Electrocuted | പൊട്ടിവീണ കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 2 ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ദാരുണാന്ത്യം
ഇരുവരും ഒരേ സ്ഥലത്താണ് താമസം.
വ്യാഴാഴ്ച പുലര്‍ചെയാണ് അയല്‍വാസികള്‍ മരണവിവരം അറിഞ്ഞത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മംഗ്‌ളൂറു: (KasargodVartha) ശക്തമായ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ട് ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ദാരുണാന്ത്യം. പുത്തൂര്‍ സ്വദേശി ദേവരാജ് ഗൗഡ (46), ഹാസന്‍ സ്വദേശി രാജു പാള്യ (50) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പാണ്ഡേശ്വരത്തെ റൊസാരിയോ പള്ളിക്ക് സമീപത്താണ് ഇരുവരും താമസം. രാത്രിയില്‍ ഓട്ടം കഴിഞ്ഞതിന് ശേഷം രണ്ടുപേരും താമസസ്ഥലത്ത് എത്തി. ഇതിനിടയിലാണ് അപകടം നടന്നത്.
താമസിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. ഓടോറിക്ഷ കഴുകുന്നതിനാണ് രാജു പുറത്തിറങ്ങിയത്. ഈ സമയത്ത് ഓടോറിക്ഷയുടെ മുകളിലേക്ക് പൊട്ടി വീണ കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ദേവരാജഗൗഡയ്ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
അതേസമയം, ഇരുവര്‍ക്കും അപകടം പറ്റിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച (27.06.2024) പുലര്‍ചെയാണ് സംഭവം അയല്‍വാസികള്‍ അറിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.