Roadshow | മംഗ്ളൂറിനെ ഇളക്കി മറിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
* ദക്ഷിണ കന്നഡ, ഉഡുപ്പി-ചികമംഗ്ളുറു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഒപ്പമുണ്ടായിരുന്നു
മംഗ്ളുറു: (KasaragodVartha) നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവർത്തകരിൽ ആവേശം തീർത്തു. ഞായറാഴ്ച വൈകിട്ട് 7.15ന് മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ശേഷം നഗരത്തിലെ ബ്രഹ്മശ്രീ നാരായണ ഗുരു സർകിളിലെത്തി റോഡിൻ്റെ ഇരുവശങ്ങളിലും നിന്നവരോട് നന്ദി പറഞ്ഞു. ശ്രീ നാരായണ ഗുരുവിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം റോഡ് ഷോ ആരംഭിച്ചു. റോഡിനിരുവശവും തടിച്ചുകൂടിയ പ്രവർത്തകർ ബിജെപി പതാകകൾ വീശിയും പുഷ്പങ്ങൾ ചൊരിഞ്ഞും പ്രധാനമന്ത്രിയെ വരവേറ്റു.
അലങ്കരിച്ച തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി, കാവി തൊപ്പിയും ബിജെപി ചിഹ്നമായ താമരയും പിടിച്ച് ജനക്കൂട്ടത്തിന് നേരെ കൈവീശി. ദക്ഷിണ കന്നഡ, ഉഡുപ്പി-ചികമംഗ്ളുറു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, കോട്ട ശ്രീനിവാസ് പൂജാരി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാരായണ ഗുരു സർകിളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ നവഭാരത് സർകിളിൽ രാത്രി 8.45 മണിയോടെ റോഡ് ഷോ അവസാനിച്ചു. നവഭാരത് സർകിളിൽ എസ്‌യുവിയിൽ കയറിയ പ്രധാനമന്ത്രി ഹമ്പനക്കാട്ടെ സർകിൾ വരെ റോഡരികിൽ നിൽക്കുന്നവരെ കൈവീശി കാണിച്ചു.
The roadshow in Mangaluru was memorable! Here are highlights from yesterday… pic.twitter.com/TsbqLeVdHL
— Narendra Modi (@narendramodi) April 15, 2024
മോദിയുടെ പരിപാടിക്കായി മംഗ്ളുറു നഗരം ബിജെപി പതാകകളും മറ്റും കൊണ്ട് കാവിനിറമായിരുന്നു. രാവിലെ മുതൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ബാരികേഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ റോഡ്ഷോ റൂടിൽ വാഹനഗതാഗതം തടസപ്പെട്ടു. റോഡ് ഷോ ആരംഭിക്കുന്നതിന് മുമ്പ് എംപി നളിൻ കുമാർ കട്ടീൽ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി എംഎൽഎമാരും മറ്റ് ബിജെപി നേതാക്കളും മോദിയെ അഭിവാദ്യം ചെയ്തു. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ദേവിയുടെ ഛായാചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
രണ്ട് ഘട്ടമായാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിൻ്റെ തെക്കൻ ഭാഗങ്ങളിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 26നും വടക്കൻ ജില്ലകളിലേക്കുള്ള രണ്ടാം ഘട്ട വോടെടുപ്പ് മെയ് ഏഴിന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മംഗ്ളൂറിൽ എത്തിയത്.