Development | കാസർകോട് നഗരത്തിന് തിലകക്കുറിയാവാൻ ഒറ്റത്തൂൺ മേൽപാലം; പ്രവൃത്തികൾ ഭൂരിഭാഗവും പിന്നിട്ടു; ദക്ഷിണേന്ത്യയുടെ പുതിയ അഭിമാനം
● ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ പാലമാണ്.
● 1.12 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയും
● കാസർകോടിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ
കാസർകോട്: (KasargodVartha) ദേശീയപാത 66ന്റെ വികസനത്തിൽ കാസർകോടിന് തിളക്കമാർന്ന ഒരു അധ്യായം കൂടി ചേർത്തുകൊണ്ട് നഗരത്തിൽ വരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലത്തിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. തലപ്പാടി-ചെങ്കള പാതയിലെ ഈ മേൽപാലം കാസർകോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.12 കിലോമീറ്റർ ദൂരവും 27 മീറ്റർ വീതിയുമുള്ള ഈ പാലം 30 ഒറ്റത്തൂണുകളിലായാണ് നിർമിക്കുന്നത്. നാലു മുതൽ ഒമ്പതു മീറ്റർ വരെ ഉയരമുള്ള ഈ തൂണുകൾക്കിടയിൽ 27 സ്പാനുകളാണുള്ളത്. കറന്തക്കാട് അഗ്നിരക്ഷാസേന ഓഫീസ് മുതൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം വരെ 1.12 കിലോമീറ്റർ നീളത്തിലാണ് ഈ പാലം വ്യാപിച്ചുകിടക്കുന്നത്.
കുതിച്ചുയരാൻ വെമ്പുന്ന പക്ഷിയുടെ മാതൃകയിലാണ് തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യന്റെ തോളിനും നട്ടെല്ലിനും സമാനമായ നിർമാണരീതിയാണിത്. ആധുനിക നഗര സൗന്ദര്യത്തിന് മാതൃകയായി ഇത്തരം പാലങ്ങൾ വിലയിരുത്തപ്പെടുന്നു. പാലത്തിന്റെ അടിയിൽ കൂടുതൽ സ്ഥലം ലഭ്യമാകുന്നത് ഇതിന്റെ പ്രധാന നേട്ടമാണ്.
സാധാരണ നിർമിക്കുന്ന രണ്ട് തൂണുകളുടെതിനേക്കാൾ ചുറ്റളവിലാണ് ഒറ്റത്തൂൺ നിർമ്മിച്ചിരിക്കുന്നത്. ചിലവാകുന്ന തുകയിൽ വലിയ വ്യത്യാസമില്ലെങ്കിലും നഗരത്തിന് ആകർഷകവും കൂടുതൽ സ്ഥലസൗകര്യവും ഇതിലൂടെ ലഭ്യമാകും.
ദക്ഷിണേന്ത്യയിൽ വിശാഖപട്ടണം, മൈസൂരു - ബംഗളൂരു ദേശീയപാത എന്നിവിടങ്ങളിലാണ് വലിയ ഒറ്റത്തൂൺ മേൽപ്പാലങ്ങളുള്ളത്. ഇവിടെ പരമാവധി വീതി 26.5 മീറ്റർവരെയാണ്. എന്നാൽ കാസർകോട്ടെ മേൽപാലം 27 മീറ്റർ വീതിയുള്ളതാണ്.
പുതിയ മേൽപാലം കാസർകോടിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുക മാത്രമല്ല, ജില്ലയുടെ വികസനത്തിനും ഒരു ഉത്തേജകമായിരിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലമെന്ന നിലയിൽ ഇത് കേരളത്തിന്റെ അഭിമാനം കൂടിയാണ്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് തലപ്പാടി-ചെങ്കള റീച് കരാർ ഏറ്റെടുത്തിട്ടുള്ളത്. 39 കിലോ മീറ്റർ ദൂരമാണ് ആദ്യ റീചിലുള്ളത്. 1704 കോടി രൂപയാണ് ചിലവ്. ഈ റീചിലെ ഭൂരിഭാഗം ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 210 മീറ്ററുള്ള ഉപ്പള മേൽപ്പാലത്തിൻ്റെ നിർമാണവും തുടരുന്നു. 2024 അവസാനം വരെയാണ് വികസന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള സമയം. അതിന് മുമ്പായി തന്നെ ഈ റീചിലെ ജോലികൾ എല്ലാം പൂർത്തിയാക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാനത്ത് അതിവേഗ റോഡ് യാത്ര ഒരുക്കുന്ന ദേശീയപാത 66 നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത വർഷം പകുതിയോടെ തന്നെ കാസർകോട് - തിരുവനന്തപുരം ആറുവരിപ്പാതയിലൂടെ വാഹനങ്ങൾക്ക് ചീറിപ്പായാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ.
#Kasaragod #flyover #Kerala #infrastructure #development #India #singlepillarbridge