Eid al-Adha | പ്രപഞ്ചം മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പില്‍; അറിയാം ചരിത്രവും സന്ദേശവും
ആത്മത്യാഗത്തിന്റെ അനുസ്മരണം എന്നാണ് ബലി പെരുന്നാള്‍ അറിയപ്പെടുന്നത്
ഇബ്രാഹിം നബി അള്ളാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവപ്രീതിക്കായി തന്റെ പുത്രനെ ബലി കൊടുക്കുന്നതിന് വേണ്ടി ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഈ ദിനം
കൊച്ചി: (KVARTHA) ബലിപെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം. അതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് എല്ലാ വിശ്വാസികളും. എന്നാല്‍ ബലിപെരുന്നാളിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രവും സന്ദേശവും ഐതിഹ്യവുമൊക്കെയുണ്ട്. അത് എന്താണെന്ന് നോക്കാം. ഇപ്പോള്‍ നാം ആഘോഷിക്കുന്ന ഈദേ ഖുര്‍ബാന്‍, അഥവാ ബലിപെരുന്നാള്‍, നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് ഒര്‍മകളിലേക്ക് എത്തിക്കുന്നത്.
ആത്മത്യാഗത്തിന്റെ അനുസ്മരണം എന്നാണ് ബലി പെരുന്നാള്‍ അറിയപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളായ സഹോദരങ്ങള്‍ വളരെയധികം സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ദിനമാണ് ഇത്. ഇബ്രാഹിം നബി തന്റെ പുത്രനെ ബലി കൊടുക്കുന്നതിന് വേണ്ടി ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഈ ദിനം. അള്ളാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവപ്രീതിക്കായാണ് ഇദ്ദേഹം ബലിദാനത്തിന് വേണ്ടി മുതിര്‍ന്നത്. എന്നാല്‍ തന്റെ അടിയുറച്ച വിശ്വാസത്തിന്റെയും പരമകാരുണ്യവാനായ അള്ളാഹുവിന്റേയും അനുഗ്രഹപ്രകാരം അദ്ദേഹത്തിന് സ്വന്തം പുത്രനെ ബലി നല്‍കേണ്ടതായി വന്നില്ല. ഇതിന്റെ പ്രതീകമായാണ് ആടിനെ ബലി നല്‍കിയത്.
ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈദ് അല്‍ അദ അഥവാ ബക്രീദ്. ഇസ്ലാമിക അല്ലെങ്കില്‍ ചാന്ദ്ര കലന്‍ഡറിന്റെ പന്ത്രണ്ടാം മാസമായ ധു അല്‍ ഹിജയുടെ പത്താം ദിവസത്തിലാണ് ഈദ് അല്‍ അദാ അഥവാ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് ഖുര്‍ബാന്‍ അല്ലെങ്കില്‍ കുര്‍ബന്‍ ബയാറാമി എന്നും അറിയപ്പെടുന്ന ഇത് വാര്‍ഷിക ഹജ്ജ് തീര്‍ഥാടനത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു.
ഈദ് അല്‍-അദയില്‍, ഇസ്ലാം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയും സ്നേഹവും തെളിയിക്കാന്‍ സാധാരണയായി ആടിനെയോ ആട്ടിന്‍കുട്ടിയെയോ ബലിയര്‍പ്പിക്കുന്നു. പാരമ്പര്യമനുസരിച്ച്, തയാറാക്കിയ മാംസം മൂന്ന് ഭാഗങ്ങളായി തിരിച്ചിരിച്ചാണ് നല്‍കുന്നത്. ഇതില്‍ ഒരു ഭാഗം കുടുംബത്തിനും മറ്റൊരു ഭാഗം സുഹൃത്തുക്കള്‍ക്കും മൂന്നാമത്തെ ഭാഗം അയല്‍ക്കാര്‍ക്കും എന്നിങ്ങനെയാണ് നല്‍കുന്നത്. ഇതില്‍, രണ്ടാം ഭാഗത്തില്‍ നിന്ന് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നു.
