Witchcraft | ബെല്‍ത്തങ്ങാടിയില്‍ ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപണം; തലയ്‌ക്കൊപ്പം വ്യക്തികളുടെ ചിത്രങ്ങളും
25 ആടുകളെയാണ് ബലി നല്‍കിയത്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള 25 ഏകര്‍ സ്ഥലം മാസങ്ങള്‍ക്ക് മുമ്പാണ് ഒരാള്‍ക്ക് കൈമാറിയത്.
ഇടപാടുമായി ബന്ധപ്പെട്ട് 8 കോടിയിലേറെ രൂപ ഉടമകള്‍ക്ക് ലഭിക്കാനുണ്ട്.
മംഗ്‌ളൂറു: (KasargodVartha) ബെല്‍ത്തങ്ങാടി, പടങ്കടി, ഗോളിയാര്‍ എന്നിവിടങ്ങളില്‍ ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപണം. 25 ആടുകളെയാണ് ബലി നല്‍കിയത്. ആടുകളുടെ ഓരോ തലക്കൊപ്പം ഓരോ വ്യക്തികളുടെ ചിത്രങ്ങളുംവെച്ച നിലയില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദത്തിന് പിന്നില്‍ മലയാളികളില്‍നിന്ന് സ്ഥലം വാങ്ങിയ ആളുകളാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ഗോപകുമാര്‍, സുമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 25 ഏകര്‍ സ്ഥലം മാസങ്ങള്‍ക്ക് മുമ്പാണ് ഒരാള്‍ക്ക് കൈമാറിയത്. ഇടപാടുമായി ബന്ധപ്പെട്ട് എട്ട് കോടിയിലേറെ രൂപ ഉടമകള്‍ക്ക് ലഭിക്കാനുണ്ടത്രെ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുണ്ട്. ഇതിനിടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്ഥലത്തിന്റെ ഗേറ്റിനോട് ചേര്‍ന്ന് മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നെന്ന വിവരം പുറത്തുവന്നത്. പുറമെ നിന്ന് നോക്കിയാല്‍ കാണുന്ന തരത്തിലാണ് ആടുകളുടെ തലകള്‍ കാണപ്പെട്ടത്. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.