Trains | ഓഗസ്റ്റ് 8 വരെ മംഗ്ളൂറിൽ നിന്ന് ബെംഗ്ളൂറിലേക്ക് ട്രെയിനുകളില്ല; യാത്രക്കാർ പ്രതിസന്ധിയിൽ
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സമയം ആവശ്യമായി വന്നതിനാൽ, റെയിൽ സർവീസുകൾ ഓഗസ്റ്റ് എട്ടിന് ശേഷമേ പുനരാരംഭിക്കൂ എന്ന് മൈസൂരു റെയിൽവേ ഡിവിഷൻ
മംഗ്ളുറു: (KasargodVartha) ശക്ലേഷ്പുർ ഭാഗത്ത് ഡോണിഗലിൽ മണ്ണിടിച്ചിലിനെ തുടർന്ന് മംഗ്‌ളൂറിനും ബെംഗ്ളൂറിനുമിടയിൽ നിർത്തിവച്ച ട്രെയിൻ സർവീസ് ഇനിയും പുനരാരംഭിച്ചില്ല. ജൂലൈ 27 മുതൽ 12 ട്രെയിൻ സർവീസുകൾ നിർത്തിവച്ചതിനെ തുടർന്ന് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സമയം ആവശ്യമായി വന്നതിനാൽ, റെയിൽ സർവീസുകൾ ഓഗസ്റ്റ് എട്ടിന് ശേഷമേ പുനരാരംഭിക്കൂ എന്ന് മൈസൂരു റെയിൽവേ ഡിവിഷൻ അറിയിച്ചു. മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ ചരക്ക് വണ്ടികൾ സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും, പാസൻജർ സർവീസുകൾക്ക് കൂടുതൽ സുരക്ഷാ പരിശോധനകൾ ആവശ്യമാണ്. ട്രെയിൻ സർവീസ് മുടങ്ങിയത് മംഗ്ളൂറിൽ നിന്ന് ബെംഗ്ളൂറിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ബദൽ ഗതാഗത സൗകര്യങ്ങൾ തേടേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.