city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Onam Celebration | ഓണം ഇങ്ങെത്തി; മാവേലിയെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിലെ ജനങ്ങള്‍; ഐതിഹ്യവും ചരിത്രവും അറിയാം

Onam: Kerala's Harvest Festival and Cultural Celebration
Representational Image Generated By Meta AI
ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു
 

തിരുവനന്തപുരം: (KasargodVartha)  തിരുവോണം ഇങ്ങെത്തി. കുട്ടികളും മുതിര്‍ന്നവരുമെല്ലാം മാവേലി തമ്പുരാനെ  വരവേല്‍ക്കാനൊരുങ്ങിയിരിക്കയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷത്തിലേക്കുള്ള പ്രതീക്ഷകള്‍ കൂടിയാണ് സമ്മാനിക്കുന്നത്.  ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.


പുതിയ വസ്ത്രങ്ങള്‍ എടുക്കാനും അതിന് മാച്ച് ചെയ്യുന്ന മറ്റ് ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള തയാറെടുപ്പിലാണ് കുട്ടികള്‍. മുതിര്‍ന്നവരാകട്ടെ ഓണസദ്യയ്ക്ക് എന്ത് വിഭവങ്ങള്‍ ഒരുക്കാം, ആരെയൊക്കെ ക്ഷണിക്കണം, കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ എങ്ങനെ സദ്യ കേമമാക്കാം  എന്നുമുള്ള ചിന്തയിലാണ്. 

 

വീട്ടുമുറ്റത്ത് ഇടുന്ന മനോഹരമായ വലിയ പൂക്കളം തന്നെയാണ് ഓണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.  പൂക്കളത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ തമ്മില്‍ മത്സരിക്കുന്നതും ഒരു സന്തോഷമാണ്.  ഓണപ്പാട്ടും ഓണത്തല്ലുമെല്ലാം ആഘോഷങ്ങലെ പൊലിപ്പിക്കുന്നു.

 

ഇത്തവണത്തെ ഓണം സെപ്റ്റംബര്‍ 14, 15   തീയതികളിലാണ്. സെപ്റ്റംബര്‍ 14 ന് ഉത്രാടം അല്ലെങ്കില്‍ ഒന്നാം ഓണം, സെപ്റ്റംബര്‍ 15ന് തിരുവോണം അല്ലെങ്കില്‍ രണ്ടാം ഓണം, സെപ്റ്റംബര്‍ 16 ന് അവിട്ടം അല്ലെങ്കില്‍ മൂന്നാം ഓണം, സെപ്റ്റംബര്‍ 15 ന് ചതയം അല്ലെങ്കില്‍ നാലാം ഓണം എന്നിങ്ങനെയാണ് ആഘോഷം. ഇത്തവണത്തെ ഓണാഘോഷം ചിങ്ങമാസത്തിന്റെ അവസാനത്തിലാണ്.


ഓണം എന്ന പേരിനു പിന്നില്‍

 

ഓണമെന്ന പേരു വന്ന വഴി എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? കര്‍ക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നുമാണ് സങ്കല്‍പം.

 

ഓണത്തിന്റെ  ഐതിഹ്യങ്ങള്‍

മൂന്ന് അടി ഭൂമിക്കായി വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാന്‍ എത്തുന്നുവെന്നതാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വേണ്ടി കേരളത്തിലേക്ക് വരാന്‍ അനുവദിക്കണമെന്ന മഹാബലിയുടെ ആവശ്യം വാമനന്‍ അംഗീകരിക്കുകയായിരുന്നു.  ഓണത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

 

പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും കൂടി ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്‌മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്‌മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ് ഓണമെന്നുള്ള സങ്കല്‍പ്പമുണ്ട്.


സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.


ഓണാഘോഷങ്ങള്‍: അത്തം മുതല്‍ പത്തു ദിനം

 

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.

 

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക.  അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകമെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. 

 

രണ്ടാം ദിവസം രണ്ടിനം പൂവുകള്‍, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. തിരുവോണ നാളില്‍ സാമാന്യം വലിപ്പത്തിലുള്ള പൂക്കളം തന്നെ ഒരുക്കുന്നു. 

ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയര്‍, വഴുതനങ്ങ, പാവക്ക. 


ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. 

മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറുള്ളത്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധമാണ്. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങള്‍. കുട്ടനാട്ട് പണ്ടുകാലങ്ങളില്‍ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍.

ഓണക്കാഴ്ചയ്ക്കുള്ള പ്രാധാന്യം അറിയാം

ഓണവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാന ചടങ്ങാണ് ഓണക്കാഴ്ച. ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്. 

കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നു. ഇത് കുടിയാന്‍-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് ക്ഷേത്രങ്ങളിലേക്കാണ് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കപ്പെടുന്നത്. ഗുരുവായൂര്‍ അമ്പലത്തിലെ കാഴ്ച കുല സമര്‍പ്പണം പ്രസിദ്ധമാണ്.

ഉത്രാടപ്പാച്ചില്‍

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.


ഓണപ്പാട്ടുകള്‍

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ ഇന്നും പാടുന്നു. 

'മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.

കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം

കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.'


ഓണച്ചൊല്ലുകള്‍

ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകള്‍ കേരളത്തിലുടനീളം നിലനില്‍ക്കുന്നു. 'കാണം വിറ്റും ഓണം ഉണ്ണണം,' ' ഉള്ളതു കൊണ്ട് ഓണം പോലെ,' എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകള്‍ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.

#Onam, #Kerala, #IndianFestival, #HarvestFestival, #Pookalam, #Sadya, #TravelKerala, #Culture, #Tradition

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia