Mental Health | ജോലിയും കുടുംബവും ജീവിതവും ചുറ്റുപാടുമൊക്കെ ഭാരമാകുമ്പോൾ; ഒളിച്ചോടാൻ മരണമോ വഴി? അന്നയുടെ വിയോഗം നൽകുന്ന പാഠം
● അന്ന സെബാസ്റ്റ്യന്റെ മരണം അമിത ജോലിഭാരത്തിന്റെ ദുരന്തഫലമാണ്.
● കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരം ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു.
● ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം.
ജേക്കബ് ജോൺ
(KasargodVartha) ഊർജസ്വലമായി പണിയെടുക്കാൻ വിശ്രമം ആവശ്യമാണെന്നത് എച്ച് ആർ മാനേജർമാർക്ക് അറിയാത്തതു കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ജോലിഭാരം ഇന്നധികമാണ് പല കമ്പനികളിലും. അമിത ജോലി ഭാരംമൂലം അന്ന സെബാസ്റ്റ്യൻ എന്ന യുവതി ജീവനൊടുക്കിയ സംഭവം ഏവർക്കും മനസ്സിൽ ഒരു നൊമ്പരമാണ് സമ്മാനിച്ചിരിക്കുന്നത്. എന്റെ മോൾ പോയി, ഇനി ഒരിക്കലും തിരിച്ചു വരില്ല, അന്നയെ പോലെ നിരവധി യുവാക്കൾ ജോലി സ്ഥലത്ത് പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് അന്ന സെബാസ്റ്റ്യന്റെ അമ്മ പറഞ്ഞപ്പോൾ ശരിയ്ക്കും ഇത് വേദനിപ്പിക്കുക തന്നെ ചെയ്തു. ശരിക്കും ഇത് പഠിക്കേണ്ടതും ചർച്ചയാക്കപ്പെടേണ്ടതുമായ വിഷയമാണ്. ജോലി ഭാരം, കുടുംബ ഭാരം, ജീവിതം ഭാരം, ചുറ്റുപാട് ഭാരം, ഇതിൽ നിന്ന് ഒളിച്ചോടാൻ മരണമോ വഴി?
കമ്പനികൾ ലക്ഷങ്ങൾ ശമ്പളം കൊടുക്കുമ്പോൾ കമ്പനിയത് മുതലാക്കും. അതിൻ്റെ പ്രത്യാഘാതങ്ങളും ഏറെയാണ്. അതുമായി ബന്ധപ്പെട്ട ഒരു പഴയ നാടോടി കഥയാണ് ഓർമ വരുന്നത്. ഒരു കൊയ്ത്തു മത്സരത്തിന്റെ കഥയാണിത്. ഒരു നാട്ടിലെ മികച്ച മൂന്നു കൊയ്ത്തുകാരിൽ ആരാണ് ഏറ്റവും മിടുക്കൻ എന്ന് തിരിച്ചറിയാനുള്ള മത്സരം. മത്സരം നടക്കുന്ന ഗോതമ്പു പാടത്തിനെ തുല്യ വലിപ്പമുള്ള മൂന്ന് സ്ട്രിപ്പുകളായി തിരിച്ചു. ഓരോ സ്ട്രിപ്പിന്റെയും തുടക്കത്തിൽ ഓരോ കൊയ്ത്തുകാരനും ഭാര്യയും. എല്ലാ പുരുഷൻമാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയും ഉണ്ടാവണമല്ലോ.
റഫറി വിസിൽ അടിച്ചതോടെ മത്സരം തുടങ്ങി. കൊയ്ത്തുകാർ കൊയ്തെടുക്കുന്ന കതിരുകൾ കറ്റകളാക്കേണ്ടത് ഭാര്യമാരാണ്. ഒന്നാമത്തെയും രണ്ടാമത്തെയും കളങ്ങളിലെ കൊയ്ത്തുകാർ വിശ്രമമില്ലാതെ, ഭക്ഷണം കഴിക്കുന്നത് പോലും കൊയ്തുകൊണ്ട് ചെയ്തു മുന്നേറി. മൂന്നാമൻ കൃത്യമായ ഇടവേളകളിൽ ബ്രേക്ക് എടുത്തും, വെള്ളം കുടിച്ചും ആവശ്യത്തിന് ഭക്ഷണം കഴിച്ചും ജോലി ചെയ്തു. ഒന്നാമനും രണ്ടാമനും ആദ്യം മുന്നിൽ ആയിരുന്നു എങ്കിലും ഉച്ച കഴിഞ്ഞപ്പോഴേക്കും കഥ മാറി. ക്ഷീണം ബാധിക്കാതെ പണി ചെയ്ത മൂന്നാമൻ കളം പിടിച്ചു. അയാൾ ഒന്നാമനായി ഫിനിഷ് ചെയ്തു.
സമ്മാനം വാങ്ങുമ്പോൾ ആദ്യത്തെയും രണ്ടാമത്തെയും കൊയ്ത്തുകാർ അവർക്കു കിട്ടിയതിന്റെ മുക്കാൽ പങ്കുപോലും കൊയ്തു തീരും മുൻപ് പാടത്തു തളർന്നു വീണിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ചെറുപ്പക്കാരിയായ ഉദ്യോഗസ്ഥ ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിത ആയതിനെ തുടർന്ന് അകാല ചരമം പ്രാപിച്ച ദു:ഖ വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്നതാണ് ഇത്. കഥയിലെ കൊയ്ത്തുകാരിൽ നിന്നും വ്യത്യസ്തമായി, വിശ്രമമില്ലാത്ത ജോലി ആ യുവതിയുടെ ചോയ്സ് അല്ലായിരുന്നു. മറിച്ച് അവരുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതായിരുന്നു എന്ന് അറിയാം.
പഴയ നാടോടി കഥകളുടെ രചയിതാക്കൾക്കുള്ള വിവേകം പോലും മൾട്ടി നാഷണൽ ഭീമന്മാരുടെ എച്ച് ആർ ടീമുകൾക്ക് ഇല്ലാതെ പോയി. ഞാൻ ആഴ്ചയിൽ 96 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട്, അതുകൊണ്ട് എന്റെ കമ്പനിയിൽ ജോലിക്കു വരുന്നവർ ആഴ്ചയിൽ 120 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറായിരിക്കണം എന്നൊക്കെ പറയുന്നവർ ആരാധനാ മൂർത്തികൾ ആവുമ്പോൾ പിന്നെ ഇതിലൊന്നും അത്ഭുതവും ഇല്ല. ശരിയ്ക്കും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവം തന്നെയാണ്. നമ്മുടെ ആരോഗ്യം നോക്കാതെ പണം നോക്കി ജോലി ചെയ്യാൻ ശ്രമിക്കുമ്പോൾ തരുന്ന തുകയ്ക്ക് കമ്പനികളുടെ ഭാഗത്തു നിന്നും കൂടുതൽ സമയ ജോലിക്ക് സമ്മർദം ഏറും. അതുവഴി പണം ലഭിക്കുമായിരിക്കും. ഒരിക്കലും നല്ലൊരു ജീവിതം ഉണ്ടായിരിക്കുകയില്ല.
അതിനാൽ തന്നെ പറ്റാത്ത ജോലി ആണെന്നുണ്ടെങ്കിൽ വേണ്ടെന്നുവക്കണം. ജോലിയുമായി ബന്ധപ്പെട്ടതാണെന്ന് കരുതി ജീവനൊടുക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ജോലിസ്ഥലത്ത് മാത്രമല്ല, ദാമ്പത്യ ബന്ധത്തിലും ഭർതൃവീട്ടിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അവിടെ നിന്ന് പോകാനുള്ള ധൈര്യം മാതാപിതാക്കൾ നൽകണം. കൂടുതൽ ജോലി കാരണം ജീവനൊടുക്കാൻ മറ്റൊരു കാരണമുണ്ടെന്നല്ലാതെ ആ ഒരു കാരണത്താൽ ആരും ആത്മഹത്യ ചെയ്യാറില്ല എന്ന വസ്തുതയും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
തൊഴിലിടങ്ങൾ മനുഷ്യാവകാശങ്ങളുമായി ഒത്ത് പോകണം. കോർപ്പറേറ്റ് മേഖലയിലെ തൊഴിലാളികളുടെ ജോലി ഭാരം സർക്കാർ പഠിച്ച് നടപടികൾ വേണം. തൊഴിലിടങ്ങൾ കോർപ്പറേറ്റ് മേഖലക്ക് തീറെഴുതിയ സർക്കാർ തൊഴിലാളി ചൂഷണം ചെയ്യപ്പെടുന്നത് പരിഹരിക്കാൻ ഇനിയും തയ്യാറാകണം, 12 മണിക്കൂർ 14 മണിക്കൂർ ജോലി ചെയ്യണ്ടി വരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഇടം വേണം. ഷോപ്പുകൾ, കമ്പനികൾ, ഐ ടി മേഖലകളിൽ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നു. തൊഴിലാളികൾ, ഗൾഫിലും വ്യത്യസ്തമല്ല. തൊഴിലുടമക്കുള്ളത് പോലെ അവകാശങ്ങൾ തൊഴിലാളിക്കുമുണ്ട് എന്നതോർമ്മ വേണം.
#overwork #corporateculture #mentalhealth #worklifebalance #employeesafety #india #corporateresponsibility