Found Dead | തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്‌സ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
*മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചാണ് പോയിരുന്നത്.
*മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
*ഭാര്യയും തിരു. മെഡികല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ഹെഡ് നഴ്‌സായി പ്രവര്‍ത്തിക്കുകയാണ്.
തിരുവനന്തപുരം: (KasargodVartha) മെഡികല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിലെ ഹെഡ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു ലോഡ്ജ് മുറിയിലാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ജോലിസമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ബിജു ആശുപത്രിയിലെത്താതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച് പോയിരുന്നതിനാല്‍ ബിജുവിനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്കും സാധിക്കാത്ത അവസ്ഥയായി.
ഇതോടെ ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം വൈകാതെ തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും.
ഭാര്യ ശാലിനിയും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഹെഡ് നഴ്‌സ് ആയി പ്രവര്‍ത്തിക്കുകയാണ്. ജോലിസ്ഥലത്ത് നിന്നുള്ള മാനസിക സമ്മര്‍ദമാണ് ബിജുവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബവും നാട്ടുകാരുമെല്ലാം ആരോപിക്കുന്നത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)