Elephant Attack | പാലക്കാട്ട് ആനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കാമറാമാന് ദാരുണാന്ത്യം
*മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുകേഷ് ആണ് മരിച്ചത്.
*ആനയെ കുറിച്ചുള്ള വാര്‍ത്താഫീചര്‍ തയ്യാറാക്കാനാണ് പോയിരുന്നത്.
*കൂടെ ഉണ്ടായിരുന്നവരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
പാലക്കാട്: (KasargodVartha) ആനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കാമറാമാന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുകേഷ് (34) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ബുധനാഴ്ച (08.05.2024) രാവിലെ ഏഴ് മണിയോടെ പാലക്കാട് മലമ്പുഴ കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനമരക്കാടിന് സമീപം ആനയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
മരിച്ച മുകേഷിനെ കൂടാതെ റിപോര്‍ടറും സഹായികളും അടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. ആന പെട്ടെന്ന് ഇവര്‍ക്ക് നേരെ ഓടിയടുത്തു. മുകേഷ് അടക്കമുള്ളവര്‍ പരിഭ്രാന്തരായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നുവെന്ന് കസബ പൊലീസ് എസ് എച് ഒ എന്‍ എസ് രാജീവ് പറഞ്ഞു. ആന പിന്തിരിഞ്ഞതോടെ മറ്റുള്ളവര്‍ തിരിച്ചെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാസര്‍കോട് രാജപുരം പൈനിക്കര സ്വദേശിയായ ടിഷയാണ് ഭാര്യ.