എല്ലാ ഇസ്ലാം മത വിശ്വാസികളും പള്ളികള്‍ സന്ദര്‍ശിക്കുകയും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു. പ്രാര്‍ഥനയ്ക്ക് ശേഷം, സക്കാത്ത് ദാനവും മറ്റും നടത്തുന്നു. ഇത് കൂടാതെ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുകയും അഭിവാദ്യം ചെയ്യുകയും സമ്മാനങ്ങളും വിരുന്നും പരസ്പരം കൈമാറുകയും ചെയ്യുന്നു.
ഇതിനെല്ലാം പുറമെ ബിരിയാണിയും മറ്റ് ഭക്ഷ്യ വസ്തുക്കളും ഉണ്ടാക്കുകയും കഴിക്കുകയും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടന്‍ കുറുമ, മട്ടന്‍ കീമ, ചാപ്ലി കബാബ് എന്നിവയെല്ലാം വിഭവങ്ങളില്‍പെടും.
ഐതിഹ്യം
ബാബിലോണിയന്‍ അസീരിയന്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ, യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയില്‍ 'മെസപ്പൊട്ടോമിയ' എന്ന പേരിലറിയപ്പെടുന്ന ആധുനിക ഇറാഖിലാണ് ദൈവദൂതനായ ഇബ് റാഹീം നബി(അ) ജനിച്ചത്. ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദനാകാതെ, തന്റെ ഇഛകള്‍ മുഴുവനും ദൈവേച്ഛക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇബ് റാഹീം ചരിത്രത്തിലെ തന്നെ ഉജ്ജ്വല വിജയം കൈവരിച്ചു.
മനുഷ്യചിന്തയെ അതിശയിപ്പിക്കുംവിധം ഈ ഭൗതിക പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത ദൈവം, അതിനിസ്സാരമായ ബീജാണുവില്‍നിന്നും നിരവധി സങ്കീര്‍ണ പ്രക്രിയകളിലൂടെ മനുഷ്യനെ രൂപപ്പെടുത്തിയെടുത്തു. ദൈവം അവന് വിശേഷബുദ്ധി നല്‍കി. അതിനാല്‍ ബുദ്ധിയുദിച്ച ശേഷം നല്ലതേത്, ചീത്തയേത് എന്നു തിരിച്ചറിയാനുള്ള വിവേകവും നല്‍കി.
മാര്‍ഗദര്‍ശനത്തിനായി ദൈവം പ്രവാചകന്‍മാരെ അയച്ച് വഴികാട്ടി. അങ്ങനെ ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വതും ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്റെ ആള്‍രൂപമായി ഇബ് റാഹീം ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു.
ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്നികുണ്ഠം, ശക്തമായ പരീക്ഷണങ്ങള്‍ -ഇവയെല്ലാം ഇബ് റാഹീം മനോദാര്‍ഢ്യത്തോടെ നേരിട്ടു. സ്വന്തം തട്ടകത്തില്‍, ബാബിലോണ്‍ ജനതക്കും രാജ്യം ഭരിക്കുന്ന നംറൂദ് ചക്രവര്‍ത്തിക്കും വേണ്ടി വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന കുടുംബത്തില്‍, പൗരോഹിത്യ വര്‍ഗത്തില്‍ പിറന്ന ഇബ് റാഹീം സുഖസൗകര്യങ്ങളെല്ലാം വേണ്ടെന്ന് വയ്ക്കുയായിരുന്നു.
ചെറിയ പ്രായത്തില്‍തന്നെ വീട്ടില്‍നിന്നും നിഷ്‌കാസിതനായ അദ്ദേഹം ഒടുവില്‍ നംറൂദ് ചക്രവര്‍ത്തിയുടെ തീകുണ്ഠത്തിലെറിയപ്പെടുകയും ഈശ്വരകൃപ കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിരന്തരമായ യാത്രയായിരുന്നു. ജന്‍മദേശം വിട്ട് 'ഊര്‍' എന്ന പട്ടണത്തിലേക്കും പിന്നെ ഹാറാനിലേക്കും അവിടെ നിന്നും ഫലസ്തീനിലേക്കും ഈജിപ്തിലേക്കും എത്തപ്പെട്ടു.
