Accident | സഊദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
Feb 11, 2024, 17:06 IST
മംഗ്ളുറു: (KasaragodVartha) ബുധനാഴ്ച (ഫെബ്രുവരി 14 ന്) സഊദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഉള്ളാൾ ഉച്ചില റെയിൽവേ ഗേറ്റിന് സമീപത്തെ ഹസൈനാറിൻ്റെ മകൻ ജഅ്ഫർ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉള്ളാളിലെ സങ്കോലിഗെ റെയിൽ പാളത്തിലാണ് അപകടം സംഭവിച്ചത്.
വീട്ടിലേക്ക് പോകാനായി റെയിൽ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. സഊദി അറേബ്യയിൽ ജോലി ലഭിച്ചതിനെ തുടർന്ന്, മുംബൈയിൽ ജോലി ചെയ്തിരുന്ന ജഅ്ഫർ അടുത്തിടെയാണ് നാട്ടിലേക്ക് വന്നത്. ഇതിനിടയിലാണ് ദാരുണ അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് കേസെടുത്തു.