര എളുപ്പമല്ല തരിഗാമിക്ക് വിജയിക്കാന്‍. കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ കോട്ടയായാണ് കുല്‍ഗാം അറിയപ്പെടുന്നത്. അവിടെ ജമാഅത്ത് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വരുമ്പോള്‍ തരിഗാമിക്ക് കാര്യങ്ങള്‍ കടുകട്ടിയാകും.
ഇതിനുമുന്‍പ് 1972ലും 1977ലുമായി രണ്ടു തവണ കുല്‍ഗാമില്‍ മത്സരിച്ചപ്പോഴും വിജയം ജമാഅത്തിനൊപ്പമായിരുന്നു. നിരോധനം ഉള്ളതിനാല്‍ കുല്‍ഗാം, പുല്‍വാമ, ദേവ് സര്‍, സൈനപോറ എന്നിവിടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മത്സരം.
എന്‍ജിനീയര്‍ റാഷിദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിയുമായി സഖ്യമായാണ് ജമാഅത്ത് മത്സരിക്കുന്നത്. 1987 വരെ ഒറ്റയ്ക്കും മുന്നണിയുടെ ഭാഗമായും സംഘടന മത്സരിച്ചിരുന്നു. ഒറ്റയ്ക്കു മത്സരിച്ച 1972, 1977 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ചും ഒന്നും സീറ്റുകളില്‍ വിജയിച്ചു. അവസാനമായി 1987ല്‍ മുസ്ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് പിന്നീട് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. പിന്നീട് ഇപ്പോള്‍ 37 വര്‍ഷത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്.
#JammuKashmirElections #KulgamContest #TarigamiVsReshi #CPMChallenge #IndependentCandidate #ElectionShowdown