അദ്ദേഹത്തിന്റെ കൂടെ ഭാര്യയായ സാറയുമുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ച ഒരേ ഒരു സ്ത്രീ. ലൂഥുമുണ്ട് -വിശ്വസിച്ച ഒരേയൊരു പുരുഷന്‍. വിശ്വാസ സംരക്ഷണത്തിനായി സുഭിക്ഷതയുടെ ഊര്‍വരതയില്‍ നിന്ന് മരുഭൂമിയുടെ ഊഷരതയിലേക്കുള്ള അനന്തയാത്ര.
സാറ പ്രസവിക്കാത്തത് എന്നും ഒരു സങ്കടമായിരുന്നു. ഈജിപ്തിലെ രാജാവ് ഇബ് റാഹീമിന്റെ സേവനത്തിന് ഒരു സ്ത്രീയെക്കൂടി നല്‍കിയിരുന്നു. ഇബ് റാഹീം വൃദ്ധനായി. ദൈവത്തിലേക്കുള്ള വിളിയുമായി നടന്നകാലം കൊണ്ട് മുടി നരച്ചിരുന്നു. സാറയുടെ ആവശ്യപ്രകാരം, ഈജിപ്ഷ്യന്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട, തൊലി കറുത്ത, മുടി ചുരുണ്ട ഹാജറയെ ഇബ് റാഹീം(അ) വിവാഹം കഴിക്കുന്നു.
ജീവിതത്തിന്റെ സായന്ദനത്തില്‍ തന്റെ പ്രബോധനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഒരു കുഞ്ഞിനുവേണ്ടിയുള്ള നിരന്തരമായ ആഗ്രഹവും പ്രാര്‍ഥനയും അദ്ദേഹത്തെ ആലോചനാമൃദനാക്കി. ഹാജറ ഗര്‍ഭം ധരിച്ചു. പ്രസവിച്ചു. എന്നാല്‍ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. ഹാജറയെയും കുഞ്ഞിനെയും പരിശുദ്ധമായ കഅ് ബാലയത്തിനടുത്ത് താമസിപ്പിക്കാനുള്ള ദൈവകല്‍പനയായിരുന്നു അവരുടെ ജീവിതത്തിലെ അടുത്ത പരീക്ഷണം.
ഈജിപ്തില്‍ നിന്നും കടലും കരയും താണ്ടി അദ്ദേഹം ഭാര്യയ്ക്കും മകനുമൊപ്പം മക്കയിലെത്തി. വിജനമായ പ്രദേശം. ജീവല്‍സ്പര്‍ശനമില്ല. മരുക്കാറ്റുകളുടെ ആരവമല്ലാതെ തണലേകാന്‍ മരങ്ങളില്ല, ഇലകളില്ലാത്ത സര്‍ഹാ മരമല്ലാതെ.
ഇബ് റാഹീം കുഞ്ഞിനെയും ഭാര്യയെയും മരുഭൂമിയില്‍ താമസിപ്പിച്ച് തോല്‍പാത്രത്തിലുള്ള വെള്ളവും അല്‍പ്പം ഈത്തപ്പഴവും നല്‍കി തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ പ്രിയതമന്റെ വേര്‍പ്പാടില്‍ മനംനൊന്ത് ഹാജറ കണ്ഠമിടറിക്കൊണ്ട് 'ദൈവകല്‍പനയാലാണോ താങ്കള്‍ ഞങ്ങളെ ഇവിടെ താമസിപ്പിക്കുന്നത്' എന്നുചോദിച്ചു. 'അതെ' എന്നായിരുന്നു ഇബ്രാഹിമിന്റെ മറുപടി. അതില്‍ അവര്‍ ആശ്വാസം കൊള്ളുകയും ചെയ്തു.
ഇബ്റാഹീം ദു:ഖത്തോടെ തിരിച്ചു നടക്കുകയാണ്. കരുതിവെച്ച വെള്ളവും ഭക്ഷണവും തീര്‍ന്നതോടെ ഹാജറയുടെ കഷ്ടപ്പാടും ആരംഭിച്ചു. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ കൂടി പറ്റുന്നില്ല. ചുണ്ടു നനക്കാന്‍ ജലാംശമില്ലാതെ കരയുന്ന കുഞ്ഞ്. വെള്ളത്തിന് വേണ്ടിയുള്ള ഒരു ഉമ്മയുടെ ഉദ്വേഗത്തോടെയുള്ള അലച്ചില്‍. സഫായില്‍ നിന്നും മര്‍വയിലേക്കുള്ള ഓട്ടം. തിരിച്ചു വരുമ്പോള്‍ ഇസ്മാഈലിന്റെ ഇളംകാലിനടിയില്‍ നിന്നും നിര്‍ഗളിക്കുന്ന ജലധാര. സംസം എന്ന നാമകരണം. ജലം കണ്ട് ആളുകള്‍ തമ്പടിക്കാന്‍ തുടങ്ങി. മക്കയില്‍ ജനനിബിഢം ആരംഭിച്ചു.
സംസ്‌കാരത്തിന്റെ കളിത്തൊട്ടിലിന് വേദിയൊരുങ്ങുകയാണ്. ഇബ് റാഹീം(അ) ഈജിപ്തില്‍ നിന്നും തിരിച്ചെത്തുന്നു. വീണ്ടും ദൈവത്തിന്റെ അതിശക്തമായ പരീക്ഷണം. ഇബ് റാഹീമിന്റെ ക്ഷമ വീണ്ടും അല്ലാഹു പരീക്ഷിക്കുകയാണ്. സ്വപ്നത്തിലിതാ ദിവ്യദര്‍ശനമുണ്ടാകുന്നു. തന്റെ അരുമ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കണമെന്ന്. പിശാചിന്റെ ദുര്‍ബോധനമാണെന്ന് കരുതി തിരിഞ്ഞുകിടന്നു. വീണ്ടും സ്വപ്നദര്‍ശനം. അല്ലാഹുവിന്റെ കല്‍പന നിറവേറ്റാന്‍ ആ പിതാവ് ഉറപ്പിച്ചിറങ്ങി.
ഹാജറയോട് കാര്യം പറയുന്നു. ഇസ്മാഈലിനോട് വിഷയം അവതരിപ്പിക്കുന്നു. മനസ്സില്‍ വേദനയുടെ മിന്നല്‍ പിണര്‍. എന്നാലും, ദൈവകല്‍പന നിറവേറ്റാന്‍ ആ കുടുംബം മുന്നോട്ടുവന്നു. കുളിച്ചൊരുങ്ങി വസ്ത്രവുമണിഞ്ഞ് ആ മകനും, ഊരിപ്പിടിച്ച കത്തിയുമായി ഇബ് റാഹീമും അടുത്തുള്ള മിനയെന്ന പര്‍വത താഴ്വരയിലേക്ക് നീങ്ങി. ലോകം തന്നെ വിറങ്ങലിച്ച നിമിഷം.
ദൈവകല്‍പന നിറവേറ്റാന്‍ ഒരു പിതാവ് തന്റെ മകന്റെ കഴുത്തില്‍ കത്തിവെക്കാന്‍ ഒരുങ്ങുന്ന ചരിത്രത്തിലെത്തന്നെ അപൂര്‍വ നിമിഷം. മകന്റെ മുഖം കണ്ടാല്‍ തന്റെ നിശ്ചയദാര്‍ഢ്യം ചോര്‍ന്നുപോവുമോ എന്ന ഭയത്താല്‍ മകനെ കമിഴ് ത്തിക്കിടത്തുകയാണ് ഇബ് റാഹീം. ക്ഷമയോടെ കിടക്കുകയാണ് ഇസ്മാഈല്‍. കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. എന്നാല്‍ കഴുത്ത് മുറിയുന്നില്ല. കോപാകുലനായ ഇബ് റാഹീം കത്തികൊണ്ട് പാറയില്‍ വെട്ടി. പാറ രണ്ടായി പിളര്‍ന്നു.
ഈ അവസരത്തില്‍ ദൈവിക മാലാഖ ജിബ് രീല്‍ പ്രത്യക്ഷപ്പെടുന്നു. ഇബ് റാഹീമിന്റെ ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ആടിനെയുമായാണ് അവര്‍ എത്തിയത്. അങ്ങനെ ഇസ്മാഈലിനു പകരമായി ഇബ് റാഹീം ആ ആടിനെ ബലി നല്‍കി. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കിക്കൊണ്ടാണ് ലോകത്തുള്ള വിശ്വാസികള്‍ മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതിക പ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ് റാഹീം മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.