Collapse | മംഗ്ളുറു - ഗോവ പാതയിലെ കാർവാർ പാലം തകർന്നുവീണു; ദേശീയപാത 66ൽ ഗതാഗതം തടസം; വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു; പുഴയിൽ വീണ ട്രക് ഡ്രൈവറെ രക്ഷപ്പെടുത്തി
അപകടത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പുതിയ പാലത്തിലെ ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്.
മംഗ്ളുറു: (KasargodVartha) കാർവാറിലെ കോടിബാഗിന് സമീപം കാളി നദിക്ക് കുറുകെ നിർമിച്ച പാലം തകർന്നു. ഇതുവഴി പോവുകയായിരുന്ന ട്രക് പുഴയിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവറെ പ്രദേശത്തെ മീൻ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഗോവയിൽ നിന്ന് കാർവാറിലേക്ക് പോവുകയായിരുന്നു ട്രക്. 40 വർഷം പഴക്കമുള്ള പാലം പുലർച്ചെ ഒരു മണിയോടെയാണ് തകർന്നത്. പാലത്തിൻ്റെ മൂന്ന് ഭാഗങ്ങൾ ഒരേസമയം തകർന്നു.
കാർവാറിനെ ഗോവയുമായി ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെ ദേശീയപാത 66ൽ രണ്ട് പാലങ്ങളുണ്ട്. 1983ൽ നിർമിച്ച പഴയ പാലമാണ് തകർന്നത്. പഴയ പാലം ഉപയോഗ്യമാണെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടതിനാൽ രണ്ട് പാലങ്ങളും ഉപയോഗിച്ച് വരികയായിരുന്നു. 2018ൽ പഴയ പാലത്തിന് തൊട്ടടുത്ത് തന്നെ പുതിയ പാലം നിർമിച്ചിരുന്നു. എന്നാൽ അപകടത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പുതിയ പാലത്തിലെ ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്.
പാലത്തിന്റെ സുരക്ഷ പരിശോധിച്ചിട്ടില്ലെന്നും അപകടത്തിന് ഇത് കാരണമായെന്നും ആരോപിച്ച് എംഎൽഎ സതീഷ് സയിൽ ദേശീയപാത നിർമാണ കരാർ ഏറ്റെടുത്ത ഐആർബി എന്ന കംപനിയെ വിമർശിച്ചു. നേരത്തെ അങ്കോളയിലെ ഷിരൂരിൽ ദേശീയപാത 66ൽ വൻതോതിൽ മണ്ണിടിഞ്ഞ് 11 പേർ മരണപ്പെടുകയും മലയാളി ഡ്രൈവർ അർജുനെ കാണാതാവുകയും ചെയ്ത സംഭവത്തിലും വിമർശനത്തിന് വിധേയമായ കംപനിയാണ് ഐആർബി. കുത്തനെ കുന്നിടിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് വിദഗ്ധർ കംപനിയെ കുറ്റപ്പെടുത്തിയിരുന്നു.
പാലം തകർന്നതിനെ തുടർന്ന് ദേശീയപാത 66ലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കദ്ര വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ദൂരമേറിയ റൂട്ടാണിത്. പുതിയ പാലം ഉടൻ തുറന്നുനൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.