city-gold-ad-for-blogger
Aster MIMS 10/10/2023

ഇത് രതീഷ് മാസ്റ്റര്‍; കൊറോണക്കാലത്തും 120 വിദ്യാര്‍ത്ഥികളെ സാഹിത്യ ചര്‍ച്ചകളിലൂടെ സജീവമാക്കുന്ന അധ്യാപകന്‍

ചട്ടഞ്ചാല്‍:  (www.kasargodvartha.com 04.04.2020) ഇത് രതീഷ് പിലിക്കോട്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകന്‍. ലോകം നിശ്ചലമായ കൊറോണ ഭീതിയില്‍ നൂറ്റിയിരുപതോളം തന്റെ വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കി വാട്‌സ്ആപ്പ് ഓണ്‍ലൈന്‍ ഗ്രൂപ്പ് സാഹിത്യ വേദി രൂപീകരിച്ചു. കഴിഞ്ഞ നാല് ദിനങ്ങളായി ജില്ലയിലെ പലയിടങ്ങളിലുള്ള കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച കഥയും, കവിതയും, നോവലും വായിക്കുന്ന തിരക്കിലാണ്.
ഇത് രതീഷ് മാസ്റ്റര്‍; കൊറോണക്കാലത്തും 120 വിദ്യാര്‍ത്ഥികളെ സാഹിത്യ ചര്‍ച്ചകളിലൂടെ സജീവമാക്കുന്ന അധ്യാപകന്‍
എല്ലാ ദിവസവും രാവിലെ സാഹിത്യ ചര്‍ച്ചയില്‍ അവതരിപ്പിക്കുന്ന കൃതിയുടെ കോപ്പി ഗ്രൂപ്പില്‍ നല്‍കും.
വൈകുന്നേരം നാല് മുതല്‍ ആറ് വരെ കുട്ടികള്‍ക്ക് അവരുടെ വായനാനുഭവം പങ്കുവെക്കാം. ഒപ്പം ആ കൃതിയുടെ ഗ്രന്ഥകര്‍ത്താവും ചേരും. കൃതികളെ വിലയിരുത്താന്‍, ഒരു അതിഥിയെക്കൂടി ഗ്രൂപ്പില്‍ പങ്കെടുപ്പിക്കും.

ആദ്യദിവസം വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനമായിരുന്നു. എ വി സന്തോഷ് കുമാര്‍ അവതരണത്തിന് നേതൃത്വം നല്‍കി. രണ്ടാം ദിനം ബിരിയാണി കഥാചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം തന്നെ ഗ്രൂപ്പിലെത്തി. കെ വി സജീവന്‍, കെ വി മണികണ്ഠദാസ്, പി മുരളീധരന്‍, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ തുടങ്ങിയവര്‍ കഥാ വായനയ്ക്ക് നേതൃത്വം നല്‍കി.

മുന്നാംദിവസം കഥാവായനയില്‍ സുറാബിന്റെ മങ്ങലാപുരം കോയമ്പത്തൂര്‍ പാസഞ്ചറായിരുന്നു. ഡോ. ജിനേഷ്‌കുമാര്‍ എരമം, കെ മോഹനന്‍ എന്നിവര്‍ കഥാചര്‍ച്ചയില്‍ അതിഥികളായി. നാലാം ദിവസം ചര്‍ച്ചയ്ക്ക് എ വി സന്തോഷ് കുമാറിന്റെ ചക്കര എന്ന കവിതയാണ് തെരെഞ്ഞെടുത്തത്. ഇ പി രാജഗോപാലന്‍ കവിത ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ശനിയാഴ്ച അഞ്ചാം ദിനം മാധവിക്കുട്ടിയുടെ കോലാട് എന്ന കഥയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കവി ഗോപീകൃഷ്ണന്‍ അവതരിപ്പിക്കും. രാഘവന്‍ ബെള്ളിപ്പാടി, ഡോ. വിനോദ് കുമാര്‍ പെരുമ്പള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഞായറാഴ്ച അന്തരിച്ച യുവകഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ എന്റെ മകള്‍ വയസ് നാല് എന്ന കഥയാണ് സാഹിത്യ ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളായ പി. അഭിജിത്ത്, സഞ്ജയ് പി, അനീറ്റസ് ചാക്കോ, അഞ്ചല്‍ ബാബു, അഞ്ജലി എം, നജ്‌ല മറിയം, നവ്യ പി, മാളവിക എ, ദേവിക, ശ്രീകൃതി, നിധിന അശോകന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്നു.

വിശ്രമമറിയാതെ രതീഷ് മാഷ് യാത്ര തുടരുകയണ്. രാത്രിയും, പകലും ഒരു പോലെയാണ് മാഷിന്. ഒരു മലയാളം അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്ന് പ്രവര്‍ത്തനം കൊണ്ട് കാണിച്ചുതരുന്നു. നീണ്ട പതിനഞ്ച് വര്‍ഷമായി സ്‌കൂളില്‍ നടത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മാഷിന്റെ ഇടപ്പെടല്‍ തന്നെ തെളിവ്.

ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം വിദ്യാര്‍ത്ഥികള്‍ എഡിറ്ററായി തയ്യാറാക്കി വരുന്ന മാസികകള്‍ ഇതിനകം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാതൃകയായിട്ടുണ്ട്, റീല്‍, ഉറവ്, പയമ, അക്ഷരം, പാസ് വേഡ്, കന്നല്‍, കൂച്ച് തുടങ്ങി പല പേരുകളില്‍ ഇതിനകം പുസ്തകങ്ങളിറക്കി. ഇതോടൊപ്പം തന്റെ പ്രിയ വിദ്യാര്‍ത്ഥി ശരത് രാഘവന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം ദ ലാസ്റ്റ് പെറ്റല്‍, പ്രസിദ്ധീകരിക്കാനും മാഷ് മുന്‍കൈ എടുത്തു.

ഇപ്പോഴിതാ അധ്യാപനത്തോടൊപ്പം, സാമൂഹ്യ പ്രവര്‍ത്തനവും, ജീവ കാരുണ്യ പ്രവര്‍ത്തനവും നടത്തുന്ന രതീഷ് പിലിക്കോട് എന്ന അധ്യാപകന്‍ തന്റെ പ്രിയപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വീട് വെച്ച് കൊടുക്കുന്നതിലും നേതൃത്വം നല്‍കി. തന്റെ വീട്ടിലും മികച്ച ഗ്രന്ഥാലയം മാഷിനുണ്ട്. നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫിസറായ വര്‍ഷം തരിശ് പാടത്ത് നടത്തിയ നെല്‍ കൃഷിയും ഏറെ  ശ്രദ്ധേയമായിരുന്നു.


Keywords: Chattanchal, Kasaragod, News, Kerala, Teacher, Corona, Student, Whatsapp, Novel,This is Ratheesh Master

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL