Kerala CM | രാജ്യത്ത് പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
നിയമസഭയില്‍ പൊതുഭരണ ധനാഭ്യര്‍ഥനാ ചര്‍ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി 1.10 ലക്ഷം ഉദ്യോഗാത്ഥികളെ നിയമിക്കാനും കഴിഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: (KasargodVartha) രാജ്യത്ത് പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പൊതുഭരണ ധനാഭ്യര്‍ഥനാ ചര്‍ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ വിഷയങ്ങളില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി:
പി എസ് സി നിയമനം:
രാജ്യത്ത് പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. 2021 മെയ് 21 മുതല്‍ 31.05.2024 വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2808 റാങ്ക് ലിസ്റ്റുകള്‍ പി എസ് സി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 88,852 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാരിന്റെ കാലത്ത് 1,61,268 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നു. 2016 മെയ് മാസം മുതല്‍ നാളിതുവരെ 2,50,120 നിയമന ശുപാര്‍ശകള്‍ പി എസ് സി നല്‍കിയിട്ടുണ്ട്. നിലവില്‍ വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി പരീക്ഷകളുടെ വിജ്ഞാപനവും തുടര്‍നടപടികളും സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ യഥാസമയം പി എസ് സിക്ക് റിപോര്‍ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ-ഡിസ്‌ക്:
കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന് ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കേരള ഡെവലപ്‌മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്) വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി 1.10 ലക്ഷം ഉദ്യോഗാത്ഥികളെ നിയമിക്കാനും കഴിഞ്ഞിട്ടുണ്ട്.
പൊതുഭരണം:
സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 79 ഇനം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരു സര്‍ക്കാര്‍ അധികാരിയെയും സമീപിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് നടപ്പാക്കിയ ഇ-ഓഫീസ് സംവിധാനം സെക്രട്ടേറിയേറ്റിന് പുറമെ വകുപ്പ് മേധാവികളുടെയും ജില്ലാ മേധാവികളുടെയും ഓഫീസുകളിലും നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലൂടെ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ഇക്കൊല്ലം ജനുവരി ഒന്നിന് കെ-സ്മാര്‍ട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്.
നവംബര്‍ ഒന്നു മുതല്‍ 152 ബ്ലോക് പഞ്ചായത്തുകളിലും 941 പഞ്ചായത്തുകളിലും കൂടി കെ-സ്മാര്‍ട്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നാളിതുവരെ 14 ലക്ഷത്തോളം അപേക്ഷ ലഭിച്ചതില്‍ പത്ത് ലക്ഷത്തോളം അപേക്ഷകള്‍ കെ-സ്മാര്‍ട്ട് വഴി തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രവാസികാര്യം: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലോക കേരള സഭ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള മലയാളികളുടെ ക്രിയാത്മകമായ കൂട്ടായ്മയായി മാറിക്കഴിഞ്ഞു. നാലാം ലോക കേരള സഭ കേരള നിയമസഭയില്‍ ജൂണ്‍ 13 മുതല്‍ 15 വരെ സമ്മേളിക്കുകയാണ്. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം:
ഇന്ത്യയില്‍ അതിദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് നടത്തിയ പഠനത്തില്‍ 64,006 കുടുംബങ്ങളില്‍പ്പെട്ട 1,03,099 വ്യക്തികള്‍ അതിദാരിദ്ര്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 30923 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 2025 നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലൈഫ്/പുനര്‍ഗേഹം:
സംസ്ഥാനത്ത് എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2,62,131 വീടുകള്‍ നിര്‍മ്മിച്ചു. ഈ സര്‍ക്കാര്‍ 1,41,680 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ 4,04,278 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 1,02,780 വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുവരുന്നു. ഇത് കൂടാതെ ഭൂരഹിത-ഭവന രഹിതരുടെ പുനരധിവസാത്തിനായി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയും ഫ്‌ളാറ്റുകളുടെ നിര്‍മ്മാണവും പുരോഗമിച്ചുവരുന്നു. ഫ്‌ളാറ്റുകളില്‍ 6 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
തീരദേശവാസികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 2246 കുടുംബങ്ങള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കി. 390 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് കൈമാറി. 752 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെയും 1112 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റുകളുടെയും നിര്‍മ്മാണം പുരോഗമിച്ചുവരുന്നു.
