Labour Day | 'എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം'; മെയ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
*യൂറോപില്‍ ഗ്രാമീണ കര്‍ഷകരുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
*അമേരികയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്.
*ഇപ്പോള്‍ ഇന്‍ഡ്യയില്‍ തൊഴില്‍ സമയം 12 മണിക്കൂര്‍ ആയി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യം.
കൊച്ചി: (KasargodVartha) തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം ആചരിക്കുന്നത്. ചരിത്രത്തിന്റെ ഏടുകളില്‍ '8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം' ഈ മുദ്രാവാക്യം ആഴ്ന്നിറങ്ങിയതിന്റെ പരിണിതഫലമായാണ് മെയ് 1 ന് സാര്‍വദേശീയ തൊഴിലാളി ദിനം കൊണ്ടാടുന്നത്.
മെയ് ദിനത്തിന്റെ ചരിത്രം പറയുന്നത്
ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് തൊഴിലാളി ദിനം അല്ലെങ്കില്‍ മെയ് ദിനം. 19-ാം നൂറ്റാണ്ടില്‍ അമേരികയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്.
എട്ട് മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെ തുടര്‍ന്ന് അതിന്റെ സ്മരണക്കായാണ് മെയ് ഒന്ന് ആഘോഷിക്കണമെന്ന ആശയം ഉണ്ടായത്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്. യൂറോപില്‍ മെയ് 1, ഗ്രാമീണ കര്‍ഷകരുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ പിന്നീട് മെയ് ദിനം ആധുനിക തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.
അമേരികയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
പിന്നീട് 1889 ല്‍ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ല്‍ ചികാഗോയില്‍ നടന്ന ഹെയ്മാര്‍കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്.
തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടര്‍ന്ന് റാലിയില്‍ വലിയ സംഘര്‍ഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു. തുടര്‍ന്ന് തെളിവുകള്‍ ഇല്ലാതിരുന്നിട്ടും എട്ട് തൊഴിലാളി പ്രവര്‍ത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.
അറസ്റ്റ് ചെയ്ത തൊഴിലാളി നേതാക്കളില്‍ നാലുപേരെ തൂക്കിക്കൊന്നു, ഒരാള്‍ ആത്മഹത്യ ചെയ്തു, ബാക്കി മൂന്നു പേരെ ആറു വര്‍ഷം കഠിനതടവ് കിടന്നതിന് ശേഷം മോചിപ്പിച്ചു. ഇല്ലിനോയിസ് ഗവര്‍ണര്‍ ആണ് അവര്‍ക്ക് മാപ്പ് നല്‍കിയത്. അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റവും അത് തെളിയിക്കാന്‍ ഹാജരാക്കിയ തെളിവുകളുമെല്ലാം വ്യാജമായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അവരെ മോചിപ്പിച്ചത്.
അങ്ങനെ ഒരുപാട് കാലത്തെ പോരാട്ടങ്ങള്‍ക്കും ഒരുപാട് മനുഷ്യരുടെ ത്യാഗങ്ങള്‍ക്കും ശേഷമാണ് 'എട്ടുമണിക്കൂര്‍ ജോലിസമയം' എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. 1919-ല്‍ സ്പെയിനിലായിരുന്നു സാര്‍വത്രികമായി 8 മണിക്കൂര്‍ തൊഴില്‍ സമയം എന്നകാര്യം നിയമപരമായി ആദ്യമായി അംഗീകരിച്ചത്.
ഇന്‍ഡ്യയിലാകട്ടെ 1946-ല്‍ അംബേദ്കര്‍ വൈസ്രോയിയുടെ എക്സിക്യൂടീവ് കൗണ്‍സില്‍ ലേബര്‍ മിനിസ്റ്റര്‍ ആയിരിക്കുന്ന സമയത്താണ് 1934ലെ ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് തൊഴില്‍ സമയം എട്ടു മണിക്കൂറായി ക്രമീകരിച്ചത്.
ഇപ്പോള്‍ ഇന്‍ഡ്യയില്‍ തൊഴില്‍ സമയം 12 മണിക്കൂര്‍ ആയി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെല്ലാം തൊഴില്‍ നിയമ ഭേദഗതിയിലൂടെ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുന്നു.