Bail | പാലക്കാട്ടെ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസ്; 17 പേര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈകോടതി
എസ്ഡിപിഐ സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഉസ്മാനും ജയില്‍ മോചിതനായി.
സാക്ഷിമൊഴികള്‍ മാത്രം അടിസ്ഥാനമാക്കി പ്രതി ചേര്‍ത്തവര്‍ക്കാണ് ജാമ്യം.
മൊബൈല്‍ ഫോണിലെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം.
കൊച്ചി: (KasargodVartha) പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ വധക്കേസില്‍ 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ജാമ്യം. എസ്ഡിപിഐ സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഉസ്മാനടക്കം 17 പ്രതികള്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതികള്‍.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ഐഎ വാദം തള്ളിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. കരമന അശറഫ് മൗലവി, അബ്ദുള്‍ റൗഫ് ഉള്‍പെടെയുള്ള പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്ത, സാക്ഷിമൊഴികള്‍ മാത്രം അടിസ്ഥാനമാക്കി പ്രതി ചേര്‍ത്തവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ശ്രീനിവാസന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പിഎഫ് സാദിഖ് അഹ് മദ്, ശിഹാസ്, മുജാബ്, നെജിമോന്‍, സൈനുദ്ദീന്‍, പി കെ ഉസ്മാന്‍, സി ടി സുലൈമാന്‍, രാഗം അലി ഫയാസ്, അക്ബര്‍ അലി, നിശാദ്, റശീദ് കെ ടി, സെയ്ദാലി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
പ്രതികള്‍ സംസ്ഥാനം വിടുപോകരുത്, പാസ്‌പോര്‍ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍. മൊബൈല്‍ ഫോണിലെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ജാമ്യം നിഷേധിച്ച കരമന അശറഫ് മൗലവി, അബ്ദുള്‍ റൗഫ്, അബ്ദുല്‍ സത്താര്‍, യഹിയ കോയ തങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. രാജ്യദ്രോഹ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരുന്നത്.
2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസന്‍ (44) കൊല്ലപ്പെട്ടത്. പോപുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുത്തു. രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിന് കാരണമായ കേസുകളിലൊന്ന് കൂടിയാണിത്.