Controversy | കാസര്‍കോട്ടെ ഓടോറിക്ഷ ഡ്രൈവറുടെ മരണത്തില്‍ ആരോപണവിധേയനായ എസ്ഐ മറ്റൊരു റിക്ഷക്കാരനെ കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്
● തീര്‍ഥാടനത്തിനെത്തിയവര്‍ വാഹനത്തില്‍ അലമ്പുണ്ടാക്കി.
● ഡിവൈഎസ്പി ഇടപെട്ട് കേസില്ലെന്ന് അറിയിച്ചു.
● കൊലപുള്ളിയെ പിടികൂടുന്നത് പോലെ പെരുമാറി.
കാസര്‍കോട്: (KasargodVartha) നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറായ യഅ്ഖൂബ് അബ്ദുല്‍ അസീസിന്റെ മരണത്തില്‍ ആരോപണവിധേയനായ എസ്ഐ മറ്റൊരു ഓടോറിക്ഷ ഡ്രൈവറെ നിസാര പ്രശ്നത്തിന് കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ (Video) പുറത്ത്. കാസര്‍കോട് ജെനറല്‍ ആശുപത്രിക്കടുത്തുള്ള ഓടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറും ഉളിയത്തടുക്ക ഭാഗത്ത് താമസിക്കുന്നയാളുമായ നൗശാദിനെ (Noushad) എസ്ഐ അനൂബ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന നിസാര പ്രശ്നത്തിന്റെ പേരിലാണ് കൊലപുള്ളിയെ പിടികൂടുന്നത് പോലെ ഓടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ എസ്ഐ പെരുമാറിയതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
കോഴിക്കോട് നിന്നും തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് തീര്‍ഥാടനത്തിനെത്തിയ നാലു പുരുഷന്മാര് നൗശാദിന്റെ ഓടോറിക്ഷയില്‍ കയറിയിരുന്നു. ഓടോറിക്ഷ ഓടിച്ചു പോകുന്നതിനിടെ യാത്രക്കാരില്‍ ഒരാളുടെ കാല് പുറത്ത് ഇട്ടിരിക്കുന്നത് ഗ്ലാസിലൂടെ കണ്ട് കാല് അകത്തിടാന്‍ പറഞ്ഞിരുന്നുവെത്ര. എന്നാല്‍ യാത്രക്കാരന് അതിന് തയ്യാറായില്ല. മാത്രമല്ല ഞങ്ങള്‍ ഒരുപാട് ഓടോറിക്ഷയില്‍ കയറിയിരുന്നുവെന്നും ആര്‍ക്കും പ്രശ്നം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു യാത്രക്കാരന്റെ വാദം.
നഗരത്തില്‍ കാമറ ഉള്ളതാണെന്നും കാല് പുറത്തിട്ട് യാത്ര ചെയ്യുന്നത് കണ്ടാല്‍ പൊലീസ് പിഴയീടാക്കുമെന്നും പറഞ്ഞിട്ടും യാത്രക്കാരന് കാല് വാഹനത്തിന്റെ അകത്തിടാന്‍ തയ്യാറായില്ല. കാല് അകത്തിട്ട് പോകാന്‍ കഴിയില്ലെങ്കില്‍ വേറെ വണ്ടിയില്‍ പോയിക്കൊള്ളുവെന്ന് ഓടോറിക്ഷ ഡ്രൈവര്‍ പറഞ്ഞതോടെ യാത്രക്കാര്‍ തര്‍ക്കിച്ച് ഒടുവില്‍ കാസര്‍കോട് മാര്‍കറ്റിനടുത്ത് ഇറങ്ങി.
ഇതുവരെ യാത്ര ചെയ്തതിന് മിനിമം ചാര്‍ജായ 30 നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ വാക്ക് തര്‍ക്കം ഉണ്ടാവുകയും ആള്ക്കാര് കൂടുകയും ചെയ്തു. ഡ്രൈവറുടെ പക്ഷത്താണ് ന്യായം എന്നതുകണ്ട് കൂടി നിന്നവര്‍ കൂടി പറഞ്ഞതോടെ യാത്രക്കാര്‍ മിനിമം ചാര്‍ജ് നല്കി പോയി.
പിന്നീട് ഇവരുടെ പരാതിയില്‍ എസ്ഐ, നൗശാദിനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. നടന്ന കാര്യം മുഴുവന്‍ പറഞ്ഞിട്ടും നൗശാദിനെ കുറ്റക്കാരനാക്കി ഓടോറിക്ഷ കസ്റ്റഡിയിലെടുക്കുമെന്ന് പറയുകയും ചെയ്തു. ഓടോ സ്റ്റാന്‍ഡിലാണെന്ന് പറഞ്ഞതോടെ കൊണ്ടുവരാന്‍ ഡ്രൈവറോട് പറഞ്ഞു.
നൗശാദ് സ്റ്റാന്‍ഡില്‍ എത്തി അല്‍പ്പസമയം കഴിഞ്ഞിട്ടും കാണാതായതോടെ പിറകെ എത്തിയ എസ്ഐ ഡ്രൈവറെ കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. താന്‍ കൊലപാതകം ചെയ്യുകയോ കഞ്ചാവ് വില്ക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും പിന്നെ എന്ത് കുറ്റത്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്നും യുവാവ് വിളിച്ചു പറയുന്നുണ്ട്.
ഇതിനിടയില്‍ ഇതുവഴി വന്ന കാസര്‍കോട് ഡിവൈഎസ്പി ജീപ് നിര്‍ത്തി കാര്യം അന്വേഷിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ടിയു ഓടോ തൊഴിലാളി സംഘടനാ നേതാവ് മുഈനുദ്ദീൻ ഡിവൈഎസ്പിയെ നടന്ന കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതിന് ശേഷം തന്റെ ജീപില്‍ കയറാന്‍ നൗശാദിനോട് ആവശ്യപ്പെട്ടു. മുഈനുദ്ദീനോട് പിറകെ സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സ്റ്റേഷനിലെത്തിയ ശേഷം നൗശാദിനോട് കൂടി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഡിവൈഎസ്പി പിന്നീട് കേസൊന്നും ഇല്ലെന്ന് പറഞ്ഞ് പോകാന്‍ അനുവദിച്ചു. അതുകൊണ്ട് തന്നെ ഡ്രൈവര്‍മാരില്‍ ഒരാള്‍ എടുത്ത വീഡിയോ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം നിസാര പ്രശ്നത്തിന് ഇതേ എസ്ഐ വാഹനം കസ്റ്റഡിയിലെടുത്ത് അഞ്ച് ദിവസം പിടിച്ചു വെച്ചതിനെ തുടര്‍ന്ന് ഓടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ എന്ന 60കാരന് ജീവനൊടുക്കിയതോടെയാണ് വീഡിയോ പുറത്ത് വിട്ടത്.
#policebrutality #kerala #india #autodriver #justice #protest #humanrights
ഓടോ റിക്ഷ ഡ്രൈവറുടെ മരണം: എസ് ഐ മറ്റൊരു റിക്ഷക്കാരനെ കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ pic.twitter.com/0sKa6231WO
— Kasargod Vartha (@KasargodVartha) October 11, 2024