Exit Polls | കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ സീറ്റ് നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ 4.55 ശതമാനം വോട് ഉയര്‍ത്തുമെന്നും മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ
യുഡിഎഫിന് 47.72 ശതമാനവും എന്‍ഡിഎഫിന് 34.17 ശതമാനം വോടും ലഭിക്കുമെന്ന് പ്രവചനം
എന്‍ഡിഎയ്ക്ക് 17.12 ശതമാനം വോട് ലഭിക്കും
കൊച്ചി: (KasargodVartha) ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിനാണ് പുറത്തുവരുന്നത്. രാജ്യം മുഴുവനും അതിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസം എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നിരുന്നു. അതില്‍ കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം നല്‍കുന്നത്.
ഇന്‍ഡ്യാ ടുഡേ-ആക്സിസ് മൈ ഇന്‍ഡ്യ, ടൈംസ് നൗ-ഇടിജി, എബിപി സീ വോടര്‍, ഇന്‍ഡ്യ ടിവി-സി എന്‍ എക്സ് എന്നിവയുടെ സര്‍വേകളാണ് പുറത്തുവന്നത്. ഇതിലെല്ലാം യുഡിഎഫ് അനുകൂല ഫലങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോടര്‍ സര്‍വേ പ്രവചിച്ചു. യുഡിഎഫിന് 17 മുതല്‍ 19 സീറ്റുവരെയും എന്‍ഡിഎക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോടര്‍ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.
ഇന്‍ഡ്യ ടുഡേ ആക്സിസ് മൈ ഇന്‍ഡ്യ സര്‍വേയും എല്‍ഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് പൂജ്യം മുതല്‍ ഒന്ന് വരെയും യുഡിഎഫ് 17 മുതല്‍ 18 വരെയും എന്‍ഡിഎ 2 മുതല്‍ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സര്‍വേയില്‍ എല്‍ഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകള്‍ യുഡിഎഫിനും ഒരു സീറ്റ് എന്‍ഡിഎക്കും പ്രവചിക്കുന്നുണ്ട്.
ഇന്‍ഡ്യാ ടിവി-സിഎന്‍എക്സ് സര്‍വേയില്‍ എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെയും യുഡിഎഫ് 13 മുതല്‍ 15 വരെയും എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ വോടുവിഹിതം കുത്തനെ ഇടിയുമെന്നും എന്‍ഡിഎയുടെ വോടുവിഹിതം കുത്തനെ വര്‍ധിക്കുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.
അതിനിടെ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികളുടെ വിജയ സാധ്യത പ്രവചിച്ച് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. ജില്ല തിരിച്ചുള്ള ഫലങ്ങള്‍ ഇങ്ങനെ:
കാസര്‍കോട്
കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ നിലനിര്‍ത്തുമെന്നാണ് സര്‍വേ. യുഡിഎഫിന് 47.72 ശതമാനവും എന്‍ഡിഎഫിന് 34.17 ശതമാനം വോടും ലഭിക്കുമെന്ന് പ്രവചനം. എല്‍ഡിഎഫ് യുഡിഎഫ് വോട് വ്യത്യാസം 13.55 ശതമാനമാണ്. എന്‍ഡിഎയ്ക്ക് 17.12 ശതമാനം വോട് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 4.55 ശതമാനം വോട് ഉയര്‍ത്തുമെന്നും സര്‍വെ പറയുന്നു.
കണ്ണൂര്‍
കണ്ണൂരില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇരു മുന്നണികള്‍ക്കും 42 ശതമാനം വീതം വോട് ലഭിക്കുമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തെ വോടു തന്നെ ലഭിക്കുമെന്ന് പറയുമ്പോള്‍ യുഡിഎഫിന് 8.22 ശതമാനം വോട് കുറയുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 5.91 ശതമാനം വോട് കൂടുമെന്നും സര്‍വേ വിലയിരുത്തുന്നു. ബിജെപി സ്ഥാനാര്‍ഥി സി രഘുനാഥിന് 12.4 ശതമാനം വോട് ലഭിക്കുമെന്നാണ് സര്‍വേഫലം.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി 8.96 ശതമാനം വോടുകള്‍ക്കാണ് യുഡിഎഫിന്റെ കെ സുധാകരനോട് പരാജയപ്പെട്ടത്. ഇത്തവണ നിലവിലെ എംപി കെ സുധാകരനെതിരെ എംവി ജയരാജനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സികെ പത്മനാഭന് കഴിഞ്ഞ തവണ 6.5 ശതമാനം വോടാണ് ലഭിച്ചത്.
കോഴിക്കോട്
കോഴിക്കോട് സിറ്റിങ് എംപി എം കെ.രാഘവന്‍ നിലനിര്‍ത്തുമെന്നും 46.16 ശതമാനം വോടുവിഹിതം നേടുമെന്നും സര്‍വേ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിനേക്കാള്‍ 11.77 ശതമാനം വോട് കൂടുമെന്നാണ് പ്രവചനം. എളമരം കരീമിന് 34.39 ശതമാനം വോടു ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. എംടി രമേശാണ് ബിജെപി സ്ഥാനാര്‍ഥി.
2019ല്‍ എംകെ രാഘവന് 45.82 ശതമാനം വോട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറിന് 37.91 ശതമാനം വോടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ 14.97 ശതമാനം വോടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 17.75 ശതമാനമായി ഉയര്‍ത്തുമെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 3.51 ശതമാനം വോട് എല്‍ഡിഎഫിന് കുറയുമെന്നും സര്‍വേ പറയുന്നു.
വയനാട്
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് വിജയത്തുടര്‍ച ഉണ്ടാകുമെന്നും സര്‍വെ പറയുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 13.65 ശതമാനം വോടുവിഹിതം കുറയുമെന്ന് പ്രവചനം. അതേസമയം എന്‍ഡിഎയ്ക്ക് 3.44 ശതമാനം വോടുവിഹിതം കൂടും.
റായ്ബറേലിയില്‍ ജയിച്ചാല്‍ രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചേക്കുമെന്ന ചിന്തയാണോ വോടര്‍മാരെ സ്വാധീനിച്ചതെന്ന് വ്യക്തമല്ല. എല്‍ഡിഎഫിനായി സിപിഐ ദേശീയനേതാവ് ആനി രാജയും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് വയനാട്ടില്‍ മത്സരിച്ചത്.
രാഹുല്‍ ഗാന്ധിക്ക് 50.99 ശതമാനം വോടാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 35.48 ശതമാനം പേര്‍ ആനി രാജയ്ക്ക് വോട് ചെയ്തു. 10.65 ശതമാനമാണ് കെ.സുരേന്ദ്രന്റെ വോടു വിഹിതം. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട് വ്യത്യാസം 39.53ല്‍ നിന്ന് 15.51 ആയാണ് കുറഞ്ഞത്.
ആറ്റിങ്ങല്‍
മത്സരം ഏറെ കടുത്ത ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. 37.48% പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിക്ക് 30.94% പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. തൊട്ടു പിന്നാലെ എന്‍ഡിഎയുടെ വി മുരളീധരന്‍ 28.73% പേരുടെ പിന്തുണയോടെ മൂന്നാം സ്ഥാനത്തുണ്ട്. 6.54% വോടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരിക്കും അടൂര്‍ പ്രകാശിന്റെ വിജയമെന്നും പ്രവചനം പറയുന്നു.
എല്‍ഡിഎഫിന് 3.12 ശതമാനവും യുഡിഎഫിന് 0.39 ശതമാനവും വോട് 2019 നേക്കാള്‍ കുറയുമെന്നും പ്രവചനമുണ്ട്. എന്നാല്‍ 2019 നേക്കാള്‍ എന്‍ഡിഎ വോടുനില മെച്ചപ്പെടുത്തും. 4.08% വോടായിരിക്കും അധികമായി എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പ്രവചനം പറയുന്നു. 2019ല്‍ ശോഭ സുരേന്ദ്രന്‍ 24.66 ശതമാനം വോടാണ് ആറ്റിങ്ങലില്‍ പിടിച്ചത്. അടൂര്‍ പ്രകാശിന് 37.87 ശതമാനവും എ സമ്പത്തിന് 34.07 ശതമാനവും വോട് 2019ല്‍ ലഭിച്ചു.
മലപ്പുറം
മലപ്പുറത്ത് യുഡിഎഫിന് വോട് കുറയുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. 4.4 ശതമാനം വോടിന്റെ ഇടിവ് ലീഗിനുണ്ടാകുമെന്നും സര്‍വെ. എന്നാല്‍ ഇടതുമുന്നണിയേക്കാള്‍ 12.87 ശതമാനം വോട് കൂടുതല്‍ ലഭിക്കാം. പൊന്നാനിയില്‍ നിന്ന് മലപ്പുറത്ത് ജനവിധി തേടാന്‍ എത്തിയ മുതിര്‍ന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബശീറിനെ നേരിടാന്‍ യുവനേതാവ് വി വസീഫിനെ രംഗത്തിറക്കിയ സിപിഎം നീക്കം എല്‍ഡിഎഫിന്റെ വോട് വിഹിതം ഉയര്‍ത്തിയെന്നാണ് പ്രവചനം. ബിജെപിക്ക് ഇവിടെ 1.1 ശതമാനം വോട് കുറയുമെന്നും എക്‌സിറ്റ് പോള്‍.
ഇടി മുഹമ്മദ് ബശീര്‍ 52.56 ശതമാനം വോട് നേടുമെന്നും വസീഫ് 39.69 ശതമാനം വോടു നേടുമെന്നും പ്രവചനം. ബിജെപി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാമിന് ലഭിച്ചത് 6.85 ശതമാനം വോടു മാത്രം. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം 12.87 ശതമാനമാണ്.
പാലക്കാട്
പാലക്കാട് വികെ ശ്രീകണ്ഠനില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് എക്‌സിറ്റ് പോള്‍. 1.14 ശതമാനം മാത്രം വോടിന്റെ ഭൂരിപക്ഷത്തിലാവും എ വിജയരാഘവന്റെ വിജയമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫിന് 39.8 ശതമാനം വോടും യുഡിഎഫിന് 38.66 ശതമാനം വോടുമാണ് ലഭിക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ 2.13 ശതമാനം വോടാണ് എല്‍ഡിഎഫ് വര്‍ധിക്കുകയെന്നാണ് സൂചന. എന്‍ഡിഎയ്ക്ക് 20.25 ശതമാനം വോട് ലഭിക്കും. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 0.99 ശതമാനം കുറവാണ്.
തിരുവനന്തപുരം
തിരുവനന്തപുരത്ത് 37.86 ശതമാനത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. പക്ഷേ വിജയം നേരിയ ഭൂരിപക്ഷത്തോടെ മാത്രമാണെന്നും വ്യക്തമാക്കുന്നു. 2.61 ശതമാനം വോടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരിക്കും തരൂരിന്റെ വിജയം.
രണ്ടാം സ്ഥാനത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണെന്നാണ് പ്രവചനം. 35.25 ശതമാനം പേര്‍ രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചു വോട്ടു ചെയ്തു.
എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. 25.58 ശതമാനം പേര്‍ പന്ന്യനെ അനുകൂലിച്ചു. ശശി തരൂരിന് 2019 ല്‍ ലഭിച്ച വോടിനേക്കാള്‍ 3.28% ഇടിവാണ് ഇത്തവണ കാണിക്കുന്നത്. എന്‍ഡിഎ വോടുകളിലാകട്ടെ 3.99 ശതമാനത്തിന്റെ വര്‍ധന വന്നു.
എല്‍ഡിഎഫ് വോടില്‍ 0.02 ശതമാനത്തിന്റെയാണ് വര്‍ധന. 2019 ലെ തിരഞ്ഞെടുപ്പില്‍ 99,989 വോടിന്റെ ഭൂരിപക്ഷത്തിനാണ് ശശി തരൂര്‍ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തോല്‍പിച്ചത്. തരൂര്‍ 4,16,131 വോടും കുമ്മനം 3,16,142 വോടും നേടി. സിപിഐയിലെ സി ദിവാകരന് 2,58,556 വോടേ ലഭിച്ചുള്ളൂ. 41.19 ശതമാനമായിരുന്നു തരൂരിന്റെ വോടുവിഹിതം. കുമ്മനത്തിന് 31.3 ശതമാനവും. 25.6 ശതമാനം പേരുടെ വോട് സി ദിവാകരനും ലഭിച്ചു.
കൊല്ലം
കൊല്ലം മണ്ഡലത്തില്‍ 45.33 ശതമാനം വോടോടെ എന്‍കെ പ്രേമചന്ദ്രനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. 10.91 ശതമാനം വോടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് പ്രവചിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷായിരിക്കുമെന്നാണ് പ്രവചനം. എക് സിറ്റ് പോളില്‍ മുകേഷിനെ അനുകൂലിച്ച് 34.42% പേര്‍ വോടു ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെ പിന്തുണച്ച് വോടു ചെയ്തത് 18.03% പേര്‍ മാത്രം.
2019 നേക്കാള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോടു കുറയുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 1.78 ശതമാനവും യുഡിഎഫിന് 6.32 ശതമാനവും വോടു കുറയും. എന്‍ഡിഎക്കു ലഭിക്കുന്ന വോടില്‍ 7.37 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.
ഇടുക്കി
ഇടുക്കിയില്‍ 43.69 ശതമാനം പേരാണ് എക്‌സിറ്റ് പോളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ അനുകൂലിച്ച് വോടു ചെയ്തത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനെ പിന്തുണച്ചത് 30.31 ശതമാനം പേര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനെ അനുകൂലിച്ച് 21.2 ശതമാനം പേരും വോടു ചെയ്തു.
2019ലെ തിരഞ്ഞെടുപ്പു ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടുക്കിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വോടു കുറയുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. യുഡിഎഫിന് 10.51 ശതമാനവും എല്‍ഡിഎഫിന് 5.29 ശതമാവവും വോടു കുറയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎയ്ക്ക് പക്ഷേ 12.65% വോടായിരിക്കും ഇത്തവണ അധികമായി ലഭിക്കുകയെന്നും പ്രവചനം പറയുന്നു.