Onam Games | ഓണപ്പൊട്ടന്‍, കൈകൊട്ടിക്കളി, വള്ളം കളി, പശുവും പുലിയും കളി; ഓണം അടുത്തെത്തിയപ്പോള്‍ മലയാളികളില്‍ ഗൃഹാതുരത ഉണര്‍ത്തി ഇത്തരം കളികള്‍
കൊച്ചി: (KasargodVartha) ഓണത്തിന് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഓണാഘോഷം എങ്ങനെ പൊലിപ്പിക്കാം എന്ന ചിന്തയിലാണ്. ഓണക്കോടിയും മറ്റും വാങ്ങാനുള്ള ഒരുക്കളെല്ലാം തുടങ്ങിക്കഴിഞ്ഞു. മാവേലി മന്നനെ വരവേല്‍ക്കാന്‍ നാടും നാട്ടാരുമൊരുങ്ങി.
ഓണം എന്ന് പറഞ്ഞാല്‍ വെറും സദ്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. പലതരം കളികളാലും ഓണാഘോഷം കൊഴുപ്പിക്കാം. പണ്ടുകാലങ്ങളില്‍ കുടുംബങ്ങളിലെ കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമെല്ലാം തങ്ങളുടെ വീട്ടുജോലികളെല്ലാം കഴിഞ്ഞ് ഓണക്കളികളില്‍ ഏര്‍പ്പെടുക പതിവായിരുന്നു. ഓണം എന്നാല്‍ അവരെ സംബന്ധിച്ച് ഉത്സവം തന്നെയാണ്.
എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അതെന്താണെന്നു പോലും അറിയാന്‍ വഴിയില്ല. അത്തരത്തിലുള്ള ചില കളികള്‍ പരിചയപ്പെടാം.
ഓണപ്പൊട്ടന്‍:
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് മലബാറിലെ ഗ്രാമീണ ഗൃഹങ്ങള്‍ സന്ദര്‍ശിച്ച് പ്രജകളുടെ മേല്‍ കയ്യുയര്‍ത്തി അനുഗ്രഹങ്ങള്‍ ചൊരിയുന്ന മഹാബലിയായാണ് ഓണപ്പൊട്ടനെ ഗ്രാമീണ ജനത കാണുന്നത്. വടക്കേ മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ ഓണത്തോടനുബന്ധിച്ച് തെയ്യരൂപത്തില്‍ ആണ് ഓണപ്പൊട്ടന്‍ അവതരിക്കുന്നത്. ഓണേശ്വരന്‍ എന്നും പേരുണ്ട്. ഓണത്തെയ്യത്തില്‍ തന്നെ സംസാരിക്കാത്ത തെയ്യത്തെ ഓണപ്പൊട്ടന്‍ എന്നും ചിലയിടങ്ങളില്‍ വിശേഷിപ്പിക്കാറുണ്ട്.
മലയ സമുദായക്കാര്‍ക്ക് രാജാക്കന്‍മാര്‍ നല്‍കിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്. ഓണപ്പൊട്ടന്‍ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം.
ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നല്‍കാറുണ്ട്.
കൈകൊട്ടിക്കളി:
കൈകൊട്ടിക്കളിയുടെ പൊടി പോലും ഇപ്പോള്‍ കാണാനില്ല. തിരുവാതിരക്കളിയുടെ തന്നെ അല്‍പം നാടോടി രൂപമാണ് കൈകൊട്ടിക്കളി. എന്നാല്‍ ഇപ്പോള്‍ കൈകൊട്ടിക്കളിയും ഇല്ലാതെ മലയാളി ഓണമാഘോഷിക്കുന്നു.
കസവു ചുറ്റി മുടിയില്‍ മുല്ലപ്പൂ ചൂടി ആഭരണങ്ങള്‍ അണിഞ്ഞ ഒരു കൂട്ടം സ്ത്രീകള്‍ നിലവിളക്കിന് ചുറ്റും നിന്ന് താളം ചവിട്ടുന്ന കാഴ്ച മനോഹരമാണ്. കൈകൊട്ടിക്കളി അല്ലെങ്കില്‍ തിരുവാതിര കളി എന്നറിയപ്പെടുന്ന ഈ കലാരൂപത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടോ പൊതു വേദികളിലോ എല്ലാം കൈകൊട്ടിക്കളി കാണാന്‍ കഴിയും. മുന്‍കാല മലയാള സിനിമകളിലും കൈകൊട്ടി കളി ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഓണ വിനോദങ്ങളില്‍ പ്രധാനമാണ് കൈകൊട്ടിക്കളി. കൈകൊട്ടിക്കളി ഓണത്തിന്റെ ഒത്തുചേരലുകളെ കൂടുതല്‍ മനോഹരമാക്കുന്നു.
പൂക്കളത്തിന് ചുറ്റും
ഓണത്തിന് കൈകൊട്ടി കളി നടക്കുന്നത് പൂക്കളത്തിന് ചുറ്റുമാണ്. ഒരു വലിയ നിലവിളക്ക് നിര്‍ബന്ധം. നിലവിളക്കില്‍ നല്ലെണ്ണ ഒഴിച്ച് വലിയ തിരികളിട്ട് കൊളുത്തി വെയ്ക്കും. സമാനമായ രൂപത്തില്‍ തന്നെയാണ് തിരുവാതിര കളിയും അരങ്ങേറുന്നത്. അത് നടക്കുന്നത് തിരുവാതിര നാളില്‍ ആയതിനാലാണ് തിരുവാതിര കളി എന്ന പേര് വന്നത്. കൂടാതെ പാര്‍വതി ദേവി ശിവന് വേണ്ടി വ്രതമനുഷ്ടിച്ചതിന്റെ ഓര്‍മയ്ക്കായി ചെയ്യുന്നതിനാല്‍ ഇതിന് ഉപയോഗിക്കുന്ന പാട്ടുകളില്‍ ചില വ്യത്യാസങ്ങളുണ്ട് എന്നുമാത്രം.
ചിലര്‍ നില വിളക്കിനടുത്ത് അഷ്ടമംഗല്യവും വെയ്ക്കും. രണ്ട് പേര്‍ പാടുകയും കളിക്കുന്നവരെല്ലാം വരികള്‍ ഏറ്റു പാടുകയും ചെയ്യുന്നതാണ് രീതി. വാദ്യമേളങ്ങള്‍ നിര്‍ബന്ധമില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ഇലത്താളം ഉപയോഗിക്കാറുണ്ട്.
പശുവും പുലിയും :
പുലിക്കളിയില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്ന ഒരു കളിയാണ് പശുവും പുലിയും കളി. എന്നാല്‍ ഇന്ന് പലര്‍ക്കും അറിയില്ല എന്താണ് ഈ കളിയുടെ പ്രത്യേകതയെന്നൊന്നും. പണ്ട് കാലത്ത് പെണ്‍കുട്ടികള്‍ ആണ് ഈ കളിയില്‍ ഏര്‍പ്പെട്ടിരുന്നതെന്നതും പ്രത്യേകതയാണ്.
വള്ളംകളി:
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. ഓണത്തിന് ഒരു ഇമ്പം വരണമെങ്കില്‍ വള്ളം കളി പ്രധാനമാണ്. എന്നാല്‍ വള്ളം കളി ഇന്ന് പലസ്ഥലങ്ങളിലും നിലവിലുള്ള ഒന്നാണ്. ഉത്രട്ടാതി വള്ളം കളിയാണ് ഇതില്‍ ഏറ്റവും പ്രശസ്തവും.
സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയില്‍ പ്രധാനം ചുണ്ടന്‍ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സര്‍ക്കാര്‍ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
#Onam, #KeralaCulture, #TraditionalGames, #Kaikottikali, #Vallamkali, #Onappottan