Fish | ഇനി 61 ദിവസം കടൽ മീൻ വരവ് കുറയും; കർണാടകയിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നു
നദികളിലും കടലിലും പരമ്പരാഗത മീൻ പിടുത്തത്തിന് മാത്രമായിരിക്കും അനുവാദം
മംഗ്ളുറു: (KasargodVartha) കർണാടകയിൽ ട്രോളിങ് നിരോധനത്തിനു വെള്ളിയാഴ്ച അര്‍ധ രാത്രി മുതൽ തുടക്കമായി. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. ജൂലൈ 31 വരെ നദികളിലും കടലിലും പരമ്പരാഗത മീൻ പിടുത്തത്തിന് മാത്രമായിരിക്കും അനുവാദം.
മഴക്കാലം മീൻ അടക്കമുള്ള കടൽ ജീവികളുടെ പ്രജനന സമയമായതിനാലാണ് ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ യന്ത്രവത്കൃത ബോടിലൂടെയുള്ള മീൻപിടുത്തം നിരോധിച്ചിരിക്കുന്നത്. കൂടാതെ, മൺസൂൺ സമയത്ത്, വലിയ തിരമാലകളും കാറ്റും കാരണം കടൽ പ്രക്ഷുബ്ധമാകുകയും ബോടുകൾക്കും തൊഴിലാളികൾക്കും അപകടമുണ്ടാക്കുകയും ചെയ്യുന്നു.
കടലിൽ മീൻ ലഭ്യത കുറവായതിനാൽ നേരത്തെ തന്നെ നിരവധി ബോടുകൾ മീൻപിടുത്തം അവസാനിപ്പിച്ചിരുന്നു. ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോടുകള്‍ മടങ്ങിയെത്തിയിട്ടുണ്ട്. നദികളിലും കടൽത്തീരങ്ങളിലും ജൂലൈ 31 വരെ 10 എച്ച്പി എൻജിൻ ബോടുകൾക്കും പരമ്പരാഗത തോണികൾക്കും മാത്രമേ മീൻപിടുത്തത്തിന് അനുവാദമുള്ളൂ.
കഴിഞ്ഞ വർഷം ട്രോളിംഗ് അവസാനിച്ചത് മുതൽ യന്ത്രവത്കൃത ബോടുടമകളിൽ ഭൂരിഭാഗവും നഷ്ടം നേരിട്ടു. സാധാരണയായി, സീസണിൻ്റെ തുടക്കവും അവസാനവും വളരെ ലാഭകരമാണ്. എന്നാൽ, ഈ വർഷം സീസണിൻ്റെ തുടക്കത്തിൽ മീൻ സുലഭമായിരുന്നെങ്കിലും വില കുറവായിരുന്നു. ഇപ്പോൾ സീസണാവസാനം വില കൂടിയെങ്കിലും ആഴക്കടലിൽ മീൻ സമ്പത്ത് കുറവായിരുന്നു.
മംഗ്ളുറു തുറമുഖത്ത് 2022-23ൽ 3.33 മെട്രിക് ടൺ മീനാണ് ലഭിച്ചത്. 2023-24ൽ ഇത് 1.89 മെട്രിക് ടൺ മാത്രമാണ്. ഉഡുപ്പി-കുന്ദാപ്പൂരിൽ 2022-23ൽ 1.91 മെട്രിക് ടൺ മീനാണ് പിടികൂടിയത്. 2023-24ൽ 2.37 മെട്രിക് ടൺ ആയി നേരിയ വർധനവുണ്ടായി. കർണാടകയിലെ ട്രോളിംഗ് നിരോധനം മൂലം കാസർകോട്ടേക്കും കടൽ മീൻ വരവ് കുറയും.