നീതിന്യായ നിര്‍വ്വഹണം: കാടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചു. 5 കോടതി സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 5 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണ്.
ഇലക്ട്രോണിക്‌സ് & ഐ.ടി വകുപ്പ്:
സ്റ്റാര്‍ട്ടപ്പുകള്‍ 2016 നുശേഷം നാളിതുവരെ 5443 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതില്‍ 2662 എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ്. 2016 വരെ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത്. 2016-നുശേഷം സ്റ്റാര്‍ട്ടപ്പുകളില്‍ 5600 കോടി രൂപയുടെ നിക്ഷേപമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ നിക്ഷേപം 1200 കോടി രൂപയാണ്. 2016 വരെ 207 കോടി മാത്രമായിരുന്നു നിക്ഷേപം. ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്.
ടെക്‌നോപാര്‍ക്ക്:
ടെക്‌നോപാര്‍ക്കില്‍ 2016-നുശേഷം 490 പുതിയ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 2016-നുശേഷം 75,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ 2016-നുശേഷം 583 പുതിയ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 2016-നുശേഷം 70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
സൈബര്‍പാര്‍ക്ക്:
സൈബര്‍പാര്‍ക്കില്‍ 2016-നുശേഷം 83 പുതിയ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 2016-നുശേഷം 2,200 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക വകുപ്പ്:
തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. നിപ്പ, കോവിഡ്, സിക്ക, ചിക്കുന്‍ഗുനിയ തുടങ്ങി 80 ലേറെ വൈറസുകളെ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് സുസജ്ജമാണ്. രോഗപ്രതിരോധത്തിനോടൊപ്പം വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും ഇവിടെ സൗകര്യമൊരുക്കും.
സംസ്ഥാനത്ത് മൈക്രോ ബയോം ഗവേഷണത്തിനായി 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോ ബയോം' സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരേ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയുടെ സൂക്ഷ്മാണു വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണത്തിന് ഇതിലൂടെ കഴിയും.
കെ-ഫോണ്‍:
സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതിന് ആരംഭിച്ച കെ-ഫോണ്‍ പദ്ധതിയില്‍ ഇതുവരെ 10,080 വീടുകള്‍ക്കുള്ള വാണിജ്യ കണക്ഷനുകള്‍ ഉള്‍പ്പെടെ 15,753 ഉം 21506 സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പെടെ 37,259 കണക്ഷനുകളും നല്‍കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 5856 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന അഗളി, അട്ടപ്പാടി, കോട്ടൂര്‍ തുടങ്ങിയ ആദിവാസി ഊരുകളിലും കെ-ഫോണ്‍ സേവനം ലഭ്യമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പുതിയ കണക്ഷനുകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് 'എന്റെ കെ-ഫോണ്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമായി. സിംഗപ്പൂര്‍ കേന്ദ്രമായുള്ള ഏഷ്യന്‍ ടെലികോമിന്റെ 2024 ലെ 'ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ ഇന്‍ ഇന്‍ഡ്യ' പുരസ്‌കാരം ഇക്കൊല്ലം കെ-ഫോണിന് ലഭിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യം: ആര്‍ദ്രം മിഷന്റെ ഭാഗമായി താലൂക്ക് തലം വരെയുള്ള ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ജില്ലാതല ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളെ മികവ് കേന്ദ്രങ്ങളാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയില്‍ 1,005 അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിവഴി 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ 42.5 ലക്ഷത്തോളം വരുന്ന കുടുംബങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കിവരികയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിന് ലഭിച്ചിട്ടുണ്ട്.
ദേശീയപാത വികസനം: കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന മലയോര-തീരദേശ ഹൈവേകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ദേശീയപാത വികസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാല് റീച്ചുകള്‍ പൂര്‍ത്തീകരിച്ചു. മറ്റു റീച്ചുകള്‍ അതിവേഗം പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം സാമ്പത്തിക വിഹിതം നല്‍കുന്നത് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കിയത്.
മലയോര ഹൈവേ:
കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്ന മലയോര ഹൈവേ പദ്ധതി നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. 793 കി. മീ ദൈര്‍ഘ്യമുള്ള ഹൈവേയുടെ 149 കി.മീ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായി. 297 കി.മീ റോഡിന്റെ പ്രവര്‍ത്തി പുരോഗമിക്കുന്നു.
തീരദേശ ഹൈവേ: 474 കി.മീ ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. പുനരധിവാസ പാക്കേജിന് 194 കോടി രൂപയുടെ ധനാനുമതി നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഡിസംബറോടെ 150 കി.മീ ദൈര്‍ഘ്യത്തില്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിയും.
വയനാട് തുരങ്കപാത:
വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ടത്തിന് വനം മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയായി ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും.
ദേശീയ ജലപാത വികസനം:
കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെ 616 കി.മീ. ദൈര്‍ഘ്യമുള്ള പശ്ചിമ തീര കനാലിന്റെ വികസനത്തിനുളള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. 36 ബോട്ട് ജട്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ട് പാലങ്ങളുടെയും ഒരു ലോക്കിന്റെയും നിര്‍മ്മാണവും 5 റീച്ചുകളിലായി നടന്നുവരുന്ന വടകര-മാഹി കനാലിന്റെ മൂന്ന് റീച്ചുകളിലെ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയുടെ വിശദ വിവരങ്ങള്‍ ജൂണ്‍ 7, 2024 ന് പ്രകാശനം ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
കൊച്ചി മെട്രോ/വാട്ടര്‍ മെട്രോ:
എറണാകുളം ജില്ലയിലെ ഗതാഗത സൗകര്യവും ടൂറിസവും മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ 10 ടെര്‍മിനലുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. 4 ടെര്‍മിനലുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 24 ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. 7 ബോട്ടുകള്‍ നിലവില്‍ സര്‍വ്വീസ് നടത്തിവരുന്നുണ്ട്.
കൊച്ചി മെട്രോ ഫേസ് ക ന്റെ അവസാന ഘട്ടമായ എസ് എന്‍ ജംഗ്ഷന്‍ - തൃപ്പുണിത്തുറ സ്‌ട്രെച്ച് പൂര്‍ത്തിയാക്കി സര്‍വ്വീസ് ആരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണത്തനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ട്രയല്‍ പുരോഗമിക്കുകയാണ്. തുറമുഖത്തിന്റെ ഒന്നാം ഘട്ടം 2024 സെപ്റ്റംബറില്‍ പൂര്‍ണ്ണ തോതില്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി 3050 മീറ്റര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ 2,975 മീറ്റര്‍ പൂര്‍ണ്ണമായും പൂര്‍ത്തിയായി. നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട 800 മീറ്റര്‍ ബെര്‍ത്തില്‍ 760 മീറ്റര്‍ ബെര്‍ത്ത് നിര്‍മ്മാണം പൂര്‍ത്തിയായി.
ഹരിതകേരളം:
ഹരിതകേരള മിഷന്റെ പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 30,953 കി.മീ നീര്‍ച്ചാലുകളും 3234 കുളങ്ങളും പുനരുജ്ജീവിപ്പിച്ചു. 4844 കുളങ്ങള്‍ നിര്‍മ്മിച്ചു. 16,815 തടയണകള്‍ നിര്‍മ്മിച്ചു. മാലിന്യ സംസ്‌ക്കരണത്തിന് ഹരിതകര്‍മ്മ സേനയുടെ സേവനം സംസ്ഥാന വ്യാപകമാക്കി. യാത്രക്കാരുടെ സൗകര്യത്തിനായി 1013 'ടേക്ക് എ ബ്രേക്ക് ടോയിലറ്റുകള്‍' സ്ഥാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ 2950 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്:
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ സംസ്ഥാന കാലാവസ്ഥാ വ്യതിയാന കര്‍മ്മ പരിപ്രേക്ഷ്യം (എസ് എ പി സി സി 2.0) ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
കേരള ഗവണ്‍മെന്റിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാനത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിര്‍ണ്ണയിക്കല്‍ പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും പ്രസ്തുത വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ് പോര്‍ട്ടലും തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ പുനര്‍നിര്‍ണ്ണയിച്ച കരട് നിര്‍ദ്ദേശം കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. 2019 കേരള തീരദേശ പരിപാലന പ്ലാന്‍ നോട്ടിഫിക്കേഷന്‍ 2024-ല്‍ തന്നെ നിലവില്‍ വരുന്ന രീതിയില്‍ ആയതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അയച്ചിട്ടുള്ളതും ആയത് എന്‍ സി എസ് സി എം (ചെന്നൈ)-യുടെ പരിഗണനയിലുമാണ്. കേരളത്തിലെ 10 തീരദേശ ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാകുന്നതാണ്.
കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷന്‍:
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് കാലാവസ്ഥാ വ്യതിയാന കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായും, സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനും, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും, ഹരിത തൊഴിലുകളെ അടിസ്ഥാനമാക്കിയുള്ള ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറുന്നതിനുമുള്ള കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്.
സപ്ലൈകോ: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സബ് സിഡി ഇനത്തില്‍ സപ്ലൈകോയ്ക്ക് 232.63 കോടി രൂപ നല്‍കിയിട്ടുണ്ട്. 2016-21 കാലയളവില്‍ 575 കോടി രൂപ സബ്‌സിഡി ഇനത്തില്‍ നല്‍കിയിട്ടുണ്ട്
കെ-റൈസ്:
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന നല്ലയിനം അരി വിതരണം ചെയ്യുക എന്നതാണ് കെ-റൈസ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായാണ് 41-42 രൂപ നിരക്കില്‍ പൊതുവിപണിയില്‍ നിന്നും അരി സംഭരിച്ച് 12 രൂപയുടെ ബാധ്യത സപ്ലൈകോ ഏറ്റെടുത്തുകൊണ്ടാണ് കെ-റൈസ് വിതരണം പുരോഗമിക്കുന്നത്.
സാമൂഹ്യക്ഷേമ പെന്‍ഷന്‍:
സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കേന്ദ്ര നടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെന്‍ഷനുകളുടെ വിതരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.
14-ാം പഞ്ചവത്സരപദ്ധതി:
ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പഞ്ചവത്സരപദ്ധതി നിര്‍ത്തലാക്കിയശേഷവും കേരളത്തില്‍ പഞ്ചവത്സരപദ്ധതി ഫലപ്രദമായി നടപ്പാക്കിവരുന്നു. 202324 സാമ്പത്തിക വര്‍ഷം അസാധാരണ സാമ്പത്തിക ഞെരുക്കമാണ് കേരളം നേരിട്ടത്. അതിനിടയിലും പദ്ധതി അടങ്കലിന്റെ (30,370.25 കോടി) 81.66 ശതമാനം (24,799.63 കോടി) ചെലവഴിക്കാന്‍ സാധിച്ചു എന്നുള്ളത് ഒരു നേട്ടമായി കരുതുന്നു.
കൃഷി:
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയില്‍ 2024 മെയ് വരെ 2,36,344 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കര്‍ഷകരുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വിപണിയില്‍ എത്തിക്കുന്നതിന് 'കേരളഗ്രോ' ബ്രാന്റ് രൂപീകരിച്ചു. നാളികേരത്തിന്റെ വിലയിടിവ് തടയാന്‍ കിലോയ്ക്ക് 34 രൂപയ്ക്ക് 17026 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു. നാളികേരത്തിന്റെ ഉല്‍പ്പാദന വര്‍ദ്ധനവിനായി 232 കേരഗ്രാമങ്ങള്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് ഐ ഡി കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വ്യവസായം:
'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതി ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2022 ഏപ്രില്‍ ഒന്നു മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 2,50,029 പുതിയ സംരംഭങ്ങള്‍ ആംരഭിച്ചതിലൂടെ 15,964 കോടി രൂപയുടെ നിക്ഷേപവും 5,32,089 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സുതാര്യമാക്കുന്നതിന് കേരള സ്റ്റേറ്റ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു. പ്രൈവറ്റ് ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത് വഴി കൂടുതല്‍ വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു