city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BR Ambedkar | രാജ്യം വീണ്ടുമൊരു റിപബ്ലിക് ദിനം കൂടി ആചരിക്കുമ്പോള്‍ ആദരവ് നല്‍കുന്നത് ബി ആര്‍ അംബേദ്കറിന് കൂടി; ഭരണഘടന കത്തിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം പറയാനുള്ള കാരണം?

ന്യൂഡെല്‍ഹി: (KasargodVartha) ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഇന്‍ഡ്യന്‍ ഭരണഘടനയുടെ പിതാവിന് ഇന്‍ഡ്യയുടെ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ഭരണഘടനയുടെ ശില്പിയായി പരക്കെ അംഗീകരിക്കപ്പെട്ട സ്വതന്ത്ര ഇന്‍ഡ്യയിലെ ആദ്യത്തെ നിയമമന്ത്രിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കര്‍. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സ്വതന്ത്ര ഇന്‍ഡ്യയുടെ ഭരണഘടനാ ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഡോ. ബി ആര്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ വികസനത്തിന് അംബേദ്കറുടെ സംഭാവന സമാനതകളില്ലാത്തതാണ്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തലമുറകള്‍ക്ക് പ്രചോദനമായി തുടരുന്നു.

വീണ്ടുമൊരു റിപബ്ലിക് ദിനം കൂടി വന്നുചേരുമ്പോള്‍, ഭരണഘടനയും അതിന്റെ അന്തസത്തയും ധാര്‍മികതയും അപ്രസക്തമാകുകയാണോയെന്ന വലിയ രാഷ്ട്രീയ ചര്‍ച്ചയാവുന്ന ഇക്കാലത്ത് അംബേദ്കറുടെ വാക്കുകളുടെ പ്രസക്തിയേറുകയാണ്. ഭരണഘടന ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ അത് കത്തിക്കുന്ന ആദ്യയാളാവും ഞാനെന്നായിരുന്നു ഏഴ് പതിറ്റാണ്ട് മുമ്പ് പാര്‍ലമെന്റില്‍ ബി ആര്‍ അംബേദ്കറുടെ പ്രഖ്യാപനം.

അംബേദ്കറുടെ ആ ഞെട്ടിച്ച പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു;

'ഭരണഘടന ഉണ്ടാക്കിയത് ഞാനാണെന്നാണ് എന്റെ സുഹൃത്തുക്കള്‍ പറയുന്നത്. അത് കത്തിക്കുന്ന ആദ്യ വ്യക്തിയായിരിക്കുമെന്ന് പറയാനും ഞാന്‍ തയ്യാറാണ്'. 1953 സെപ്റ്റംബര്‍ രണ്ടാം തീയതി അംബേദ്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗം കേട്ട് അംഗങ്ങളെല്ലാവരും നെറ്റി ചുളിച്ചു.

'ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടെന്ന കാര്യം ഓര്‍ക്കണം. ന്യൂനപക്ഷങ്ങളെ മുറിവേല്‍പ്പിക്കുന്നതായിരിക്കും ഏറ്റവും വലിയ വേദന'യെന്ന് 1953 സെപ്റ്റംബര്‍ രണ്ടാം തീയതിയിലെ പ്രസംഗത്തില്‍ അംബേദ്കര്‍ പ്രസ്താവിക്കുന്നുണ്ട്.

പിന്നീട് ഭരണഘടന കത്തിക്കുമെന്ന് താങ്കള്‍ പറഞ്ഞതിനുള്ള കാരണങ്ങള്‍ എന്തായിരുന്നുവെന്ന് രാജ്യസഭാംഗമായ ഡോ. അനൂപ് സിംഗ് 1955 മാര്‍ച് 19ന് ചോദിച്ചപ്പോള്‍, തന്റെ പരാമര്‍ശത്തിന് പിന്നിലെ കാരണങ്ങള്‍ അംബേദ്കര്‍ വിശദമാക്കുന്നുണ്ട്.

