Independence | ഓരോ സ്വാതന്ത്ര്യ ദിനവും ഓര്‍മപ്പെടുത്തലുകളാണ്; വൈദേശിക ശക്തികളുടെ ഭരണത്തില്‍ നിന്നും മോചനം നേടാനായി ജീവന്‍ പണയം വച്ച് സാധാരണക്കാരും നേതാക്കളും നടത്തിയ അസാധാരണ പോരാട്ടവീര്യത്തിന്റെ സ്മരണ
കൊച്ചി: (KasargodVartha) ഓരോ സ്വാതന്ത്ര്യ ദിനവും ഓര്‍മപ്പെടുത്തലുകളാണ്. വൈദേശിക ശക്തികളുടെ ഭരണത്തില്‍ നിന്നും മോചനം നേടാനായി സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുത്തി രാവെന്നോ പകലെന്നോ ഭേദമില്ലാതെ സ്വാതന്ത്രത്തിനായുള്ള പോരാട്ടം നടത്തിയ ധീരദേശാഭമാനികളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍.
അതില്‍ സാധാരണക്കാരും നേതാക്കളും എല്ലാം ഉള്‍പ്പെടും. അടിമത്തത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. ആ പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്ന നിരവധി ചരിത്രയിടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തിയ ഇവ നമ്മള്‍ കടന്നു വന്ന വഴിയുടെ അടയാളമായി എന്നും നിലകൊള്ളുന്നു.
ഖുര്‍ദാ കോട്ടയുടെ മതിലുകള്‍ മുതല്‍ ജാലിയന്‍ വാലാബാഗിന്റെ ദുരന്തഭൂമികള്‍ വരെ നൂറുകണക്കിന് ചരിത്ര ഇടങ്ങളാണ് നമ്മുടെ രാജ്യത്ത് തല ഉയര്‍ത്തി നില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഇന്‍ഡ്യയുടെ നിരന്തരമായ പോരാട്ടത്തിന്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്ന ഈ ഐതിഹാസിക ഇടങ്ങള്‍ പരിചയപ്പെടാം. ആദ്യം കേരളത്തിലെ സ്ഥലം തന്നെ പരിചയപ്പെടാം.
അഞ്ചുതെങ്ങ് കോട്ട
തിരുവനന്തപുരത്താണ് അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ കേരളത്തിന്റെ ഇടപെടലുകളെക്കുറിച്ച് പറയുന്ന സ്ഥലമാണ് അഞ്ചുതെങ്ങ് കോട്ട. രാജ്യത്തെ ആദ്യ അധിനിവേശ സമരമായിരുന്ന 1721ലെ ആറ്റിങ്ങല്‍ കലാപം നടന്നത് അഞ്ചുതെങ്ങിലാണെന്നാണ് ചരിത്ര രേഖകളില്‍ പറയുന്നത്. ഈസ്റ്റ് ഇന്‍ഡ്യാ കംപനിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ആറ്റിങ്ങള്‍ കോട്ടക്ക് കപ്പലുകള്‍ക്ക് വഴികാട്ടാനുള്ള സിഗ്‌നല്‍ തെളിയിക്കുന്നതു മുതല്‍ ആയുധം സൂക്ഷിക്കുന്നതു വരെയുള്ള നിരവധി ദൗത്യങ്ങള്‍ ഉണ്ടായിരുന്നു.
1697 ല്‍ കുരുമുളക് കംപനിയുടെ കുത്തക ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതോടെ പ്രദേശവാസികള്‍ ബ്രിടീഷുകാര്‍ക്കെതിരാവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 1721ലെ ആറ്റിങ്ങല്‍ കലാപം നടന്നത്. ഇത് ചരിത്രത്തില് ഇടം നേടി.
ഖുര്‍ദാ ഫോര്‍ട്ട് (1803)
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് ഒഡീഷയില്‍ സ്ഥിതി ചെയ്യുന്ന ഖുര്‍ദാ ഫോര്‍ട്ട്. ബംഗാള്‍ കീഴടക്കിയതിനുശേഷം വിപുലീകരണ പരിപാടിയുടെ ഭാഗമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒഡീഷയും പിടിച്ചെടുത്തു. ഒഡീഷയിലെ ഇന്നത്തെ ഖോര്‍ധ ജില്ലയായ ഖുര്‍ദയിലെ പൈക (യോദ്ധാക്കളുടെ സമൂഹം) വിദേശ ഭരണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കലാപം നടത്തി. 1803-ല്‍ ഖുര്‍ദാ കോട്ടയ്ക്കെതിരായ ബ്രിട്ടീഷ് ആക്രമണം സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഉദാഹരണം കൂടിയാണ്.
1803 സെപ്റ്റംബറില്‍ കേണല്‍ ഹാര്‍കോര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരു സായുധ സേന മദ്രാസ് പ്രസിഡന്‍സിയില്‍ നിന്ന് മണിക് പട്ടണയിലേക്ക് മുന്നേറിയതോടെയാണ് ഒഡീഷയിലെ ബ്രിട്ടീഷ് ആക്രമണം ആരംഭിച്ചത്. മറാത്തകളും പ്രാദേശിക സേനയും ചെറുത്തു നിന്നുവെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ ബ്രിട്ടീഷുകാര്‍ മിക്കവാറും എല്ലാ ഒഡിയ പ്രദേശങ്ങളും തങ്ങളുടെ വറുതിയിലാക്കി.
ബാംഗ്ലൂര്‍ ഫോര്‍ട്ട് (1791)
കെമ്പഗൗഡയാണ് ബാംഗ്ലൂര്‍ കോട്ട നിര്‍മിച്ചത്. മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ ബാംഗ്ലൂര്‍ കോട്ട ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ (1790- 1792) ബാംഗ്ലൂര്‍ ഉപരോധത്തില്‍ 1791 മാര്‍ച്ച് 21 ന് കോണ്‍വാലിസ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം കോട്ട പിടിച്ചെടുത്തു.
ടിപ്പു സുല്‍ത്താനെതിരെ യുദ്ധം ചെയ്തപ്പോള്‍ കോട്ടയുടെ ഒരു ഭാഗം ബ്രിട്ടീഷുകാരുടെ ബോംബാക്രമണത്തിന് വിധേയമായിരുന്നു. ബാംഗ്ലൂര്‍ കോട്ട പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം സാധനങ്ങള്‍ നിറയ്ക്കുകയും ശ്രീരംഗപട്ടണം ആക്രമിക്കാന്‍ കഴിയുന്ന തന്ത്രപ്രധാനമായ ഒരു താവളമായി ഇത് ഉപയോഗിക്കുകയും ചെയ്തു.
ചെങ്കോട്ട, ഡെല്‍ഹി (1857)
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിര്‍ണായക സ്ഥലമാണ്. കാലങ്ങളോളം ബ്രിട്ടീഷ് നിയന്ത്രണത്തിന്റെ അടയാളമായി ചെങ്കോട്ട മാറിയിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കോട്ടയുടെ പ്രതിരോധ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇത് പട്ടാളക്കാരുടെ കേന്ദ്രമായി മാറി.
രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിനുശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുഗള്‍ പ്രദേശങ്ങളുടെ ഭരണം ഏറ്റെടുക്കുകയും ചെങ്കോട്ടയില്‍ ഒരു റസിഡന്റിനെ സ്ഥാപിക്കുകയും ചെയ്തു. കലാപം പരാജയപ്പെട്ടതോടെ ബഹദൂര്‍ ഷാ രണ്ടാമന്‍ സെപ്റ്റംബര്‍ 17-ന് കോട്ട വിടുകയും ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്തു.
മംഗള്‍ പാണ്ഡേ പാര്‍ക്ക്, ബാരക്ക് പൂര്‍ (1857)
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ മംഗള്‍ പാണ്ഡേക്ക് വലിയ സ്ഥാനം തന്നെയുണ്ട്. ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി ഇദ്ദേഹം അറിയപ്പെടുന്നു. 1857-ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ മംഗള്‍ പാണ്ഡെ ശബ്ദമുയര്‍ത്തിയ സ്ഥലമാണ് മംഗള്‍ പാണ്ഡെ പാര്‍ക്ക്. ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം ഉയര്‍ത്തിയ അദ്ദേഹം ബാരക്പൂര്‍ കന്റോണ്‍മെന്റിലെ സൈനികനായിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതാണ് ശിപായി ലഹളയ്ക്ക് കാരണമായത്. ഈ പാര്‍ക്കില്‍ മംഗള്‍ പാണ്ഡെയുടെ ഒരു പ്രതിമയും അദ്ദേഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു സ്മാരകവും ഉണ്ട്. മംഗള്‍ പാണ്ഡെയുടെ പ്രതിമയ്ക്ക് മുന്നില്‍ ആദരസൂചകമായി തുമ്പിക്കൈ ഉയര്‍ത്തുന്ന ഒരു ചെറിയ ആനയുടെ പ്രതിമയുമുണ്ട്.
ഝാന്‍സി റാണി കാ കില (1858)
ചന്ദേല രാജാക്കന്മാരുടെ ഭരണകാലത്തെ ഒരു കോട്ടയായിരുന്നു ഝാന്‍സി റാണി കാ കില. ബ്രിട്ടീഷ് ഭരണത്തിനെതിരായ റാണി ലക്ഷ്മി ബായിയുടെ കലാപത്തിന് ഇത് പ്രസിദ്ധമാവുകയും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയും ചെയ്തു. 1858 മാര്‍ച്ചിലും ഏപ്രിലിലും ഝാന്‍സിയെ ജനറല്‍ ഹ്യൂഗ് റോസിന്റെ കമ്പനി സൈന്യം ഉപരോധിക്കുകയും 1858 ഏപ്രില്‍ 4-ന് പിടികൂടുകയും ചെയ്തു.
റാണി ലക്ഷ്മി ബായി ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയിരുന്നു. എന്നാല്‍ പിന്നീട് റോസിന്റെ സൈന്യം നഗരം കൊള്ളയടിക്കപ്പെടുന്നതിന് മുമ്പ് അവര്‍ പിടികൊടുക്കാതെ കോട്ടയില്‍ നിന്ന് കുതിരപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നു. 1861-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഗ്വാളിയോര്‍ കോട്ടയ്ക്കുവേണ്ടി ഗ്വാളിയോറിലെ മഹാരാജാവ് ജയാജിറാവു സിന്ധ്യയ്ക്ക് ഝാന്‍സി കോട്ടയും ഝാന്‍സി നഗരവും നല്‍കിയെങ്കിലും 1886-ല്‍ ഝാന്‍സിയെ തിരിച്ചുപിടിച്ചു.
ലഖ്നൗ റെസിഡന്‍സി (1858)
1857ലെ കലാപകാലത്ത് ബ്രിട്ടീഷ് നിവാസികള്‍ക്ക് ലക്നൗ റെസിഡന്‍സി ഒരു അഭയകേന്ദ്രമായിരുന്നു. 1780-നും 1800-നും ഇടയിലാണ് ഇത് പണികഴിപ്പിച്ചത്. 1857 ജൂലൈ 1 നും നവംബര്‍ 17 നും ഇടയില്‍, ഇന്ത്യന്‍ കലാപത്തിന്റെ ഭാഗമായ ലഖ്നൗ റെസിഡന്‍സി ഉപരോധത്തിന് വിധേയമായിരുന്നു . 1858 മാര്‍ച്ചില്‍ ലഖ്നൗ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇത് തിരിച്ചുപിടിച്ചു.
ജാലിയന്‍ വാലാബാഗ്, അമൃത്സര്‍ (1919)
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കൂട്ടക്കൊലകളിലൊന്നാണ് ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ സംഭവിച്ചത്. മൂന്നു വശവും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട ജാലിയന്‍ വാലാബാഗില്‍ 1919 ഏപ്രില്‍ 13 ന് കൂടിച്ചേര്‍ന്ന പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ജനറല്‍ ഡയര്‍ പട്ടാളക്കാര്‍ക്ക് ഉത്തരവ് നല്കുകയായിരുന്നു. യജമാനനെ തൃപ്തിപ്പെടുത്താന്‍ വെടിയുണ്ടകള്‍ തീരുന്നത് വരെ സൈന്യം വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം 379 മുതല്‍ 1,500 വരെയുണ്ടെന്നാണ് കണക്ക്. കൊളോണിയല്‍ ക്രൂരതയുടെ ഏറ്റവും വലിയ ഓര്‍മ്മപ്പെടുത്തലായി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഇന്നും നിലനില്‍ക്കുന്നു.