May Day | തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തില്‍ ചരിത്ര ഭൂമികയില്‍ മാറ്റത്തിന്റെ അലയൊലികള്‍ തീര്‍ത്ത ദിവസം, അതാണ് തൊഴിലാളി ദിനം
*മെയ് ഒന്ന് തൊഴിലാളിയുടെ ത്യാഗവും സഹനവും ക്ലേശവും നമ്മെ ഓര്‍മപ്പെടുത്തുന്നു
* മെയ്‌പോള്‍ നൃത്തം, പങ്കാളികളൊന്നിച്ച് വൈക്കോല്‍ കൂമ്പാരത്തില്‍ കിടന്നുരുളുക, മെയ് ദിന ബാസ്‌കറ്റ് കൈമാറുക തുടങ്ങി രസകരമായ ആഘോഷക്കാഴ്ചകളും പല രാജ്യങ്ങളിലും പതിവുണ്ട്
കൊച്ചി: (KasargodVartha) തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓര്‍മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം കൂടി കടന്നുവരികയാണ്. തൊഴിലിടത്ത് തൊഴിലാളി നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരവും ആദരവും പ്രകടിപ്പിക്കാനാണ് തൊഴിലാളി ദിനം ലോകമെങ്ങും ആഘോഷിക്കുന്നത്. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിന്‍ എന്ന മുദ്രാവാക്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് ഓരോ വര്‍ഷവും തൊഴിലാളി ദിനം ആചരിക്കുന്നത്.
മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങള്‍ക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികള്‍ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി ദിനത്തില്‍ കരുത്തുപകരുന്ന പ്രതീക്ഷയാണ്. തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തില്‍ ചരിത്ര ഭൂമികയില്‍ മാറ്റത്തിന്റെ അലയൊലികള്‍ തീര്‍ത്ത ദിവസം. അതാണ് തൊഴിലാളി ദിനം.
കഠിനാധ്വാനത്തെ പ്രകീര്‍ത്തിക്കുക, അവകാശങ്ങളെപ്പറ്റി ബോധ്യമുള്ളവരാക്കുക, ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് മെയ് ദിനത്തിന്റെ സന്ദേശം. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
മെയ് ഒന്ന് തൊഴിലാളിയുടെ ത്യാഗവും സഹനവും ക്ലേശവും നമ്മെ ഓര്‍മപ്പെടുത്തുകയാണ്. 1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പൊലീസ് തുടര്‍ച്ചയായി തൊഴിലാളികളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും ആയിരുന്നു.
1889ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.
1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കുകയും ചെയ്തു. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്നാണ് മുദ്രാവാക്യം.
ഇന്ത്യയില്‍ ആദ്യമായി മെയ് ദിനം ആചരിച്ചത് 1923ല്‍ ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ്. തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പല പ്രധാന നിയമങ്ങളും നിലവില്‍ വന്ന ദിനംകൂടിയാണിത്. മെയ്‌പോള്‍ നൃത്തം, പങ്കാളികളൊന്നിച്ച് വൈക്കോല്‍ കൂമ്പാരത്തില്‍ കിടന്നുരുളുക, മെയ് ദിന ബാസ്‌കറ്റ് കൈമാറുക തുടങ്ങി രസകരമായ ആഘോഷക്കാഴ്ചകളും പല രാജ്യങ്ങളിലും പതിവുണ്ട്. ഇറ്റലിക്കാര്‍ ഹാപ്പി ഡേ ആയാണ് മെയ് ദിനം കൊണ്ടാടുന്നത്.