'ദൈവത്തിനെ പ്രതിഷ്ഠിക്കാന്‍ വേണ്ടി ഒരു ക്ഷേത്രം നിര്‍മിച്ചു. എന്നാല്‍ ദൈവത്തെ കുടിയിരുത്തും മുമ്പ് അവിടം പിശാച് കൈവശപ്പെടുത്തിയെങ്കില്‍ ക്ഷേത്രം നശിപ്പിക്കുകയല്ലാതെ നമുക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക? അസുരന്‍മാര്‍ക്ക് വേണ്ടിയല്ല, ദേവന്‍മാര്‍ക്ക് വേണ്ടിയാണ് ക്ഷേത്രം പണികഴിപ്പിച്ചത്. അതുകൊണ്ടാണ് ഞാന്‍ അത് കത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞത്'- എന്നായിരുന്നു ഡോ. അനൂപ് സിംഗിന്റെ ചോദ്യത്തിന് അംബേദ്കര്‍ നല്‍കിയ മറുപടി.

ആ പ്രതിഭയുടെ വാക്കുകളുടെ ദീര്‍ഘവീക്ഷണമാണ് വ്യക്തമാകുന്നത്. അംബേദ്കര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണഘടനയുടെ ചുമതലയാണെന്നായിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ വലിയ രാഷ്ട്രീയ അസ്ഥിരതയിലും ഭീതിയിലും ജീവിക്കുമ്പോള്‍, ഭരണഘടനയുടെ രാഷ്ട്രീയ-നിയമ മാനങ്ങള്‍ റദ്ദ് ചെയ്യാന്‍ തീവ്രശ്രമങ്ങള്‍ നടക്കുമ്പോള്‍ അംബേദ്കര്‍ ഇന്‍ഡ്യന്‍ റിപബ്ലികിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ നാമമായി മാറുകയാണ്.

ഭരണഘടന ദുരുപയോഗം ചെയ്താല്‍, ഭരണഘടനയുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടാല്‍, രാജ്യത്തെ ന്യൂനപക്ഷങ്ങളെ വിവേചനപൂര്‍വം കാണുകയാണെങ്കില്‍ അന്നുമുതല്‍ ഭരണഘടനയുടെ അന്തസത്ത ചോരുമെന്നും അത് കത്തിക്കുന്നതാവും നല്ലതെന്നുമായിരുന്നു അംബേദ്കറുടെ നിരീക്ഷണം.

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആത്മാവായ ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമിറ്റിയാണ് രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയത്. ബ്രിടീഷുകാരുടെ ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ ആക്ട് 1935ന് പകരമായി 1950 ജനുവരി 26ന് ഇന്‍ഡ്യന്‍ ഭരണഘടന രാജ്യമെമ്പാടും പ്രാബല്യത്തില്‍ വരികയായിരുന്നു. ഇന്‍ഡ്യയുടെ പരമോന്നത ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓര്‍മക്കായാണ് ജനുവരി 26 രാജ്യം റിപബ്ലിക് ദിനമായി ആഘോഷിക്കുന്നത്.


BR Ambedkar | രാജ്യം വീണ്ടുമൊരു റിപബ്ലിക് ദിനം കൂടി ആചരിക്കുമ്പോള്‍ ആദരവ് നല്‍കുന്നത് ബി ആര്‍ അംബേദ്കറിന് കൂടി; ഭരണഘടന കത്തിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം പറയാനുള്ള കാരണം?

 

ബുദ്ധമത പ്രവര്‍ത്തകന്‍, ചരിത്രകാരന്‍, രാഷ്ട്രീയ നേതാവ്, പണ്ഡിതന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, വാഗ്മി, നരവംശശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍, നിയമജ്ഞന്‍, പത്രാധിപര്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമായിരുന്നു അംബേദ്കര്‍.

1891 ഏപ്രില്‍ 14 നാണ് ബാബാസാഹെബ് ജനിച്ചത്. സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതിനും ദളിതരെയും മറ്റ് പിന്നാക്ക സമുദായങ്ങളെയും അവരുടെ അവകാശങ്ങള്‍ക്കായി പ്രതിനിധീകരിക്കുന്നതിലും പ്രധാനിയായിരുന്നു അംബേദ്കര്‍. 1990-ല്‍, രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരത് രത്‌ന' അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ലഭിച്ചു.

Keywords: News, National, National-News, Republic-Day, Top-Headlines, Father of Indian Constitution, Life, Works, Achievements, Dr. Bhimrao Ambedkar, Republic Day, Constitution, National News, Father of Indian Constitution - Know Life, Works and Achievements of Dr. Bhimrao Ambedkar!.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia