city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Diwali | ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യവും പ്രാധാന്യവും

തിരുവനന്തപുരം: (KasargodVartha) തിന്മയുടെ കൂരിരുട്ടിനു മേല്‍ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവമാണ് ദീപാവലി അഥവ ദിവാലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ് ദീവാലി എന്നായിത്തീര്‍ന്നത്. അതിനാല്‍, ആളുകള്‍ അവരുടെ വീട് പ്രകാശിപ്പിക്കുന്നതിന് വിളക്കുകള്‍ തെളിയിക്കുന്നു.

Diwali | ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യവും പ്രാധാന്യവും

സ്‌കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതീകപ്പെടുത്തുന്നു, ഇത് പ്രകാശത്തിന്റെയും ഊര്‍ജത്തിന്റെയും പ്രപഞ്ച ദാതാവിനെ കണക്കാക്കുന്നു. ഹിന്ദു കലന്‍ഡര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലന്‍ഡര്‍ അനുസരിച്ച്, ഇത് സാധാരണയായി ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെയുള്ള തീയതികളിലാണ് വരുന്നത്.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്‍ഡ്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേപേരിലും മറ്റു ഭാഷകളില്‍ ദിവാലി എന്ന പേരിലും ആചരിക്കുന്നു.

ദീപാവലി ദിവസം ജനങ്ങള്‍ അവരവരുടെ വീടുകള്‍ വൃത്തിയാക്കി മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം അത്യാഹ്ലാദപൂര്‍വം കൊണ്ടാടുന്നു. ശുചീകരണം സാധാരണയായി പ്രധാന ഉത്സവത്തിന് ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കുന്നു. ചിലയിടങ്ങളില്‍ ദീപാവലിക്ക് മുമ്പായി ആളുകള്‍ വീട് അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കുന്ന പതിവുമുണ്ട്. 

ദീപാവലി ദിനത്തില്‍ ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നു. പൊതു സ്ഥലങ്ങളും വൃത്തിയാക്കി അലങ്കരിക്കുന്നു. അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു. അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുണ്ട്.

ദീപാവലിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുമുണ്ട്:


ശ്രീരാമന്റെ മടങ്ങിവരവ്: ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച്, 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശിയിലായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അയോധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി തെരുവുകള്‍ മുഴുവന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് വഴിതെളിച്ചു. ആ ഓര്‍മ പുതുക്കലിന്റെ ദിനമായാണ് ദീപാവലി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം.

ലക്ഷ്മി ദേവിയുടെ ജന്‍മദിനം: സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയാണ് ദീപാവലി വേളയില്‍ ഏറ്റവുമധികം ആരാധിക്കുന്ന മൂര്‍ത്തി. ദീപാവലി നാളിലാണ് ലക്ഷ്മിദേവി സമുദ്രത്തിന്റെ ആഴത്തില്‍ നിന്ന് അവതാരമെടുത്തതെന്ന് പറയപ്പെടുന്നു. കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലായിരുന്നു ഇത്. അതേ രാത്രിയിലാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്. 

ഈ സംഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായി വിളക്കുകള്‍ കത്തിച്ച് ആഘോഷിച്ചു. അതിനാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപാവലി ഉത്സവ വേളയില്‍ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്ന പാരമ്പര്യം ഉടലെടുത്തുവെന്ന് പറയപ്പെടുന്നു. ലക്ഷ്മി ദേവിയ്‌ക്കൊപ്പം ഗണപതിയെ പുതിയ തുടക്കത്തിന്റെ പ്രതീകമായി സ്മരിക്കുകയും ദീപാവലി ദിനത്തില്‍ ആരാധിക്കുകയും ചെയ്യുന്നു.

നരകാസുര വധം: കിഴക്കേ ഇന്‍ഡ്യയിലെ ആളുകള്‍ ദീപാവലിയെ ദുര്‍ഗാദേവിയുമായും അവരുടെ കാളി അവതാരവുമായും ബന്ധപ്പെടുത്തുന്നു. ബംഗാളില്‍ ദീപാവലി ആഘോഷം കാളീപൂജാ ചടങ്ങുകളോടെ നടത്തുന്നു. അതേസമയം ഉത്തരേന്‍ഡ്യയിലെ ബ്രജ് പ്രദേശത്തുള്ള ആളുകള്‍, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.

പാണ്ഡവരുടെ മടങ്ങിവരവ്: 'മഹാഭാരതം' അനുസരിച്ച് പന്ത്രണ്ടുവര്‍ഷത്തെ നാടുകടത്തലിനു ശേഷം പഞ്ചപാണ്ഡവന്‍മാര്‍ സ്വന്തം ദേശമായ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തിയ നാളായി ദീപാവലിയെ കണക്കാക്കുന്നു. പാണ്ഡവ സഹോദരന്മാരും അവരുടെ ഭാര്യ ദ്രൗപദിയും മാതാവായ കുന്തിയും മടങ്ങിയെത്തിയ സന്തോഷകരമായ ദിവസത്തെ ആഘോഷമാക്കി പ്രദേശവാസികള്‍ എല്ലായിടത്തും ശോഭയുള്ള മണ്‍ചിരാതുകള്‍ തെളിച്ചുവെന്ന് പറയപ്പെടുന്നു.

ജൈനമതത്തിലും പ്രാധാന്യം: 
വര്‍ധമന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന് ജൈനര്‍ വിശ്വസിക്കുന്നു. ജൈനമതത്തിലെ ഇരുപത്തിനാലാമത്തെയും അവസാനത്തെയും തീര്‍ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനുമാണ് വര്‍ധമാന മഹാവീരന്‍. ബിസി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ജൈനമതക്കാര്‍ക്ക് ദീപാവലി ആഘോഷങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരു കാരണം കൂടിയാണിത്.

വിളവെടുപ്പ് ഉത്സവം: പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്‍ഡ്യയില്‍ സമ്പന്നമായ നെല്‍കൃഷി അതിന്റെ ഫലം നല്‍കുന്ന നാളുകളായി ഇതിനെ കണക്കാക്കുന്നു. നെല്‍കൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. ഇന്‍ഡ്യ ഒരു കാര്‍ഷിക സാമ്പത്തിക സമൂഹമായതിനാല്‍ സമ്പന്നമായ കൃഷി വിളവെടുപ്പിന്റെ പ്രാധാന്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. സമ്പത്തിന്റെ നാഥനായി ആരാധിക്കപ്പെടുന്ന കുബേരനെയും ദീപാവലി നാളില്‍ ആരാധിക്കുന്നു.

ബലി പ്രതിപദ: കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണ് ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനന്‍ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.

ഭാതൃ ദ്വിതീയ: ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നു. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചു എന്നാണ് ഐതിഹ്യം. അതിനാല്‍ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാര്‍ ചേര്‍ന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളില്‍ പ്രധാനം

ആചാരങ്ങള്‍ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം
അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകള്‍ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകള്‍ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

Keywords:  Why is Diwali celebrated; story history and significance, Thiruvananthapuram, News, Diwali Celebration, Religion, Marriage, Cleaning, Light, Pooja, Gift, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia