Milk production | കർണാടകയിൽ പശുക്കൾ ചൊറിപിടിച്ച് ചാവുന്നു; പ്രതിദിന പാൽ ഉത്പാദനം 10 ലക്ഷം ലിറ്റർ കുറഞ്ഞു
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ഗോസുരക്ഷക്ക് നിയമമുള്ള കർണാടകയിൽ കാലികൾ കൂട്ടത്തോടെ ചൊറിപിടിച്ച് ചാവുന്നു. ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോൾ നിവാരണ, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ സർകാർ സംവിധാനങ്ങൾ പരാജയമെന്നാണ് ആക്ഷേപം. ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റർ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊടും വരൾച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാൽ സ്വീകരിക്കുന്നതിൽ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കർണാടക മിൽക് ഫെഡറേഷന്റെ (KMF) കണക്കുകൾ പ്രകാരം കഴിഞ്ഞ ജൂലൈ മുതൽ പാലുൽപാദനം ദിവസം ശരാശരി 10ലക്ഷം ലിറ്റർ കുറഞ്ഞു. വരും ദിനങ്ങളിൽ ഇനിയും കുറയാനാണ് സാധ്യത. സംസ്ഥാനത്തെ 26 ലക്ഷം ക്ഷീരകർഷകർ 75.6 ലക്ഷം ലിറ്റർ പാലാണ് ഫെഡറേഷനിൽ സംഭരിക്കുന്നത്. കഴിഞ്ഞ വർഷം (2021-22) ഇതേ കാലത്ത് 84.5 ലക്ഷം ലിറ്റർ ആയിരുന്നു പ്രതിദിന ക്ഷീര സംഭരണം.
നെയ്യ്, വെണ്ണ തുടങ്ങിയ ഉപോൽപന്നങ്ങളുടെ വിലയിലുണ്ടായ വർധന ഉപഭോക്താക്കളെ ബാധിക്കുന്നു. 16 യൂണിയനുകളും പാൽപ്പൊടി ഉൽപാദനം കുറക്കാൻ നിർബന്ധിതരായി. ക്ഷീരഭാഗ്യ പദ്ധതിയിൽ ഗവ. സ്കൂൾ വിദ്യാർഥികൾക്കുള്ള പാൽപ്പൊടി വിതരണം വെട്ടിക്കുറച്ചതാണ് ഇതിന്റെ പാർശ്വഫലം. പ്രതിദിന ഉത്പാദനം 70,000 ലിറ്റർ കുറഞ്ഞതായി ഒന്നാം നിരയിലെ തുമകൂറു മിൽക് യൂണിയൻ മാനജിംഗ് ഡയറക്ടർ ബിപി സുരേഷ് പറഞ്ഞു.
അറബ് രാജ്യങ്ങളിലേക്ക് പാലും പാൽ ഉൽപന്നങ്ങളും കയറ്റി അയക്കുന്നതിലൂടെ വലിയ നേട്ടമാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. കയറ്റുമതിയിൽ മുൻനിരക്കാരായ ഹുൻസൂർ യൂണിയനിൽ കഴിഞ്ഞയാഴ്ച അറബ് സംഘം സന്ദർശനം നടത്തിയതായി മാനജിംഗ് ഡയറക്ടർ ഗോപയ്യ പറഞ്ഞു. രോഗ സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച അവരുടെ സംശയങ്ങൾ തീരേണ്ടതുണ്ട്. കയറ്റുമതി സാധ്യമായാൽ അറബ് രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം 500 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ഫെഡറേഷൻ പ്രതീക്ഷിക്കുന്നത്.
ഒറ്റ ദിവസം മുന്നൂറോളം കാലികൾ ചാവുന്ന അവസ്ഥയിൽ സങ്കീർണമാണ് കർണാടകയിൽ രോഗം എന്ന് മൃഗസംരക്ഷണ വകുപ്പ് ദക്ഷിണ കന്നഡ ഉപ ഡയറക്ടർ ഡോ. എൻ അരുൺ കുമാർ ഷെട്ടി പറഞ്ഞു. കാൽ ലക്ഷം കാലികൾ, ഏറെയും പശുക്കൾ ഇതിനകം ചത്തു. ശരീരത്തിൽ ചൊറിപിടിച്ച് വ്രണമാവുന്നതാണ് രോഗത്തിന്റെ പ്രകടരൂപം. രോഗബാധിത ജന്തുക്കളുടെ ആന്തരാവയങ്ങളെ ബാധിക്കുകയും പോഷണം നശിച്ച് ചാവുകയുമാണ് ചെയ്യുന്നത്. മനുഷ്യരിലേക്ക് പകരില്ല. ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നത്.
Keywords: Mangalore, News, National, Top-Headlines, Milk, Business, Milk output in Karnataka drops by 10 lakh litres a day.