ക്ഷീര സംഗമം സമാപിച്ചു
Oct 25, 2011, 16:41 IST
കാസര്‍കോട്: കാസര്‍കോട് ക്ഷീര വികസന ബ്ലോക്കിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ കാറഡുക്ക ക്ഷീര സംഘത്തില്‍ സംഘടിപ്പിച്ച ക്ഷീര സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
ക്ഷീര സംഗമത്തോടൊപ്പം നടന്ന കന്നുകാലി പ്രദര്‍ശന മല്‍സരത്തില്‍ വിവിധ ജനുസ്സുകളില്‍പ്പെട്ട കറവ പശുക്കളുടെ പ്രദര്‍ശനം നടന്നു. കിടാരി വിഭാഗത്തിനും, കന്നുകുട്ടി വിഭാഗത്തിനും, കാസര്‍കോട് ഡ്വാര്‍ഫ് വിഭാഗത്തിനും പ്രതേ്യകം മല്‍സരം സംഘടിപ്പിച്ചു. കന്നുകാലി പ്രദര്‍ശനം കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുസുമ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സുജാത എസ് തന്ത്രി ആശംസ അര്‍പ്പിച്ചു.
തീറ്റപ്പുല്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ചടങ്ങില്‍ ധനസഹായം വിതരണം ചെയ്തു. നാടന്‍ പാട്ട്, ഡയറി ക്വിസ്സ്, സെമിനാര്‍ എന്നിവയും സംഗമത്തോടനുബന്ധിച്ച് നടന്നു. സെമിനാറില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ്ബ്, കെ വിജയന്‍, ജെയിന്‍ ജോര്‍ജ്, ഡോ.ശിവനായക് എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ ക്ഷീര സംഘം പ്രസിഡണ്ട് പി ഗോപിനാഥന്‍ സ്വാഗതവും, ക്ഷീര വികസന ഓഫീസര്‍ അഞ്ജു കുര്യന്‍ നന്ദിയും പറഞ്ഞു.